16 July Friday

100–-ാം ജന്മദിനം ആഘോഷിച്ച്‌ എൻ ശങ്കരയ്യ

വെബ് ഡെസ്‌ക്‌Updated: Friday Jul 16, 2021

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വെെകോ തുടങ്ങിയവർ എൻ ശങ്കരയ്യയ്ക്കൊപ്പം


ചെന്നൈ
പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി നൂറാം ജന്മദിനമാഘോഷിച്ച്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവ്‌ എൻ ശങ്കരയ്യ. ചെന്നൈയിലെ ക്രോംപേട്ടിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ജന്മദിനാഘോഷത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ജി രാമകൃഷ്‌ണൻ, തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ എന്നിവർ നേരിട്ടെത്തി ആശംസയറിയിച്ചു.

ത്യാഗോജ്ജ്വലമായ ജീവിതത്തിലൂടെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെ വളർത്തിയ സഖാവാണ്‌ എൻ ശങ്കരയ്യയെന്നും അദ്ദേഹത്തിന്റെ പോരാട്ടം ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് എക്കാലവും പ്രചോദനമാണെന്നും ജന്മദിനാശംസയറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു. പ്രായം തളർത്താത്ത വിപ്ലവകാരിയാണ്‌ എൻ ശങ്കരയ്യയെന്ന്‌ വി എസ്‌ അച്യുതാനന്ദൻ ജന്മദിനാശംസയിൽ പറഞ്ഞു. 1964 ഏപ്രിലിൽ സിപിഐ നാഷണൽ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോന്ന്‌ സിപിഐ എം രൂപീകരിക്കാൻ തുടക്കമിട്ട 32 അംഗ ദേശീയ കൗൺസിലിലെ അംഗങ്ങളിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നത്‌ ശങ്കരയ്യയും വി എസ്‌ അച്യുതാനന്ദനുമാണ്‌. 

തമിഴ്‌നാട്‌ വിദ്യാഭ്യാസമന്ത്രി കെ പൊൻമുടി, ടി ആർ ബാലു, എ രാജ, ദയാനിധിമാരൻ, എംഡിഎംകെ നേതാവ്‌ വൈകോ, തമിഴ്‌നാട്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ എസ്‌ അളഗിരി, ഐയുഎംഎൽ നേതാവ്‌ അബൂബക്കർ, വിടുതലൈ സിരുത്തൈകൾ കക്ഷി നേതാവ്‌ വണ്ണി അരസ്‌ തുടങ്ങിയവരും ആശംസയറിയിക്കാനെത്തി. 1922 ജൂലൈ 15നാണ്‌ ശങ്കരയ്യയുടെ ജനനം. മൂന്ന്‌ പ്രാവശ്യം എംഎൽഎയായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. മരം നടൽ, വിവിധ സേവനപ്രവർത്തനങ്ങളുൾപ്പെടെ ഒരു വർഷം നീണ്ട ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top