മങ്കൊമ്പ്> പള്ളാത്തുരുത്തിക്ക് സമീപം കായലിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പുന്നപ്ര തെക്ക് സ്വദേശി അനിത കൊല്ലപ്പെട്ട കേസിൽ കാമുകൻ നിലമ്പൂർ മുതുകാട് പൂക്കോടൻവീട്ടിൽ പ്രബീഷ് (36) ഇയാളുടെ മറ്റൊരു കാമുകി കൈനകരി തോട്ടുവാത്തല പതിശേരിവീട്ടിൽ രജനി (38) എന്നിവരാണ് അറസ്‌റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പ്രബീഷും രജനിയും ഏറെ നാളായി ഒന്നിച്ചാണ് താമസം. ഇതിനിടെയാണ് പുന്നപ്ര സ്വദേശി അനിതയെ പാലക്കാടുവച്ച് പ്രബീഷ് പരിചയപ്പെട്ടത്. ഇരുവരും പല സ്ഥലങ്ങളിലായി ഒന്നിച്ചുതാമസിച്ചു. ഗർഭിണിയായതോടെ വിവാഹം ചെയ്യണമെന്ന് അനിത ആവശ്യപ്പെട്ടു. വിവാഹത്തിന് താൽപ്പര്യമില്ലെന്ന അറിയിച്ച പ്രബീഷ് ഗർഭം ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു.
ഇതോടെ ആദ്യ കാമുകി രജനിയുമൊത്ത് കൊലപാതകം ആസൂത്രണംചെയ്‌തു. വെള്ളിയാഴ്‌ച അനിതയെ തോട്ടുവാത്തലയിലെ രജനിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. രാത്രിയോടെ മൃതദേഹം പള്ളാത്തുരുത്തി അരയൻതോടിന് സമീപം പൂക്കൈതയാറ്റിൽ തള്ളുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് പറഞ്ഞു.
പോസ്‌റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനത്തിൽ കൊലപാതക സൂചന കിട്ടിയിരുന്നു. പ്രത്യേക അന്വേഷണസംഘം പ്രതികളെ തിരിച്ചറിഞ്ഞു. അനിതയുടെ ഫോൺ രേഖ പരിശോധിച്ചാണ് പ്രബീഷിലേക്ക് എത്തിയത്. പ്രബീഷ് മൊബൈൽ ആലപ്പുഴയിലെ ഒരു കടയിൽ വിറ്റിരുന്നു. രജനിയുമൊത്ത് നാടുവിടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ സംഭവസ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു.
അമ്പലപ്പുഴ ഡിവൈഎസ്‌പി എസ് സുരേഷ്‌കുമാറിന്റെ മേൽനോട്ടത്തിൽ നെടുമുടി സിഐ എ വി ബിജു, പുന്നപ്ര സിഐ യഹിയ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..