രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ്‌ക്കും നാൽപ്പത് ലക്ഷം മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തിനും ഉതകുന്നതാണെന്ന് പ്രഖ്യാപിച്ച ബ്ലൂ ഇക്കോണമി പദ്ധതിക്ക് (നീല സമ്പദ്‌വ്യവസ്ഥ) കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. പ്രാരംഭപ്രവർത്തനങ്ങൾക്ക് ഏഴുമേഖലയിലായി അഞ്ച് വർഷത്തേക്ക് കേന്ദ്ര ഭൗമമന്ത്രാലയത്തിന് 4077 കോടി രൂപയും അനുവദിച്ചു. ആഴക്കടൽ ദൗത്യങ്ങളുടെ പ്രാരംഭ നടപടികളായ ധാതുനിക്ഷേപം, മറ്റ് അമൂല്യ അജൈവ സമ്പത്തുക്കളുടെ പര്യവേക്ഷണവും നിർണയവും, മത്സ്യസമ്പത്ത് പര്യവേക്ഷണ സമ്പത്ത് തിട്ടപ്പെടുത്തൽ, കടൽജലത്തിൽനിന്ന് വൈദ്യുതി, ശുദ്ധജലം എന്നിവയ്‌ക്കുള്ള സാങ്കേതികവിദ്യ വികസനം, വ്യാവസായിക മത്സ്യബന്ധന പര്യവേക്ഷണങ്ങൾ, ഗവേഷണങ്ങൾക്കാവശ്യമായ ആധുനികയാനം നിർമാണം എന്നിവയാണ് പ്രാരംഭ പ്രവർത്തനങ്ങൾ. ആദ്യഘട്ടമായി 2021–-27ൽ 2823 കോടിയാണ് ചെലവ്. അഞ്ഞൂറിൽപ്പരം പേജുള്ള ഏഴ് മേഖലകളിലായുള്ള ബ്ലൂ ഇക്കണോമി വർക്കിങ് ഗ്രൂപ്പ് റിപ്പോർട്ടുകൾ കടൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കുംവേണ്ടി കേന്ദ്ര ഭൗമമന്ത്രാലയം 2021 ഫെബ്രുവരി 17ന് പുറത്തുവിട്ടു. ഫെബ്രുവരി 27നകം അഭിപ്രായങ്ങൾ അറിയിക്കണമെന്നാണ് നിർദേശിച്ചത്. 10 ദിവസത്തിനുള്ളിൽ ബൃഹത്തായ റിപ്പോർട്ടുകൾ പഠിച്ചു നിർദേശം നൽകുക അസാധ്യമാണ്. തീയതി നീട്ടിക്കിട്ടാൻ സംഘടനകളും വ്യക്തികളും കത്ത് നൽകിയിട്ടും അംഗീകരിച്ചില്ല. 2021 ജൂൺ 16ന് കേന്ദ്ര മന്ത്രിസഭ ആഴക്കടൽ ദൗത്യങ്ങൾക്ക് അംഗീകാരവും സാമ്പത്തികസഹായവും പ്രഖ്യാപിച്ചു.
ഐക്യരാഷ്ട്രസംഘടനയുടെ 2012ലെ റിയോ ഉച്ചകോടിയിൽ സ്ഥിരീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായാണ് നീല സമ്പദ്‌വ്യവസ്ഥ എന്ന ആശയം രൂപംകൊണ്ടത്. സമുദ്രത്തിലെ ജൈവ–-അജൈവ സമ്പത്തുകൾ സുസ്ഥിരമായി ഉപഭോഗം നടത്തി സമ്പദ്‌വ്യവസ്ഥ പോഷിപ്പിക്കുക എന്നതാണ് ലക്ഷ്യം. സമുദ്രങ്ങളുടെ ആരോഗ്യവും ആവാസവ്യവസ്ഥകളും നിലനിർത്തി മാത്രമേ ഇതു ചെയ്യാൻ പാടുള്ളൂവെന്നും നീല സമ്പദ്‌വ്യവസ്ഥ അനുശാസിക്കുന്നു. ഊർജം, ജലം, ആഹാരം, ധാതുക്കൾ, ഹൈഡ്രോകാർബൺ ലോഹങ്ങൾ എന്നിവയുടെ ആവശ്യകത വർധിച്ചുവരുന്ന ഈ സാഹചര്യത്തിൽ ഭാവിയിലെ ആവശ്യങ്ങൾക്കായി സമുദ്രങ്ങളെ അമിതമായി ആശ്രയിക്കുന്നതാണ് ബ്ലു ഇക്കോണമി.
