പാലക്കാട് > സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ നഗരമായ കഞ്ചിക്കോട് കിൻഫ്രയുടെ ഫുഡ്‌പാർക്ക് കാണിച്ചുതരും വ്യവസായ സൗഹൃദ അന്തരീക്ഷം. അടിസ്ഥാന സൗകര്യങ്ങൾക്കു പുറമേ സംരംഭകർ ആവശ്യപ്പെടുന്ന എല്ലാ സജ്ജീകരണവും ഒരുക്കിയതിനാൽ തടസ്സമില്ലാത്ത ഉൽപ്പാദനവുമായി യൂണിറ്റുകൾ സുഗമമായി പ്രവർത്തിക്കുന്നു.
കഴിഞ്ഞ ഒക്ടോബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത കിൻഫ്ര വ്യവസായ പാർക്കിൽ ഇതിനകം 30 യൂണിറ്റുകൾക്ക് സ്ഥലം അനുവദിച്ചു. 11 എണ്ണം പ്രവർത്തനം തുടങ്ങി.
മറ്റ് യൂണിറ്റുകൾ പ്രവർത്തന സജ്ജമാകുന്നു. ഏറ്റെടുത്ത സ്ഥലം പൂർണമായും വ്യവസായ യൂണിറ്റുകൾക്ക് പാട്ടത്തിന് നൽകിയാണ് സംരംഭകരെ ആകർഷിച്ചത്. ഒരു വർഷത്തിനകം മുഴുവൻ യൂണിറ്റുകളും എത്തി. ഭക്ഷ്യ സംസ്‌കരണ–- മൂല്യവർധിത ഉൽപ്പന്ന യൂണിറ്റുകളാണ് കിൻഫ്ര പാർക്കിൽ സജ്ജമാക്കിയത്.
റോഡ്, വെള്ളം, തടസ്സമില്ലാത്ത വൈദ്യുതി, സെക്യൂരിറ്റി ഗാർഡുകൾ, ഉൽപ്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ മൂന്ന് കോൾഡ് സ്‌റ്റോറേജ്, മഴവെള്ള സംഭരണി, ചുറ്റുമതിൽ, ഫലങ്ങൾ പഴുപ്പിക്കാൻ ഗോഡൗൺ, പാക്കിങ് സെന്റർ, സുഗന്ധ ദ്രവ്യങ്ങളുടെ സംസ്‌കരണം, ഗുണനിലവാര പരിശോധനാ ലബോറട്ടറി, അഡ്‌മിൻ ബിൽഡിങ് എന്നിവയും സർക്കാർ സജ്ജമാക്കി.
പുതുശേരി, എലപ്പുള്ളി പഞ്ചായത്തുകളിലായി 79.42 ഏക്കറിലാണ് വ്യവസായ പാർക്ക്. 102.17 കോടി രൂപ ചെലവിൽ സ്ഥാപിച്ച പാർക്കിൽ 40 കോടി കേന്ദ്ര സർക്കാർ ഫണ്ടാണ്. 10 സെന്റ് മുതൽ 30 വർഷത്തേക്ക് പാട്ട വ്യവസ്ഥയിൽ പദ്ധതിക്കാവശ്യമായ സ്ഥലം അനുവദിക്കും. 90 വർഷംവരെ ഇത് പുതുക്കാം.
ഒരോ യൂണിറ്റുകൾക്കും അഞ്ചു കോടി രൂപവരെ ഗ്രാന്റിനും നബാഡിന്റെ വായ്‌പയ്‌ക്കും അർഹതയുണ്ട്. ഒരു സെന്റിന് നിശ്‌ചിത തുക കണക്കാക്കിയാണ് ഭൂമി അനുവദിക്കുന്നത്.
സുരക്ഷയും
സമാധാനവും ഉറപ്പ്
നാട്ടിൽ എവിടെ വേണമെങ്കിലും വ്യവസായം തുടങ്ങാം. എന്നാൽ ഇത്രയും സുരക്ഷയും സമാധാനവും തടസ്സമില്ലാത്ത വൈദ്യുതിയും സൗഹൃദ അന്തരീക്ഷവുമുള്ള സ്ഥലം വേറെ കിട്ടില്ല.
തൊഴിൽ പ്രശ്‌നങ്ങളോ, മറ്റ് ബുദ്ധിമുട്ടുകളോ ഇവിടെയില്ല. അസംസ്‌കൃത വസ്‌തുക്കളായ സുഗന്ധദ്ര്യവ്യങ്ങൾ കിട്ടാൻ വിഷമമുണ്ട്. ഇപ്പോൾ ഇതര സംസ്ഥാനത്തുനിന്നാണ് കൊണ്ടുവരുന്നത്.
സുഗന്ധ ദ്രവ്യങ്ങളിൽനിന്ന് എസൻഷ്യൽ ഓയിൽ ഉണ്ടാക്കുന്ന കമ്പനിയാണ് രണ്ടു വർഷംമുമ്പ് തുടങ്ങിയത്. ഇതുവരെ ഒരു തടസ്സവും ഉണ്ടായില്ലെന്ന് പ്രവാസിയായ തിരുവില്വാമല സ്വദേശി ഹാരിസ് പറയുന്നു. 40 സെന്റ് സ്ഥലമാണ് 30 വർഷത്തേക്ക് പാട്ടത്തിന് എടുത്തത്.
രണ്ട് കോടി രൂപ മുതൽമുടക്കിലാണ് യൂണിറ്റ് ആരംഭിച്ചത്. ഇന്ത്യയിലും പുറത്തും നല്ല മാർക്കറ്റുള്ള എസൻഷ്യൽ ഓയിൽ സീസണൽ വ്യവസായമാണ്. കോവിഡ് ബാധയാണ് നിലവിൽ പ്രതിസന്ധിയെന്നും മെർക്കുറീസ് ക്ലൗഡ് എസൻഷ്യൽ ഓയിൽ യൂണിറ്റ് ഉടമ ഹാരിസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..