കൊച്ചി
ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീംകോടതി നിയോഗിച്ച ജയിൻ കമ്മിറ്റിയുടെ റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കാമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. പ്രതികളും മുൻ പൊലീസ് ഉദ്യോഗസ്ഥരുമായ എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് റിപ്പോർട്ട് ഹാജരാക്കാമെന്ന് സിബിഐ അറിയിച്ചത്. സുപ്രീംകോടതി നിർദേശപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്നും നമ്പി നാരായണനെ അന്യായമായി കസ്റ്റഡിയിൽ പീഡിപ്പിച്ചതിലും കേസെടുത്തതിലും പ്രതികൾക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും സിബിഐ ബോധിപ്പിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർ എന്ന നിലയിലുള്ള നടപടികൾ മാത്രമാണ് തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും മറിയം റഷീദയടക്കമുള്ളവർ മജിസ്ട്രേട്ടിനുനൽകിയ മൊഴിയിൽ തങ്ങൾക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ഹർജിക്കാർ ബോധിപ്പിച്ചു. കേസന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഒരു പ്രതിക്ക് വിചാരണക്കോടതി ജാമ്യം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നമ്പി നാരായണൻ ഉൾപ്പെട്ട ഭൂമി ഇടപാടിന്റെ രേഖകൾ ഹർജിഭാഗം കോടതിയിൽ ഹാജരാക്കി. നമ്പി നാരായണന്റെ വാദത്തിനായി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..