25 July Sunday

കടലോളം ഒഴുകണം കാരുണ്യം; മിതാൻഷിന്റെ ചികിത്സയ്‌ക്ക്‌ വേണ്ടത്‌ 18 കോടി

അനീഷ്‌ ബാലൻUpdated: Sunday Jul 25, 2021

മിതാൻഷ്‌

മംഗളൂരു > ലോകമെമ്പാടുമുള്ള മലയാളികളെ കണ്ണീരണിയിച്ച്‌ മരണത്തിലേക്ക്‌ മറഞ്ഞ മങ്കടയിലെ കുഞ്ഞ്‌ ഇമ്രാനെപ്പോലെ ഉഡുപ്പിയിലെ ആശുപത്രിക്കിടക്കയിൽ മിതാൻഷ്‌ കാരുണ്യത്തിന്റെ കരങ്ങളെ കാത്തുകിടക്കുകയാണ്‌. ദേശാതിർത്തികൾ ഭേദിച്ച്‌ ഇമ്രാനും കണ്ണൂർ മാട്ടൂലിലെ മുഹമ്മദിനുമായി കാരുണ്യം ചൊരിഞ്ഞ അനേകം മനുഷ്യരെപ്പോലെ മിതാൻഷിനായും കടലോളം കാരുണ്യം ഒഴുകുമെന്ന്‌ അവന്റെ അച്ഛനമ്മമാർ ആശിക്കുന്നുണ്ട്‌. തുകയുടെ വലുപ്പം ഊഹിച്ചെടുക്കാൻ പോലുമാവാത്ത തങ്ങളാൽ മറ്റെന്ത്‌ ചെയ്യാൻ കഴിയുമെന്ന്‌ വിലപിക്കുകയാണവർ.
 
ഉഡുപ്പി ബൽമണിലെ ഇലക്‌ട്രീഷ്യനായ സന്ദീപിന്‌ ഫെബ്രുവരിയിലാണ്‌ കുഞ്ഞ്‌ ജനിച്ചത്‌. കഴിഞ്ഞ ദിവസം കടുത്ത ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന്‌ ഉഡുപ്പി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. മണിപ്പാൽ കെഎംസി ആശുപത്രിയിൽ നടത്തിയ ജനിതക പരിശോധനയിൽ കുഞ്ഞിന്‌ മാരകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി(എസ്‌എംഎ) ടൈപ്പ്‌ 1  സ്ഥിരീകരിച്ചതായി ശിശുരോഗ വിദഗ്‌ധ ഡോ. ശ്വേത ഷാൻബാഗ്‌  പറയുന്നു. ചികിത്സയ്‌ക്ക്‌ 16 മുതൽ 18 കോടി വരെ ചെലവുവരും. ലോക്‌ഡൗണിൽ തൊഴിൽപോലുമില്ലാതായ സന്ദീപ്‌ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി കേഴുകയാണ്‌. കേരളത്തിലേതിന്‌ സമാനമായി സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ കുടുംബം. എന്നാൽ, ശനിയാഴ്‌ച വരെ 35 ലക്ഷം രൂപ മാത്രമാണ്‌ ലഭിച്ചതെന്ന്‌ സന്ദീപ്‌ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.
 
ഇമ്രാന്റെ ചികിത്സയ്‌ക്കായി ലഭിച്ച തുക  അപൂർവ രോഗം ബാധിച്ച മറ്റ്‌ കുട്ടികളുടെ ചികിത്സയ്‌ക്ക്‌  ഉപയോഗപ്പെടുത്താനാവില്ലേ എന്ന്‌ കഴിഞ്ഞദിവസം കേരള ഹൈക്കോടതി ആരാഞ്ഞിരുന്നു.  ഇക്കാര്യത്തിൽ ജനപ്രതിനിധികളും രാഷ്‌ട്രീയ പാർടി പ്രതിനിധികളും ഉൾപ്പെട്ട ചികിത്സാസഹായ കമ്മിറ്റിയുടെ നിലപാട്‌ നിർണായകമാണ്‌.  തീരാദുഃഖത്തിലായ നിർധന കുടുംബം ഉറ്റുനോക്കുന്നത്‌ കേരളത്തെയാണ്‌. മിതാൻഷ്‌ ചികിത്സാ സഹായം അയക്കേണ്ട അക്കൗണ്ട്‌ നമ്പർ: 700701717162983. IFSC കോഡ്‌: YESB0CMSNOC.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top