25 July Sunday

ഇതുതാൻ ഇ ഡി: വാർത്തയിൽ കേസ്‌; കുഴലിൽ മൗനം

സ്വന്തം ലേഖകൻUpdated: Sunday Jul 25, 2021

തിരുവനന്തപുരം > കരുവന്നൂരിൽ ചാടിവീണ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കൊടകരയിലേക്ക്‌ തിരിഞ്ഞു നോക്കിയില്ല. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ്‌ ഇഡി കരുവന്നൂർ സഹകരണ ബാങ്ക്‌ തട്ടിപ്പിൽ അന്വേഷണത്തിനിറങ്ങിയത്‌. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‌ പങ്കുള്ള കുഴൽപ്പണക്കടത്ത്‌ കേസിൽ പൊലീസ്‌ റിപ്പോർട്ട്‌ കൊടുത്തിട്ടും ഇഡി കണ്ടഭാവം നടിക്കുന്നില്ല. തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ലക്ഷ്യമിട്ട്‌ സുരേന്ദ്രൻ അറിഞ്ഞ്‌ കള്ളപ്പണം കടത്തിയെന്ന ഗുരുതര ആരോപണമാണുള്ളത്‌. ഇതിനുനേരെയാണ്‌ കേന്ദ്ര ഏജൻസികൾ മനപ്പൂർവം കണ്ണടയ്‌ക്കുന്നത്‌. കരുവന്നൂരിലാകട്ടെ സംസ്ഥാനംതന്നെ ശക്തമായ നടപടി എടുത്തിട്ടുമുണ്ട്‌. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ ഇഡിയുടെ  പക്ഷപാതിത്വം ഇതുവഴി കൂടുതൽ വ്യക്തമായി.

കൊടകരയിൽ കുഴൽപ്പണം തട്ടിയെടുത്ത സംഭവത്തിലെ കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം കോടതിയിൽ നൽകിയിട്ടുണ്ട്‌. തട്ടിയെടുത്ത കുഴൽപ്പണത്തിന്റെ സ്രോതസ്സ്‌ അന്വേഷിച്ചപ്പോഴാണ്‌ കേരളത്തിന്‌ പുറത്തേക്കും ബിജെപിയുടെ ഉന്നത നേതാക്കളിലേക്കും നീങ്ങിയത്‌. ധർമരാജൻ പല പ്രാവശ്യം കള്ളപ്പണം കൊണ്ടുവന്നെന്നും ഈ ഘട്ടത്തിലെല്ലാം കെ സുരേന്ദ്രനടക്കം ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമാണ്‌. കേരളത്തിൽ വിതരണംചെയ്യാൻ കൊണ്ടുവന്ന പണമാണെന്ന്‌ ധർമരാജന്റെയും ബിജെപി ആലപ്പുഴ ട്രഷറർ കർത്തായുടെയും മൊഴികളുമുണ്ട്‌.

കർണാടകത്തിൽനിന്നാണ്‌ പണമെത്തിച്ചതെന്നതിന്‌ തെളിവുണ്ടെങ്കിലും ആര്‌ കൊടുത്തു, എത്ര കൊടുത്തു എന്നീ കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ട്‌. പലപ്രാവശ്യമായി 400 കോടി രൂപ കൊടുത്തുവിട്ടുവെന്നാണ്‌ പറയുന്നത്‌. ഇങ്ങനെ കൊണ്ടുവന്ന പണം ഒരു തവണ തമിഴ്‌നാട്ടിൽവച്ചും കൊള്ളയടിക്കപ്പെട്ട വാർത്തകളും വന്നു. ഇക്കാര്യങ്ങളാകെ അന്വേഷിക്കേണ്ടത്‌ കേരള പൊലീസല്ല,  കേന്ദ്ര ഏജൻസികളാണ്‌. കേരള പൊലീസ്‌ കോടതിയിലടക്കം ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്‌.

കുഴൽപ്പണം തട്ടിക്കൊണ്ടുപോയതിൽ സുരേന്ദ്രൻ നേരിട്ട്‌ പങ്കെടുത്തെന്ന്‌ ആരും പറഞ്ഞിട്ടില്ല. എന്നിട്ടും കെ സുരേന്ദ്രനടക്കം ബിജെപി നേതാക്കൾ  തെറ്റിദ്ധരിപ്പിക്കുന്നത്‌ സാക്ഷി മാത്രമാണെന്നും തന്നെ ഒന്നും ചെയ്യാനാകില്ലെന്നുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top