25 July Sunday

പരീക്ഷാചൂടിലാണ്‌ അമ്മായിയമ്മയും മരുമകളും

പി എ സജീഷ്Updated: Sunday Jul 25, 2021

വാസന്തിയും മരുമകള്‍ ജയശ്രീയും പഠനത്തിനിടെ

പൊന്നാനി > മരുമകൾ ജയശ്രീക്കൊപ്പം ഹയർ സെക്കൻഡറി പരീക്ഷ എഴുതാനുള്ള ഒരുക്കത്തിലാണ് അറുപതുകാരി  വാസന്തി. പൊന്നാനി നെയ്‌തല്ലൂർ സ്വദേശിനി പൊന്നാട്ടിൽ വാസന്തിയാണ്‌ ഓൺലൈൻ പഠനത്തിലൂടെ മരുമകൾ ജയശ്രീയുടെ ഒപ്പം തിങ്കളാഴ്‌ച തുടങ്ങുന്ന ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്നത്‌. തിരൂർ ഗവ. ബോയ്‌സ് സ്‌കൂളിലാണ് പരീക്ഷ. വാസന്തി ഹയർ സെക്കൻഡറി ഒന്നാം വർഷവും ജയശ്രീ രണ്ടാം വർഷവുമാണ്. 

വിവാഹത്തോടെ പഠനം നിർത്തേണ്ടിവന്ന വാസന്തിയെ തുടർന്ന് പഠിപ്പിക്കണമെന്ന ഭർത്താവിന്റെ ആഗ്രഹമാണ് തുല്യതാ പഠനത്തിന് വഴിയൊരുക്കിയത്. അർബുദരോഗത്തെ തുടർന്ന് ഭർത്താവ് ചികിത്സയിലിരിക്കെ കൂട്ടിന് ആളെ നിർത്തിയാണ് പ്രയാസങ്ങൾക്കിടയിലും പത്താംതരം പരീക്ഷ പൂർത്തിയാക്കിയത്. എന്നാൽ വാസന്തിയുടെ  വിജയം കാണാൻ കാത്തുനിൽക്കാതെ ഭർത്താവ് മരണത്തിന് കീഴടങ്ങി. വീടിന് സമീപത്ത് സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്നു ഇവർ.
 
ഭർത്താവിന്റെ  മരണത്തോടെ സൂപ്പർ മാർക്കറ്റിന്റെ നടത്തിപ്പ് വാസന്തി ഏറ്റെടുത്തു. സഹായത്തിന് മകനും. കച്ചവട തിരക്കിനിടയിലും പഠനം കൈവിട്ടില്ല. സാക്ഷരതാ പ്രേരക് ടി ഷീജയുടെ പിന്തുണ കൂടിയായപ്പോൾ മരുമകൾക്കൊപ്പം പഠനത്തിൽ സജീവമായി. എവി ഹൈസ്‌കൂളിലെ പഠനകേന്ദ്രത്തിൽ അമ്മയും മരുമകളും ഒരുമിച്ചായിരുന്നു എത്തിയിരുന്നത്. പഠനം ഓൺലൈനിലായതോടെ ഇരുവരും വീട്ടിനകത്തായി. പത്തുവർഷം മുമ്പ്  പിടികൂടിയ അർബുദരോഗത്തെ മനക്കരുത്തുകൊണ്ട് നേരിട്ടാണ് വാസന്തി വിജയംനേടിയത്‌. ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന 165 പേരിൽ ഭൂരിഭാഗവും 45 വയസിന് മുകളിലുള്ളവരാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top