17 July Saturday
അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ

സർക്കാരിന്‌ വൻവീഴ്ച ; ബംഗാളിൽ ‘ഭരണാധികാരികളുടെ നിയമ’മെന്ന്‌ മനുഷ്യാവകാശ കമീഷൻ

ഗോപിUpdated: Saturday Jul 17, 2021

image credit https://nhrc.nic.in


കൊൽക്കത്ത
ഭരണാധികാരികളുടെ നിയമത്തിനനുസരിച്ചാണ് പശ്ചിമ ബംഗാളിൽ ഭരണം നടക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ. മന്ത്രി ജ്യോതിപ്രിയ മല്ലിക്ക്, എംഎൽഎമാരായ പാർഥാ ഭൗമിക്‌, സവോക്കാത്ത് മൊള്ള, യൂത്ത് നേതാവ് ജഹാംഗീർ ഖാൻ, മുഖ്യമന്ത്രി മമത ബാനർജിയുടെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റായിരുന്ന ഷേക്ക് ഷുഫിയാൻ തുടങ്ങി നിരവധി നേതാക്കൾ കൊടും ക്രിമിനലുകളാണെന്നും കമീഷൻ എടുത്തുപറഞ്ഞു. കൊൽക്കത്ത ഹൈക്കോടതി നിർദേശാനുസരണം നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ അക്രമ– -കൊലപാതകങ്ങൾ അന്വേഷിച്ച്‌ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലാണ്‌ പരാമർശം.

അക്രമങ്ങൾ തടയുന്നതിൽ സർക്കാരിന്‌ വൻ വീഴ്ച സംഭവിച്ചു. ഭരണകക്ഷി നേതാക്കളും പൊലീസും ഒത്തുകളിച്ചു. തെരഞ്ഞെടുപ്പിനുശേഷം അഞ്ച്‌ സിപിഐ എം പ്രവർത്തകരുൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു. ആയിരങ്ങൾക്ക് പരിക്കേറ്റു. നിരവധി വീടും കടയും സ്ഥാപനവും തല്ലിത്തകർത്തു. കൂച്ചുബിഹാർ, ബിർഭും, ഉത്തര,- ദക്ഷിണ 24 പർഗാനാസ്, ഹൗറ  ജില്ലകളിലെ 13 പൊലീസ് സ്‌റ്റേഷൻ വലിയ കൃത്യവിലോപം കാട്ടി. പലയിടത്തും എഫ്‌ഐആർപോലും രജിസ്റ്റർ ചെയ്തില്ല. വീഴ്‌ച കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ സിബിഐ അന്വേഷിച്ച്‌, വിചാരണ ഇതരസംസ്ഥാനത്ത്‌ നടത്തണം. മറ്റ്‌ കേസുകൾ കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷിച്ച്‌ പ്രത്യേക കോടതിയിൽ വിചാരണ ചെയ്യണമെന്നും കമീഷൻ നിർദേശിച്ചു. 

അക്രമം നടന്ന 311 സ്ഥലത്തെത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കമീഷനെയും തൃണമൂലുകാർ കൈയേറ്റം ചെയ്‌തു. റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top