തിരുവനന്തപുരം
കൊച്ചി വാട്ടർ മെട്രോയുടെ ട്രയൽ റൺ 23ന് നടത്തി ആഗസ്‌ത് പതിനഞ്ചോടെ ഉദ്‌ഘാടനം ചെയ്യാൻ തീരുമാനം. കൊച്ചി മെട്രോ കാക്കനാടുവരെ നീട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കലും ആഗസ്‌തിൽ പൂർത്തിയാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർക്കാരിന്റെ മുൻഗണനാ പദ്ധതികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. മെട്രോയുമായി ബന്ധപ്പെട്ട വിഷയം റെയിൽവേ ചീഫ് ജനറൽ മാനേജറുമായി ചർച്ച ചെയ്യും. ശബരിമല വിമാനത്താവളത്തിന്റെ സ്‌കെച്ചും ലൊക്കേഷൻ മാപ്പും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറി. തത്വത്തിലുള്ള അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചിൻ അർബൻ ഡെവലപ്പ്മെന്റ് ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ത്വരിതപ്പെടുത്താനും മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരം ഔട്ടർ റിങ് റോഡിന്റെ വിശദ പദ്ധതി റിപ്പോർട്ട് കിറ്റ്കോ തയ്യാറാക്കും. തിരുവനന്തപുരം ലൈറ്റ് മെട്രോക്ക് ടെക്നോപാർക്കുകൂടി ചേർത്ത് വിശദപദ്ധതിയുടെ റിപ്പോർട്ടും തയ്യാറാക്കും. കണ്ണൂർ സിറ്റി റോഡ് വികസനപദ്ധതി ഉടൻ ആരംഭിക്കാനും ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നടത്തി ദേശീയ ജലപാതയുടെ പ്രവർത്തനം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..