കോട്ടയം > കടലില്ലെങ്കിലും തുറമുഖം സൃഷ്ടിച്ച കോട്ടയത്തിന് ലോകത്തെ പ്രധാന രാജ്യങ്ങളുമായെല്ലാം ഇപ്പോൾ ബന്ധമുണ്ട്. ചരക്കുനീക്കത്തിൽ വളർച്ചയുടെ പടവുകൾ താണ്ടുന്ന കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്നർ ടെർമിനലാണ് രാജ്യാന്തര ബന്ധങ്ങളുടെ മുഖ്യകണ്ണി.
ആദ്യം കിതച്ചെങ്കിലും ഇപ്പോൾ കുതിപ്പിന്റെ പാതയിലാണ് തുറമുഖം. ഇതുവരെ 16,344 കണ്ടെയ്‌നറുകൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചു. നേടിയത് 163 കോടി രൂപയുടെ വിദേശനാണ്യം. രണ്ടുകോടി രൂപ പ്രതിവർഷം കസ്‌റ്റംസിനും ലഭിക്കുന്നു.
കോട്ടയത്തിന്റെ തനതായ റബറധിഷ്‌ടിത ഉൽപന്നങ്ങളാണ് കയറ്റുമതിയിൽ മുന്നിൽ. അരി, സുഗന്ധവ്യഞ്‌ജനങ്ങൾ, ഗോതമ്പ്-അരിപ്പൊടികൾ, ലിഫ്‌റ്റ് നിർമാണ സാമഗ്രികൾ തുടങ്ങിയവയും കയറ്റുമതി ചെയ്‌ത സാധനങ്ങളാണ്.
ജൂണിൽ 396 കണ്ടെയ്‌നറുകളും മെയിൽ 200ഉം കയറ്റിവിട്ടു. അമേരിക്ക, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, ദുബൈ, ഇതര ഗൾഫ് നാടുകൾ എന്നിവിടങ്ങളിലേക്കാണ് കൂടുതലായും ചരക്കുകൾ അയച്ചത്. റഷ്യയിൽനിന്ന് പത്രക്കടലാസും ജർമനിയിൽനിന്ന് പിവിസി പൈപ്പ് നിർമാണ രാസവസ്‌തുക്കളും മെഡിക്കൽ ഉപകരണങ്ങളും കോട്ടയം തുറമുഖംവഴി ഇറക്കുമതി ചെയ്യുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽനിന്നുള്ള ചരക്കുകളാണ് കൂടുതലും ഇവിടെയെത്തുന്നത്. കൊച്ചി വല്ലാർപാടം രാജ്യാന്തര തുറമുഖം വഴിയാണ് കോട്ടയത്തുനിന്നുള്ള ചരക്കുകളുടെ കയറ്റുമതിയും ഇറക്കുമതിയും.
കരയിലൂടെ മാത്രമാണ് കണ്ടെയ്‌നറുകൾ എത്തിക്കുന്നത്. ഉൾനാടൻ ജലഗതാഗതത്തിലൂടെയുള്ള ചരക്കുനീക്കത്തിന് കസ്‌റ്റംസിന്റെ അനുമതി വേണം. താമസിയാതെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ. ജലഗതാഗത്തെ ആശ്രയിച്ചാൽ റോഡ് മാർഗമുള്ളതിനേക്കാൾ 20-30 ശതമാനം ചെലവുകുറയുമെന്ന് പോർട്ട് മാനേജിങ് ഡയറക്ടർ എബ്രഹാം വർഗീസ് പറഞ്ഞു. വലിയ കണ്ടെയ്‌നർ ലോറികൾ സഞ്ചരിക്കുമ്പോഴുള്ള ഗതാഗതക്കുരുക്ക്, കാർബൺ മാലിന്യം, ഗ്യാസ്, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവ കൊണ്ടുവരുമ്പോഴുള്ള അപകടം എന്നിവയും ഇല്ലാതാക്കാൻ കഴിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..