കാട്ടാക്കട > കോട്ടൂരിൽ പൊലീസിനെ ആക്രമിച്ച കേസിൽ ലഹരി മാഫിയ സംഘത്തിലെ 11 പ്രതികളെ അറസ്റ്റ് ചെയ്‌തു. ഉഴമലയ്ക്കൽ പുതുക്കുളങ്ങര പള്ളിവിള ഷാഹിദാ മൻസിലിൽ ആസിഫ് (25), പൂവച്ചൽ കൊണ്ണിയൂർ ഫാത്തിമാ മൻസിലിൽ വസീം (22), അരുവിക്കര അഴിക്കോട് ഫാത്തിമാ ലാൻഡിൽ താമസിക്കുന്ന ഉണ്ടപ്പാറ കൊച്ചുകോണത്ത് വീട്ടിൽ ആഷിഖ് (19), മുണ്ടേല കൊക്കോതമംഗലം കുഴിവിള വീട്ടിൽ സിബി വിജയൻ (22), വീരണകാവ് ഏഴാമൂഴി രഞ്ജു നിവാസിൽ രഞ്ജിത്ത് (22), വീരണകാവ് മുള്ളുപാറയ്ക്കൽ വീട്ടിൽ അഭിജിത് (22), അമ്പൂരി തേക്കുപാറ വെള്ളരിക്കുന്ന് രതീഷ് ഭവനിൽ രതീഷ് (22), അമ്പൂരി കുടപ്പനമൂട് ചപ്പാത്തിൻകര റോഡരികത്ത് വീട്ടിൽ അനു പ്രസന്നൻ (31), കാട്ടാക്കട ആമച്ചൽ കുച്ചപ്പുറം സിഎസ്ഐ പള്ളിക്ക് സമീപം ചരുവിളാകത്ത് വീട്ടിൽ ശരത് (ശംഭു-–-23), നെയ്യാർ ഡാം വ്ലാവെട്ടി നെല്ലിക്കുന്ന് കോളനിയിൽ അജിത്ത് (23), പൂവച്ചൽ പന്നിയോട് കുന്നിൽ വീട്ടിൽ ഹരികൃഷ്‌ണൻ (23) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെ കോട്ടൂരിൽ പട്രോളിങ് നടത്തിയ നെയ്യാർ ഡാം പൊലീസിനെ ആക്രമിക്കുകയും നെല്ലിക്കുന്ന് സ്വദേശി സജികുമാറിന്റെ വീട് അടിച്ചുതകർക്കുകയും ചെയ്ത പ്രതികൾ പിന്നാലെ സ്ഥലത്തെത്തിയ ഡിവൈഎസ്‌പി ഉൾപ്പെടുന്ന സംഘത്തിന് നേരെ കല്ലേറും നടത്തി. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ടിനോ ജോസഫ് ഇപ്പോഴും ചികിത്സയിലാണ്. രക്ഷപ്പെട്ട പ്രതികളെ കോട്ടൂർ, അമ്പൂരി പ്രദേശങ്ങളിലെ വനത്തിൽനിന്നാണ് പിടികൂടിയത്.
വനത്തിലും ആക്രമണം നടന്ന സ്ഥലങ്ങളിലും നടത്തിയ തെളിവെടുപ്പിൽ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും ബൈക്കുകളും പിടിച്ചെടുത്തു. കോട്ടൂർ വ്ലാവെട്ടി വനപ്രദേശങ്ങളിൽ ലഹരി മാഫിയയ്‌ക്കെതിരെ നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ നടപടികളാണ് ആക്രമണത്തിന് കാരണമായതെന്നും നാട്ടുകാരെ ഭീതിയിലാക്കാനാണ് വീടുകൾ ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു. പിടിയിലായവരിൽ പലരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കഴിഞ്ഞ വർഷം കാട്ടാക്കട പന്നിയോട് പൊലീസിനെ ആക്രമിക്കുകയും ജീപ്പ് തകർക്കുകയും ചെയ്ത സംഭവത്തിലും ഇവർക്ക് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. കാട്ടാക്കട ഡിവൈഎസ്‌പി കെ എസ് പ്രശാന്ത്, നെടുമങ്ങാട് ഡിവൈഎസ്‌പി എ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..