16 July Friday

വനിതാ നൂറിൽ തീപാറും

വെബ് ഡെസ്‌ക്‌Updated: Friday Jul 16, 2021


ടോക്യോ
ഒളിമ്പിക്‌സിന്‌ ഇക്കുറി ആരവങ്ങൾ കുറവാണ്‌. കോവിഡ്‌ ആണ് പ്രധാന കാരണം. കൂടാതെ അത്‌ലറ്റിക്‌സിലെ വൻ താരങ്ങൾ ടോക്യോയിൽ ഇല്ല. സ്‌പ്രിന്റ്‌ പുരുഷ വിഭാഗത്തിൽ ലോക റെക്കോഡുകാരൻ യുസൈൻ ബോൾട്ട്‌ കളമൊഴിഞ്ഞു. ബോൾട്ടിന്റെ സഹതാരമായ ജമൈക്കയുടെ യൊഹാൻ ബ്ലേക്ക്‌, അമേരിക്കയുടെ ജസ്‌റ്റിൻ ഗാറ്റ്‌ലിൻ എന്നിവരും രംഗത്തില്ല. എന്നാൽ വനിതകളുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ്‌ അരങ്ങൊരുങ്ങുന്നത്‌. ഈ മേളയുടെ ഏറ്റവും ആവേശകരമായ ഇനമാകും വനിതാ നൂറ്‌.

ജമൈക്കയുടെ ഷെല്ലി ആൻഫ്രേസർ പ്രൈസി, ഇലെയ്‌ൻ തോംപ്‌സൺ–-ഹെറാ, ഷെറീക്ക ജാക്‌സൺ, നടാഷ മോറിസൺ, ട്വാനിഷ ടെറി, അലെയ്‌ ഹോബ്‌സ്‌, ബ്രിട്ടന്റെ ദിന ആഷെർ സ്‌മിത്ത്‌, നൈജീരിയയുടെ ബ്ലെസിങ്‌ ഒകഗ്‌ബാരെ, ഐവറി കോസ്‌റ്റിന്റെ മരിയ ജോസീ ടാ ലു എന്നിവരാണ്‌ രംഗത്ത്‌. മരുന്നടിയിൽ വിലക്കിലുള്ള അമേരിക്കയുടെ ഷാകാരി റിച്ചാർഡ്‌സൺ പട്ടികയിൽ ഇല്ല. ഇതിൽ ഷെല്ലി, ഷെറീക്ക, ഇലെയ്‌ൻ എന്നിവർ 10.8 സെക്കൻഡിന്‌ താഴെ ഓടിയവരാണ്‌. അമേരിക്കയുടെ റിച്ചാർഡ്‌സണും ഇതിൽ ഉൾപ്പെടും. പക്ഷേ, ഷകാരിക്ക്‌ ഒളിമ്പിക്‌സ്‌ നഷ്ടമാകും.

ഷെല്ലിക്കാണ്‌ സാധ്യത കൂടുതൽ. 2008, 2012 വർഷങ്ങളിൽ ചാമ്പ്യനാണ്‌. 2016ൽ വെങ്കലും.2017ൽ മകൻ സ്യോണിന് ജൻമം നൽകിയതിനാൽ ഒന്നരവർഷത്തോളം പുറത്തിരുന്നു. 10.63 സെക്കൻഡിൽ ഷെല്ലിക്കാണ്‌ ഈ സീസണിലെ മികച്ച സമയം. 100ന്റെ ചരിത്രത്തിൽ അമേരിക്കൻ താരം ഫ്‌ളോജോ കഴിഞ്ഞാൽ ഏറ്റവും വേഗമേറിയ താരമാണ്‌ ഷെല്ലി. അതേസമയം, ഷെല്ലിയുടെ കൂട്ടുകാരി ഷെറീക്ക 400ൽ മാത്രം മത്സരിക്കാനാണ്‌ കൂടുതൽ സാധ്യത. ബ്രിട്ടന്റെ ദിനയ്‌ക്ക്‌ പരിക്കുകാരണം മികച്ച പ്രകടനത്തിലെത്താനായില്ല. അത്‌ലറ്റിക്‌ മത്സരങ്ങൾക്ക്‌ ഈ മാസം 30നാണ്‌ തുടക്കമാകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top