23 July Friday

കെഎസ്ആർടിസിയുടെ "ഷോപ്പ് ഓൺ വീൽസ്' പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021

കൊച്ചി > കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന  ഷോപ്പ് ഓൺ വീൽസ് പദ്ധതിക്ക് തുടക്കമായി. കൊച്ചി ബോട്ട് ജെട്ടിക്ക് സമീപം ഇതിനായി സ്ഥാപിച്ച കെഎസ്ആർടിസിയുടെ പ്രത്യേക ഷോപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്‌തു. കെഎസ്ആർടിസിയും സ്മാർട്ട് സിറ്റിയും കൈകോർത്ത് മികച്ച സംവിധാനം ഒരുക്കും. പൊതു ഗതാഗത സംവിധാനത്തിലൂടെ ലാഭം ഉണ്ടാക്കൽ അല്ല ജനങ്ങൾക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം. ടിക്കറ്റേതര വരുമാനം വർദ്ധിപ്പിച്ച് മറ്റ് ചിലവുകൾ കുറച്ചുമാണ് കെഎസ്ആർടിസിയെ രക്ഷിക്കാൻ ശ്രമിക്കുന്നത്. ജലഗതാഗതത്തിന്റെ അനന്തമായ സാധ്യതകൾകൂടി വർദ്ധിപ്പിക്കാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

സര്‍വ്വീസ് യോഗ്യമല്ലാത്ത പഴയ ബസ്സുകള്‍ പുനരുപയോഗ സാധ്യത പ്രയോജനപ്പെടുത്തകയാണ് കെഎസ്ആർടിസി ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.  ഇതുവഴി കോര്‍‌പ്പറേഷൻ മുതൽ മുടക്കില്ലാതെ വരുമാനം സാധ്യമാകുകയും ചെയ്യുന്നു. മിൽമയുടെ സഹകരണ ത്തോടുകൂടി മിൽമ പാർലറുകൾ,  കുടുംബശ്രീയുമായി ചേർന്ന്  പിങ്ക് കഫേ, മൂന്നാറില്‍ അഞ്ച് ബസ് ലോഡ്ജുകള്‍ എന്നിവ ഇതിന്റെ ഭാഗമായി ഇതിനോടകം തന്നെ നടപ്പിലാക്കി കഴിഞ്ഞു.

കെഎസ്ആര്‍ടിസിയും ഭാരതത്തിലെ പൊതു മേഖലാ എണ്ണ കമ്പനികളുമായി സംയുക്തമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇത്തരം ലൂബ് ഷോപ്പുകള്‍ കെഎസ്ആര്‍ടിസിയ്‌ക്ക് അധിക വരുമാനം എന്നതിലുപരി പൊതുജനങ്ങൾക്ക് കലർപ്പില്ലാത്ത മേൽത്തരം ഓയില്‍, ഗ്രീസ് തുടങ്ങിയ ലൂബ്രിക്കന്റസ്, വിലക്കിഴി വോടുകൂടിയും മറ്റ് ഓഫറുകളോടുകൂടിയും ലഭ്യമാകും.  ഇതിനായി കെഎസ്ആര്‍ടിസി ഉപയോഗയോഗ്യമല്ലാത്ത ബസ്സുകള്‍ സ്വന്തം വര്‍‌ക്‌ഷോപ്പുകളില്‍ രൂപമാറ്റം വരുത്തിയാണ് ലൂബ് ഷോപ്പുകളായി  മാറ്റുന്നത്.  തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഈ ബസുകൾ  സ്ഥാപിക്കുകയും ഇതിന്റെ അനുബന്ധ നിർമ്മാണ ജോലികള്‍ ഓയില്‍ കമ്പനികള്‍ നേരിട്ട് നടത്തി ലൂബ് ഷോപ്പുകളാക്കി മാറ്റുന്നതും, ഇരുചക്ര വാഹനങ്ങൾ എഞ്ചിൻ  ഓയില്‍ സർവ്വീസ് ചാര്‍‍ജ്ജില്ലാതെ മാറ്റികൊടുക്കുന്നതിനുളള സൗകര്യങ്ങളും  ആധുനിക സംവിധാനങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.

ഈ ഷോപ്പുകളിൽ പ്രവർത്തിക്കുന്നതിനായി കെഎസ്ആര്‍ടിസിയിലെ മെക്കാനിക്കല്‍ വിഭാഗത്തില്‍ നിലവില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാരില്‍ നിന്ന് താല്‍‌പര്യം പ്രകടിപ്പിച്ചവരെയാണ്  നിയോഗിച്ചിരിക്കുന്നത്. ഈ ഷോപ്പില്‍ നിന്ന് കൂടുതല്‍ ഉപയോഗത്തിലുളള ഇരുപതോളം ലൂബ്രിക്കന്റുകളുടെ ശ്രേണി ഉപഭോക്താക്കള്‍‌ക്ക് നേരിട്ട് ലഭ്യമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top