25 July Sunday

VIDEO - ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും ബല്‍റാമും സംഘവും; ചോദ്യം ചെയ്ത യുവാവിന് മര്‍ദനം

സ്വന്തം ലേഖകന്‍Updated: Sunday Jul 25, 2021

പാലക്കാട് > കോവിഡ് വ്യാപനം രൂക്ഷമായ പാലക്കാട്ട് ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന രമ്യ ഹരിദാസ് എംപിയെയും  മുന്‍ എംഎല്‍എ വി ടി ബാലറാമിനെയും ചോദ്യം ചെയ്ത യുവാവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. പരിക്കേറ്റ യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ആലത്തൂര്‍ മണ്ഡലം  യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപിന്റെ നേതൃത്വത്തിലായിരുന്നൂ മര്‍ദനം. തുടര്‍ന്ന് വധഭീഷണിയും മുഴക്കി. യുവാവെടുത്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്‌.

ഞായറാഴ്ച പകലാണ് സംഭവം. സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യഹരിദാസും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുകയായിരുന്നു. സാമൂഹ്യഅകലം പാലിക്കാതെ കൂട്ടംചേര്‍ന്നിരുന്ന സംഘത്തിലെ ആരും മാസ്‌കും ധരിച്ചിരുന്നില്ല. സംഭവം ശ്രദ്ധയില്‍പെട്ട ഭക്ഷണവിതരണക്കാരനായ യുവാവ് എംപിയോട് കാര്യം തിരക്കി. താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യഹരിദാസ് മറുപടി നല്‍കി. പാര്‍സലെടുക്കേണ്ടവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരികെ ചോദിച്ചു. കുടുങ്ങിയെന്ന മനസിലായ രമ്യഹരിദാസ് യുവാവിനൊപ്പം പുറത്തേക്ക് നീങ്ങി.

ഇതോടെ പാളയം പ്രദീപും സംഘവും പുറത്തെത്തി യുവാവിനെയും സുഹൃത്തിനെയും മര്‍ദിച്ചു. ഫോണ്‍ പിടിച്ചുവാങ്ങാനും  ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണിമുഴക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top