7517 കി. മീറ്റർ ദൈർഘ്യമുള്ളതാണ് ഇന്ത്യൻ കടലോരം. 20 കോടിയിൽപ്പരം ചതുരശ്ര കിലോമീറ്ററാൽ ചുറ്റപ്പെട്ട തീരത്തുനിന്ന് 370 കി. മീറ്റർ വരെ കടൽഭാഗത്തേക്ക് നീണ്ടുകിടക്കുന്ന പ്രത്യേക സാമ്പത്തികമേഖലയിലെ ജൈവ–-അജൈവ സമ്പത്തിന്റെ ഉൽപ്പാദന വികസന പ്രക്രിയ കേന്ദ്രം പുറത്തിറക്കിയ ബ്ലു ഇക്കണോമി നയത്തിന്റെ അടിസ്ഥാനത്തിലാകും. മത്സ്യോൽപ്പാദനത്തിലും മത്സ്യക്കൃഷിയിലും ഇന്ത്യ അന്താരാഷ്ട്രതലത്തിൽ രണ്ടാം സ്ഥാനത്താണ്. ജലവൈവിധ്യത്തിൽ ലോകത്തിലെ പത്ത് ശതമാനം ഇന്ത്യയിലാണെന്നുള്ളത് നമ്മുടെ കരുത്താണ്.
സമുദ്ര ജൈവ–- അജൈവ സമ്പത്തുക്കളും മറ്റ് അനുബന്ധ സേവനങ്ങളും മുഖേന രാജ്യത്തിന്റെ മൊത്തം ഉൽപ്പാദനത്തിൽ സമുദ്രവിഭവങ്ങളുടെ പങ്ക് നിലവിലെ 1.1 ശതമാനത്തിൽനിന്ന് 4.1 ശതമാനം ഉയർത്തുക, തീരദേശവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുക, തീര പ്രദേശത്തിനും സമുദ്രസമ്പത്തിനും സുരക്ഷ വർധിപ്പിക്കുക എന്നീ നാലു കാര്യമാണ് ബ്ലു ഇക്കോണമിയുടെ കാതൽ. ഇവ എത്രമാത്രം സാധ്യമാകും എന്നതാണ് സംശയം. അമ്പത് മീറ്റർ കരഭാഗത്ത് താമസിക്കുന്ന 25 കോടി ആളുകൾ, അതിലെ 40 ലക്ഷം മത്സ്യത്തൊഴിലാളികളുടെ ഏക ഉപജീവന മാർഗമാണ് മത്സ്യബന്ധനം. മറ്റ് അനുബന്ധ മേഖലകൾ ഉൾപ്പെടെ 160 ലക്ഷം പേരാണ് ഇതിനെ ആശ്രയിച്ച് ജീവിക്കുന്നത്. രാജ്യത്തെ തൊഴിൽ സുരക്ഷ, ഭക്ഷ്യസുരക്ഷ, വിദേശ നാണ്യവരുമാനം എന്നിവയിലും വളരെ പ്രാധാന്യമുണ്ട്. ബ്ലു ഇക്കോണമിയുടെ ഭാഗമായി മത്സ്യബന്ധനത്തിന് ശോഷണം നേരിട്ടാൽ പ്രത്യാഘാതം വിവരണാതീതമാണ്.
നടപ്പാക്കാൻ പോകുന്ന തീരദേശത്തെ നിർമാണ പ്രവർത്തനങ്ങൾ, വ്യവസായവൽക്കരണം, ചരക്ക് ഗതാഗതം, അനിയന്ത്രിതമായ തുറമുഖ നിർമാണവും വികസനവും റോഡ്, കപ്പൽ വ്യവസായം, തീരക്കടൽ–-ആഴക്കടൽ ഖനനം എന്നിവ ഉളവാക്കുന്ന പ്രത്യാഘാതങ്ങൾ ഗൗരവമായി വിലയിരുത്തേണ്ടതാണ്. കരട് തയ്യാറാക്കലിൽ മത്സ്യമേഖലയിലെ ശാസ്ത്രജ്ഞൻമാർ, ഗവേഷകർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുമായി ആലോചന നടത്തിയിട്ടില്ല. 40 ലക്ഷം മത്സ്യത്തൊഴിലാളികളെയും കോടിക്കണക്കിന് തീരദേശ വാസികളെയും പൂർണമായും അവഗണിച്ചു. ഇവർക്ക് ബ്ലു ഇക്കോണമിയിൽ ഒരു പങ്കും ഇടവും ഇല്ല. ഇതിലെ മേഖലകളെല്ലാംതന്നെ വൻ മുതൽമുടക്ക് വേണ്ട സംരംഭങ്ങളാണ്. മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തിനും ജീവിതനിലവാരം ഉയർത്താനുമാണെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം പൊള്ളയാണ്.
