15 July Thursday
ഇടിക്കൂട്ടിൽ ഒമ്പതുപേർ

ടോക്യോയിലേക്ക്‌ റെക്കോഡ്‌ 
സംഘം ; ഷൂട്ടിങ്ങിന് 15 അംഗ സംഘം, സാനിയ ഡബിൾസിൽ, സ്വർണം ലക്ഷ്യമിട്ട്‌ സിന്ധു

വെബ് ഡെസ്‌ക്‌Updated: Thursday Jul 15, 2021



ന്യൂഡൽഹി
ടോക്യോയിൽ നടക്കുന്ന 32–-ാം ഒളിമ്പിക്‌സിന്‌ ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ്‌ ഇന്ത്യ അയക്കുന്നത്‌–-119. കഴിഞ്ഞതവണ റിയോ ഒളിമ്പിക്‌സിൽ 117 പേരാണ്‌ പങ്കെടുത്തത്‌. ഇതുവരെ ഇന്ത്യക്ക്‌ കിട്ടിയത്‌ ഒമ്പത്‌ സ്വർണവും ഏഴ്‌ വെള്ളിയും 12 വെങ്കലവുമടക്കം 28 മെഡലുകൾ. ഒമ്പതിൽ എട്ട്‌ സ്വർണവും പുരുഷ ഹോക്കി ടീമിന്റേതാണ്‌. 2008 ബീജിങ്ങിൽ അഭിനവ്‌ ബിന്ദ്ര ഷൂട്ടിങ്ങിൽ സ്വർണം നേടി. വലിയനേട്ടം 2012 ലണ്ടൻ ഒളിമ്പിക്‌സിലാണ്‌–-ആറ്‌ മെഡൽ.

ഉദ്‌ഘാടനച്ചടങ്ങിലെ മാർച്ച്‌ പാസ്‌റ്റിൽ ഇന്ത്യൻടീമിനെ ബോക്‌സർ മേരികോമും ഹോക്കി ക്യാപ്‌റ്റൻ മൻപ്രീത്‌ സിങ്ങും നയിക്കും. ഇക്കുറി പുരുഷ–-വനിതാ ഹോക്കി ടീമുണ്ട്‌. അവരാണ്‌ വലിയസംഘം–-32 പേർ. അത്‌ലറ്റിക്‌സിൽ 26 പേരുണ്ട്‌. ഷൂട്ടിങ്ങിൽ 15 അംഗ സംഘം. അമ്പെയ്‌ത്തിൽ നാലുപേരുണ്ട്‌. റിയോയിൽ വെള്ളി നേടിയ പി വി സിന്ധു അടക്കം നാലുപേരാണ്‌ ബാഡ്‌മിന്റണിൽ അണിനിരക്കുക. മേരികോം നയിക്കുന്ന ബോക്‌സിങ്‌ ടീമിൽ ഒമ്പത്‌ ഇടിക്കാരുണ്ട്‌. ഗുസ്‌തിക്കാർ ഏഴുപേരാണ്‌. ടേബിൾ ടെന്നീസിന്‌ നാല്‌. മൂന്ന്‌ ഗോൾഫ്‌ കളിക്കാരുണ്ട്‌. സെയ്‌ലിങ്ങിന്‌ മൂന്നുപേർ.

സാനിയ മിർസയും അങ്കിത റെയ്‌നയും ഉൾപ്പെട്ടതാണ്‌ ടെന്നീസ്‌ വനിതാ ഡബിൾസ്‌ ടീം. നീന്തലിൽ മലയാളിയായ സജൻ പ്രകാശ്‌ അടക്കം മൂന്നുപേർ. ഭാരോദ്വഹനത്തിൽ മീരാഭായ്‌ ചാനുവുണ്ട്‌. റോവിങ്ങിന്‌ രണ്ടാംഗ സംഘമാണ്‌. അശ്വാഭ്യാസം, ഫെൻസിങ്‌, ജിംനാസ്‌റ്റിക്‌സ്‌, ജുഡോ എന്നീ ഇനങ്ങളിലും ഇന്ത്യൻസാന്നിധ്യമുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top