18 July Sunday

ഇ എം എസിന്റെ ഹൃദയംതൊട്ട ഡോക്ടർ

സ്വന്തം ലേഖകൻUpdated: Sunday Jul 18, 2021

തിരുവനന്തപുരം> ഇ എം എസ് എന്ന മഹാമനീഷിയുടെ മരണം വിങ്ങുന്ന ഹൃദയത്തോടെ സ്ഥിരീകരിച്ചത്‌ ഡോ.പി പി ജോസഫായിരുന്നു. ലോകത്തിന്റെ സാമൂഹ്യ‐രാഷ്ട്രീയ‐ചലനങ്ങൾ ഒപ്പിയെടുത്ത ഇ എം എസിന്റെ ഹൃദയമിടിപ്പ് പരിശോധിച്ച് മരുന്ന് കുറിച്ചുകൊടുത്തത് മിതഭാഷിയായ ഈ ഡോക്ടറായിരുന്നു. ഒന്നും രണ്ടുമല്ല, നീണ്ട 25 വർഷമാണ്‌ ഇ എം എസിനെ പരിചരിച്ചത്‌. ‘ചികിത്സിക്കുകയായിരുന്നില്ല, അത്ഭുതത്തോടെ നിരീക്ഷിക്കുകയായിരുന്നു’ –-ഇ എം എസിനെ ചികിത്സിച്ചതിനെക്കുറിച്ച്‌ പി പി ജോസഫിന്റെ വാക്കുകൾ.
  
1973ൽ കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിയെത്തിയപ്പോഴാണ് ജോസഫ്‌ ഇ എം എസിനെ പരിശോധിക്കുന്നത്‌. അന്ന് മെഡിസിൻ വിഭാഗം മേധാവിയായിരുന്നു. പ്രശസ്ത ഹൃദയശസ്ത്രക്രിയാവിദഗ്ധനും ചലച്ചിത്രകാരൻ ഷാജി എൻ കരുണിന്റെ ഭാര്യാപിതാവുമായ ഡോ. പി കെ ആർ വാര്യർ ആണ് ജോസഫിനെ ഇ എം എസിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. അന്നുമുതൽ മരണംവരെയും ജോസഫായിരുന്നു ഡോക്‌ടർ. ‌ഇ എം എസ്‌ എവിടെ യാത്ര പോകുംമുമ്പും തിരിച്ചെത്തിയശേഷവും ഡോക്‌ടറെ കാണുമായിരുന്നു.
  
  മുഖ്യമന്ത്രിമാരും വിഐപികളുമായി ബന്ധമുണ്ടായിരുന്നെങ്കിലും ജീവിതം ലളിതമായിരുന്നു. ഇ കെ നായനാരെയും ജോസഫായിരുന്നു ചികിത്സിച്ചിരുന്നത്‌. സ്വകാര്യ ആശുപത്രിയായ കോസ്മോപൊളിറ്റനിൽ ചികിത്സയ്ക്കുപോയതിനെക്കുറിച്ച് ഒരു മാധ്യമപ്രവർത്തക​ന്റെ ചോദ്യത്തിന് നായനാരുടെ മറുപടി ഇപ്രകാരമായിരുന്നു:
 
"പി പി ജോസഫ് എവിടെയുണ്ടോ അവിടെ ഞാൻ ചികിത്സ തേടി പോകും. എ​ന്റെ ശരീരഘടനയും രീതിയും മറ്റാരെക്കാളുമറിയാവുന്നത് വർങ്ങളായി എന്നെ ചികിത്സിക്കുന്ന ജോസഫിനാണ്'. വളരെ കുറഞ്ഞ അളവിൽ മരുന്നു നൽകി രോഗം ഭേദമാക്കുന്നതിനാൽ ജനകീയ ഡോക്‌ടർ എന്ന വിളിപ്പേരും പി പി ജോസഫിന്‌  ലഭിച്ചു.
 
  കോസ്മോപൊളിറ്റൻ ആശുപത്രിയുടെ  മുഖ്യചുമതലയിൽനിന്ന്‌ അടുത്തിടെയാണ് അദ്ദേഹം ഒഴിഞ്ഞത്. കോവിഡ് രൂക്ഷമായതോടെ ഒരു വർഷമായി ആശുപത്രിയിലെത്താറില്ലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top