നിലവിൽ സമുദ്രമത്സ്യമേഖല ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുന്നു. ആവാസവ്യവസ്ഥയുടെ തകർച്ച, അമിത മുതൽമുടക്ക്, അമിത മത്സ്യബന്ധന സമ്മർദം, ചെറുമീനുകളുടെ ചൂഷണം, ചെറുകണ്ണി വലകളുടെ അമിത ഉപയോഗം എന്നിവയും 32,231 യന്ത്രവൽകൃത ബോട്ട് ആവശ്യമുള്ളിടത്ത് 72,559 ബോട്ട് പ്രവർത്തിക്കുന്നതും സമ്മർദം ഏറ്റുന്നു. സമുദ്രമത്സ്യസമ്പത്ത് വർധനയ്ക്ക് കണവ, ചൂര പോലുള്ള മൽസ്യങ്ങൾക്ക് മാത്രമാണ് അധിക ഉൽപ്പാദനത്തിന് സാധ്യതയുള്ളത്. 2020ൽ പ്രഖ്യാപിച്ച രാജ്യത്തിന്റെ ദേശീയ ഫിഷറീസ് നയത്തിൽ കണവ, ചൂര എന്നീ മത്സ്യയിനങ്ങളെ ചൂഷണം ചെയ്യാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആധുനിക മത്സ്യബന്ധന രീതികളിൽ പരിശീലനം നൽകി പ്രയോജനപ്പെടുത്തണമെന്നുണ്ട്. പക്ഷേ, ഒന്നും നടന്നിട്ടില്ല.
2021–-30ൽ അമ്പത് ലക്ഷം ടൺ മത്സ്യം അധികമായി വർധിപ്പിക്കാനുള്ള പദ്ധതികളാണ് ബ്ലു ഇക്കോണമിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടലിൽ മത്സ്യക്കൃഷി നടത്തിപ്പ് വളരെ ചെലവുള്ള കാര്യമാണ്. സാധാരണക്കാർക്ക് ഇത് താങ്ങാനാകില്ല. തീരദേശജനത പലായനം ചെയ്യേണ്ടിവരും. അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങളും വ്യവസായ സ്ഥാപനങ്ങളുംമൂലം കടലാക്രമണം രൂക്ഷമാകും. തീരദേശവാസികൾ തീരം വിടേണ്ട അവസ്ഥ ഉണ്ടാകും. പരിസ്ഥിതിലോല പ്രദേശങ്ങൾ, ഗുരുതരമായ ആവാസവ്യവസ്ഥകൾ, കണ്ടൽക്കാടുകൾ, വേലിയേറ്റ വേലിയിറക്ക മേഖലകൾ, പൊക്കാളി പാടങ്ങൾ എന്നിവ അപ്രത്യക്ഷമാകും. മത്സ്യസമ്പത്ത് വൻ ശോഷണം നേരിടും. തീരദേശം റിയൽ എസ്റ്റേറ്റ് ലോബിയുടെ കരങ്ങളിലേക്ക് ഒതുങ്ങും. മത്സ്യത്തൊഴിലാളികൾക്ക് മാത്രമല്ല, രാജ്യത്തെ ആകമാനം ബാധിക്കുന്ന നയമാണിത്. ലാഭം നോക്കിയുള്ള ഖനനം കടലിന്റെ ആവാസവ്യവസ്ഥയെ തകർക്കും. ആഗോളഭീമൻമാർ കടൽക്കൊള്ള ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ഭാഷയിൽ പറഞ്ഞാൽ കുളംകലക്കി പരുന്തിന് കൊടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..