KeralaLatest News

അര്‍ജുന്റെയും ഭാര്യയുടെയും മൊഴികളിൽ വൈരുദ്ധ്യം, കൂടുതൽ സാമ്പത്തികം നൽകിയില്ലെന്ന് ഭാര്യ, ചോദ്യം ചെയ്യല്‍ തുടരുന്നു

കസ്റ്റംസിന്റെ ഇത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യലുകള്‍ക്ക് ഭാര്യയുടെ അമ്മ നല്‍കിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയത്.

കൊച്ചി:  അര്‍ജുന്‍ ആയങ്കിക്കായി കസ്റ്റംസ് വീണ്ടും കുരുക്ക് മുറുക്കുന്നു. അര്‍ജുന്റെ സാമ്പത്തിക സ്രോതസ്സുകള്‍ സംബന്ധിച്ച്‌ നല്‍കിയ മൊഴിയിലാണ് കസ്റ്റംസ് വീണ്ടും എത്തി നില്‍ക്കുന്നത്. അര്‍ജുന്‍ ആയങ്കിയുടെ മൊഴിയെ തുടര്‍ന്നാണ് ഭാര്യ അമലയെ നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പറയത്തക്ക ജോലിയൊന്നുമില്ലായിരുന്ന അര്‍ജുന്‍ ആയങ്കി വലിയ ആര്‍ഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. കസ്റ്റംസിന്റെ ഇത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യലുകള്‍ക്ക് ഭാര്യയുടെ അമ്മ നല്‍കിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അര്‍ജുന്‍ മൊഴി നല്‍കിയത്.

എന്നാല്‍ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ല. ഇതിനെ തുടര്‍ന്നാണ് അര്‍ജുന്റെ സാമ്പത്തിക സ്രാേതസുകളെ സംബന്ധിച്ചുള്ള വിവര ശേഖരത്തിനായി കസ്റ്റംസ് അര്‍ജുന്റെ ഭാര്യയോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്. കസ്റ്റംസില്‍ ഹാജരായ അമലയെ ഉദ്യോഗസ്ഥര്‍ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അര്‍ജുന്റെ സാമ്പത്തിക വിവരങ്ങള്‍ സംബന്ധിച്ച്‌ അമല നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. അര്‍ജുന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച്‌ തനിക്ക് അറിയില്ലെന്നാണ് അമല കസ്റ്റംസിന് മൊഴി നല്‍കിയിരുന്നത്.

ഇതുകൂടാതെ അര്‍ജുന്‍ പറയുന്നതുപോലെ വലിയ രീതിയിലുള്ള സാമ്പത്തിക സഹായം ഒന്നും തന്‍റെ വീട്ടുകാരുടെ പക്കല്‍ നിന്നും അര്‍ജുന് ഉണ്ടായിരുന്നില്ല എന്നും അമലയുടെ മൊഴികളിലുണ്ട്. ഈ മൊഴികളും പിന്നീട് മറ്റു പലരില്‍ നിന്നായി കേസുമായി ബന്ധപ്പെട്ട ശേഖരിച്ച മൊഴികളും ചേര്‍ത്ത് വായിച്ചാണ് കസ്റ്റംസ് വീണ്ടും അമലയെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുന്നത്. അതേസമയം അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചേക്കും.

അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വലിയ അളവില്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ചെന്നുമാണ് കസ്റ്റംസിന്‍റെ വാദം. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 19 ലേക്ക് മാറ്റി .

 

shortlink

Related Articles

Post Your Comments


Back to top button