തിരുവനന്തപുരം
പരിസ്ഥിതി, തൊഴിലാളി സൗഹൃദ ഉത്തരവാദ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഉത്തരവാദ നിക്ഷേപത്തിന് ലോകമെങ്ങും സ്വീകാര്യത ഏറുകയാണ്. കേരളവും കാലത്തിനൊപ്പം സഞ്ചരിക്കണം. പരമാവധി നിക്ഷേപം ആകർഷിക്കാനാണ് ശ്രമമെന്നും സിഐഐയും (കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്) ചെറുകിട വ്യവസായ അസോസിയേഷനും സംഘടിപ്പിച്ച വെർച്വൽ സംവാദത്തിൽ അദ്ദേഹം പറഞ്ഞു.
ഈസ് ഓഫ് ഡൂയിങ് ബിസിനസിനായുള്ള സർക്കാർ നടപടി മികച്ച ഫലമുണ്ടാക്കിയെന്നും നിക്ഷേപ പ്രോത്സാഹനത്തിന് പൂർണ പിന്തുണയുണ്ടാകുമെന്നും സിഐഐയും ചെറുകിട വ്യവസായ അസോസിയേഷനും വ്യക്തമാക്കി. ഗെയിൽ പൈപ്പ്‌ലൈൻ, കേരള ബാങ്ക്, കിഫ്‌ബി തുടങ്ങിയവ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന് ഉദാഹരണമാണെന്ന് സിഐഐ കേരള ചെയർമാൻ ശ്രീനാഥ് വിഷ്ണു പറഞ്ഞു.
വലിയ പദ്ധതികൾക്ക് ഭൂപരിധി ഒഴിവാക്കുക, ജില്ലാ വികസന പദ്ധതി രൂപീകരിക്കുക, അക്കാദമിക് സ്ഥാപനങ്ങളും ഗവേഷണവും വ്യവസായവുമായി ബന്ധിപ്പിക്കുക, ഉൽപ്പന്ന ഗുണനിലവാര പരിശോധനയ്‌ക്ക് പൊതുസംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ വ്യവസായികൾ ഉന്നയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ അസംസ്‌കൃത വസ്തുക്കളും സാധനങ്ങളും വാങ്ങുമ്പോൾ ചെറുകിട വ്യവസായ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകണമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ ആവശ്യപ്പെട്ടു. നിർബന്ധമല്ലാത്തതും അനാവശ്യവുമായ ലൈസൻസുകൾ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി മറുപടി നൽകി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, കെഎസ്ഐഡിസി എംഡി എം ജി രാജമാണിക്യം, ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് എം ഖാലിദ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..