22 July Thursday
പതിനൊന്നായിരത്തോളം താരങ്ങൾ ; ശക്തമായ കോവിഡ് ചട്ടങ്ങൾ

ടോക്യോ 
നാളെ 
മിഴിതുറക്കും ; ഉദ്ഘാടനച്ചടങ്ങുകൾ ആഘോഷമില്ലാതെ

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

ടോക്യോ
കോവിഡ്‌ കാലത്തെ ഒളിമ്പിക്‌സിന്‌ ഇനി ഒരുനാൾ. ഒരുമയെന്ന ആശയത്തിലാണ്‌ ഈ മേള. രണ്ടുവർഷമായി ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയെ അതിജീവിച്ചാണ്‌ ടോക്യോയിൽ കായികലോകം ഒന്നിക്കുന്നത്‌. നാളെ നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങുകൾക്ക്‌ ആഘോഷമില്ല. എല്ലാം പേരിനുമാത്രം.  ഒരു ടീമിലെ ആറ്‌ ഒഫീഷ്യൽസിനും കുറച്ച്‌ കായികതാരങ്ങൾക്കും മാത്രമാകും  മാർച്ച്‌ പാസ്‌റ്റിൽ അണിനിരക്കാനാവുക. പിറ്റേദിവസം മത്സരത്തിനിറങ്ങുന്ന കായികതാരങ്ങളെ അനുവദിക്കില്ല.

പതിനൊന്നായിരത്തിൽപ്പരം കായികതാരങ്ങളാണുള്ളത്‌. ഒഫീഷ്യൽസുംകൂടിയാകുമ്പോൾ എണ്ണം ഇരുപതിനായിരം കവിയും. ഈ സാഹചര്യത്തിലാണ്‌ എണ്ണം കുറച്ചത്‌. പരമാവധി ആയിരംപേരായിരിക്കും ഉദ്‌ഘാടനച്ചടങ്ങുകളിൽ പങ്കെടുക്കുക. കാണികൾക്കും പ്രവേശനമില്ല. ടോക്യോയിലെ നാഷണൽ സ്‌റ്റേഡിയത്തിലാണ്‌ ചടങ്ങുകൾ. ഇതിനിടെ ടോക്യോയിൽ കോവിഡ്‌ കേസുകൾ കൂടുന്നത്‌ ആശങ്കയായി തുടരുന്നു. വൈറസിനൊപ്പമുള്ള മേളയായിരിക്കുമെന്നാണ്‌ മുന്നറിയിപ്പ്‌.

പതിനേഴു ദിവസങ്ങൾ നീളുന്ന മേളയിൽ പുതിയ താരോദയങ്ങൾക്കുള്ള കാത്തിരിപ്പാണ്‌. ട്രാക്കിൽ യുസൈൻ ബോൾട്ടിനും നീന്തൽക്കുളത്തിൽ മൈക്കേൽ ഫെൽപ്‌സിനും പിൻഗാമികളെ തേടുന്നു. കോവിഡ്‌ കാരണം നിരവധി താരങ്ങൾ പിന്മാറിയിട്ടുണ്ട്‌. മേളയുടെ 32–-ാംപതിപ്പാണ്‌ ടോക്യോയിൽ.

ജാപ്പനീസ്‌ ചക്രവർത്തി കളിച്ചെപ്പ്‌ തുറക്കും
ഒളിമ്പിക്‌സ്‌ ഉദ്‌ഘാടനച്ചടങ്ങിൽ 15  രാജ്യങ്ങളിലെ  നേതാക്കൾ പങ്കെടുക്കും. ജപ്പാനിലെ പ്രധാന നേതാക്കളും ഉണ്ടാകും. ജപ്പാൻ ചക്രവർത്തി നാറുഹിറ്റോ ആയിരിക്കും മേള ഉദ്‌ഘാടനം ചെയ്യുക. കോവിഡിന്റെ സാഹചര്യത്തിൽ നാറുഹിറ്റോ ചടങ്ങിനെത്തുമോയെന്ന്‌ അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള ലോക നേതാക്കളാണ്‌ ടോക്യോയിൽ എത്തുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top