ന്യൂഡൽഹി > ഇസ്രായേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ച്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് ബിജെപി രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി. കേന്ദ്രത്തിന് ഇസ്രയേല്‍ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വിശദീകരിക്കണം. ഇല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് സംഭവം പോലെ സത്യം പുറത്തുവരുമെന്നും ബിജെപിയെ വേദനിപ്പിക്കുമെന്നും സ്വാമി ട്വീറ്റിൽ പറഞ്ഞു.
കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ പാർടി നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഇന്ത്യയിലെ മുന്നൂറിലേറെ പേരുടെ ഫോൺ വിവരമാണ് ഇസ്രയേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ചോർത്തിയത്. ഒരു സുപ്രീംകോടതി ജഡ്ജി, മൂന്ന് പ്രധാന പ്രതിപക്ഷ പാർടി നേതാക്കൾ, നാൽപ്പതിലേറെ മാധ്യമപ്രവർത്തകർ, സുരക്ഷാ മേധാവികളും മുൻ മേധാവികളും, വ്യവസായികൾ, ശാസ്ത്രജ്ഞർ, മനുഷ്യാവകാശ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെയാണ് ചോർത്തിയത്. കേന്ദ്രമന്ത്രിമാരായ സ്‌മൃതി ഇറാനിയും മോഡിവിരുദ്ധ പക്ഷത്തിലുള്ള നിതിൻ ഗഡ്‌കരിയും ചോർത്തപ്പെട്ടതായാണ് റിപ്പോർട്ട്.
സർക്കാർ ഏജൻസികൾക്കുമാത്രമാണ് പെഗാസസ് സേവനം നൽകുന്നത്. മോഡി - അമിത് ഷാ കൂട്ടുകെട്ടിന് താൽപ്പര്യമില്ലാത്തവരാണ് ചോർത്തലിന് വിധേയരായത്. ഇതോടെ, കേന്ദ്രസർക്കാർ പ്രതിക്കൂട്ടിലായി.
ദ വയർ, വാഷിങ്‌ടൺ പോസ്റ്റ്, ദ ഗാർഡിയൻ, ലെ മൊണ്ടെ തുടങ്ങി വിവിധ രാജ്യങ്ങളിലായുള്ള 17 മാധ്യമങ്ങൾ "പെഗാസസ് പ്രോജക്‌ട്' എന്ന പേരിൽ നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. ഇന്ന് പാർലമെന്റ് സമ്മേളനം തുടങ്ങുമ്പോഴാണ് ഇന്നലെ ചോർത്തൽ പുറത്തുവന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..