21 July Wednesday

ബിജെപി കോഴപ്പണ കേസ്‌; വയനാട്‌ ജില്ലാ പ്രസിഡന്റിനെ ക്രൈംബ്രാഞ്ച്‌ ചോദ്യംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021

കൽപ്പറ്റ > സി കെ ജാനുവിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ വയനാട് ജില്ലാ പ്രസിഡന്റ്‌ സജി ശങ്കറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഒന്നരയോടെയാണ് അവസാനിച്ചത്.

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ കൂടുതൽ നേതാക്കളിലേക്ക്‌ അന്വേഷണം നീളുകയാണ്‌. എം ഗണേഷ്‌ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു.

പ്രസീത അഴീക്കോട്‌ ഉൾപ്പെടെയുള്ളവരുടെ മൊഴികളിൽ കൂടുതൽ നേതാക്കൾക്ക്‌ പണം കൈമാറിയത്‌ സംബന്ധിച്ച്‌ അറിവുണ്ടായിരുന്നുവെന്ന് പരാമർശമുണ്ടായിരുന്നു. ബത്തേരിയിൽ മൂന്നരക്കോടി രൂപ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ എത്തിയെന്നും അന്വേഷണസംഘത്തിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌.
ഈ തുകയിൽ നിന്നാണ്‌ സി കെ ജാനുവിന്‌ പണം നൽകിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ്‌ അന്വേഷണ സംഘത്തിന്റെ തീരുമാനം.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, മേഖല സെക്രട്ടറി കെ പി ‌സുരേഷ്, സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ് തുടങ്ങിയവരെ ചോദ്യം ചെയ്‌തതിൽ നിന്ന് പണവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ചില സാക്ഷിമൊഴികൾ കൂടി രേഖപ്പെടുത്തിയ ശേഷം കേസിലെ പ്രധാന പ്രതികളായ കെ സുരേന്ദ്രനേയും സി കെ ജാനുവിനേയും ചോദ്യം ചെയ്യാനാണ്‌ ക്രൈം ബ്രാഞ്ച്‌ സംഘത്തിന്റെ നീക്കം. അന്വേഷണ സംഘത്തിന്‌ മുന്നിൽ ഹാജരാവാൻ അടുത്ത ദിവസങ്ങളിൽ തന്നെ ഇവർക്ക്‌ നോട്ടീസ്‌ നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top