16 July Friday
അന്വേഷണം പുരോഗമിക്കുകയാണെന്നും കവർച്ച നടത്തിയ കുഴൽപ്പണം പൂർണമായി കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂഷൻ

കുഴൽപ്പണക്കേസ്: 23ന്‌ കുറ്റപത്രം നൽകും ; 5 പ്രതികളുടെ 
ജാമ്യാപേക്ഷ തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Jul 16, 2021


തൃശൂർ
ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ പ്രത്യേക അന്വേഷകസംഘം 23-ന് കുറ്റപത്രം നൽകിയേക്കും. കുഴൽപ്പണ ഇടപാടിലും തെളിവുനശിപ്പിക്കലിലും ബിജെപി നേതാക്കളുടെ പങ്ക്‌ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ്‌ കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ വ്യക്തമാക്കും.  ഏപ്രിൽ മൂന്നിന് പുലർച്ചെ 4.40-ന് കൊടകരയിലെ ഹൈവേയിൽ അപകടം സൃഷ്ടിച്ച് കാർ തട്ടിക്കൊണ്ട് പോയി മൂന്നരക്കോടി രൂപ കവർന്നതാണ്‌ കേസ്‌.  പിന്നീടുള്ള അന്വേഷണത്തിൽ ബിജെപി നിയമസഭാതെരഞ്ഞെടുപ്പിൽ ഇറക്കിയ പണമാണ്‌ കവർന്നതെന്ന്‌ കണ്ടെത്തി. ഇത് കോടതിയിൽ അന്വേഷകസംഘം സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ 25ന്‌ ഏഴ്‌ പ്രധാന പ്രതികൾ അറസ്‌റ്റിലായി.

അറസ്റ്റിലായ 22പേരെ പ്രതി ചേർത്ത കുറ്റപത്രമായിരിക്കും സമർപ്പിക്കുക.  കവർച്ചയ്‌ക്കുശേഷം പ്രതികളുമായി ഇടപ്പെട്ട ബിജെപി നേതാക്കളെക്കുറിച്ച്‌ സൂചനകളുണ്ടാകും. കൂടുതൽ അന്വേഷിച്ച്‌ അനുബന്ധ കുറ്റപത്രം സമർപ്പിക്കും. ഇതിൽ കൂടുതൽ ബിജെപി നേതാക്കൾ പ്രതിയായേക്കും. ഇവർ പ്രതികളുമായി ബന്ധപ്പെട്ടതിന്റെ ഫോൺ വിളികളുടെ പട്ടികയും സിസിടിവി ദൃശ്യങ്ങളും അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്. കേസിൽ 1.4 കോടി രൂപയും 20 ലക്ഷത്തിന്റെ തൊണ്ടി മുതലും അന്വേഷകസംഘം കണ്ടെടുത്തിട്ടുണ്ട്.  

നേതാക്കളുടെ ഗൂഢാലോചന അന്വേഷിക്കണം
കൊടകര കുഴൽപ്പണ കവർച്ചയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന്‌ ആർഎസ്‌എസ്‌ സാംസ്‌കാരിക സംഘടന ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറിയായിരുന്ന മനോജ് ഭാസ്‌കർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയതായി മനോജ്‌ ഭാസ്‌കർ പറഞ്ഞു.   കുഴൽപ്പണക്കേസിൽ ബിജെപി ജില്ലാ പ്രസിഡന്റിനെയും നേതൃത്വത്തെയും മനോജ്‌ ഫെയ്സ്‌ബുക്കിലൂടെ വിമർശിച്ചിരുന്നു. തുടർന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാർ കോടതിയിൽ നൽകിയ പരാതിയിൽ മനോജിനെതിരെ  കേസെടുത്തിട്ടുണ്ട്‌.

5 പ്രതികളുടെ 
ജാമ്യാപേക്ഷ തള്ളി
ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണക്കേസിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അരീഷ്, അബ്ദുൽ ഷാഹിദ്, ബാബു, മുഹമ്മദ്‌ അലി, റൗഫ് എന്നിവരുടെ ജാമ്യാപേക്ഷകളാണ്  തള്ളിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കവർച്ച നടത്തിയ കുഴൽപ്പണം പൂർണമായി കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പ്രധാന സാക്ഷികളെ ഇനിയും ചോദ്യം ചെയ്യാനുണ്ട്‌. ജാമ്യം അനുവദിച്ചാൽ തെളിവ്‌ നശിപ്പിക്കാനിടയുണ്ട്‌. സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.സർക്കാർ വാദം കണക്കിലെടുത്ത്‌ ജസ്റ്റിസ് കെ ഹരിപാൽ ഹർജികൾ തള്ളി. വിചാരണക്കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top