തിരുവനന്തപുരം
കൊടകര കുഴൽപ്പണക്കേസിൽ പൊലീസിന്റെ ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പൊതുസമൂഹത്തോടും ഉത്തരം പറയേണ്ട ചോദ്യങ്ങളേറെ. ഏപ്രിൽ മൂന്നിനാണ് ബിജെപിയുടെ കുഴൽപ്പണവുമായി പോയ സംഘത്തിൽനിന്ന് ബിജെപിയുടെ തന്നെ മറ്റൊരുസംഘം കൊടകരയിൽ പണം തട്ടിയത്. കാർ ഡ്രൈവർ ഷംജീർ 25 ലക്ഷം രൂപ കവർന്നതായി പൊലീസിൽ പരാതി നൽകി. ഒരാളെ പിടികൂടിയതോടെ സംഭവങ്ങളുടെ ചുരുളഴിഞ്ഞു. തെളിവുകളും സാക്ഷിമൊഴികളും ബിജെപി ഉന്നതരിലേക്ക് എത്തി. 25 ലക്ഷം എന്നത് കള്ളമാണെന്നും മൂന്നര കോടി രൂപ ഉണ്ടായിരുന്നെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.
ഒന്നരകോടിയോളം രൂപയും കള്ളപ്പണം കൊടുത്ത് വാങ്ങിയ 347 ഗ്രാം സ്വർണവും പൊലീസ് കണ്ടെത്തി. സംഭവമുണ്ടായ ഉടൻ പ്രതികളും പണത്തിന്റെ ഉടമകളെന്ന് അവകാശപ്പെട്ടവരും ബന്ധപ്പെടാൻ ശ്രമിച്ചത് സുരേന്ദ്രനെയാണ്. കള്ളപ്പണ വിതരണത്തിൽ സുരേന്ദ്രന്റെ പങ്കാണ് ഇതിലൂടെ തെളിഞ്ഞത്.
വയനാട്ടിൽ സി കെ ജാനുവിനും മഞ്ചേശ്വരത്ത് സുന്ദരയ്‌ക്കുമടക്കം പണം നൽകി. കള്ളപ്പണം എന്തിനൊക്കെ ഉപയോഗിച്ചുവെന്നും എത്ര കോടി കൊണ്ടുവന്നുവെന്നും ഉത്തരം പറയേണ്ടിവരും.
പി കെ കൃഷ്ണദാസുൾപ്പെടെയുള്ള നേതാക്കൾ ഇടപാട് അറിയരുതെന്ന് സുരേന്ദ്രൻ പറഞ്ഞതും പുറത്തുവന്നു. നേതാക്കളെപോലും വിശ്വാസത്തിലെടുക്കാതെ സംസ്ഥാന അധ്യക്ഷൻ പാർടിയെ വഞ്ചിച്ചുവെന്ന വികാരമാണ് ബിജെപിക്കുള്ളിലും. ഒന്നിലും തനിക്ക് ബന്ധമില്ലെന്നും എവിടെയും ഹാജരാകുമെന്നും വീമ്പടിച്ച സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് കിട്ടിയപ്പോൾ ചുവട് മാറ്റി. പൊലീസ് രണ്ടാമതും നോട്ടീസ് നൽകിയപ്പോഴാണ് ഹാജരാകുമെന്ന് പറഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..