തിരുവനന്തപുരം > കോൺഗ്രസിന്റെ നവഉദാര സാമ്പത്തിക നയത്തിലേക്കുള്ള ചുവടുമാറ്റം രാജ്യത്തിന് ദോഷമായെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. ഇത് കോൺഗ്രസ് പാർടിയെയും ബാധിച്ചു. നെഹ്റു – --ഇന്ദിര സാമ്പത്തികനയങ്ങളിലേക്ക് മടങ്ങേണ്ടത് അനിവാര്യമാണ്. അനുഭവത്തിൽനിന്നും പാഠം ഉൾക്കൊണ്ട് സ്വയം വിമർശനപരമായി സ്ഥിതിഗതികളെ വിലയിരുത്തി തെറ്റ് തിരുത്താനുള്ള ആർജവം കോൺഗ്രസിനുണ്ടാകണം. ബാങ്ക് ദേശസാൽക്കരണത്തിന്റെ 52ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ് കോൺഗ്രസിന്റെ നയത്തെ സുധീരൻ രൂക്ഷമായി വിമർശിച്ചത്.
ഇന്ദിരാഗാന്ധി 50 കോടിയിലേറെ നിക്ഷേപമുള്ള 14 വൻകിട സ്വകാര്യ ബാങ്ക് ദേശസാൽക്കരിച്ചു. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയമാറ്റമുണ്ടാക്കി. നഗരകേന്ദ്രീകൃതമായിരുന്ന ബാങ്ക് ശാഖ ഗ്രാമങ്ങളിൽ വ്യാപകമായി തുറന്നു. പിൽക്കാലത്ത് നവ ഉദാര സാമ്പത്തിക നയവുമായി കോൺഗ്രസ് മുന്നോട്ട് പോയത് രാജ്യത്തിനും കോൺഗ്രസിനും ദോഷമായി. കോൺഗ്രസിന്റെ സാമ്പത്തിക നയത്തിന്റെ തുടർച്ചയെന്നവകാശപ്പെട്ടാണ് മോഡി അന്ധമായ സ്വകാര്യവൽക്കരണവുമായി മുന്നോട്ടു പോയതെന്നും സുധീരൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..