അഗളി > സംസ്ഥാന അതിർത്തിയായ ആനക്കട്ടിയിലെ തമിഴ്നാട് വനത്തിൽ ആന്ത്രാക്സ് ബാധിച്ച് ചെരിഞ്ഞ കാട്ടാനയുടെ ജഡം സംസ്‌കരിച്ചു. തിങ്കളാഴ്‌ചയാണ് കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിൽ ആനക്കട്ടിക്ക്സമീപം സലിംഅലി പക്ഷിനിരീക്ഷണകേന്ദ്രത്തിലെ വനത്തിനുള്ളിൽ കാട്ടാന ചെരിഞ്ഞത്. മാങ്കര കുങ്കിരി കള്ളമേട് വനത്തിൽ ചെരിഞ്ഞ പിടിയാനയ്‌ക്ക് ആന്ത്രാക്‌സ് സ്ഥിരീകരിച്ചതായി തമിഴ്‌നാട് വനംവകുപ്പാണ് വാർത്ത പുറത്തുവിട്ടത്. കേരള വനംവകുപ്പിന് ജാഗ്രതാനിര്‍ദേശവും നൽകി. 12 മുതല്‍ 14 വയസ്സ്‌വരെ പ്രായമുണ്ടാകും ചെരിഞ്ഞ പിടിയാനയ്‌ക്ക്.
ആന്ത്രാക്‌സ് ബാധയുടെ പ്രധാനലക്ഷണമായ ബാഹ്യാവയവങ്ങളിൽനിന്ന് രക്തംവാര്‍ന്ന നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. അതീവ അപകടകാരിയായ രോഗാണു വളരെ വേഗത്തിൽ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ട്. ആനയെ പരിശോധിച്ച ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. മൃഗങ്ങളിൽ വാക്‌സിനേഷൻ വേഗത്തിലാക്കാനാണ് തമിഴ്നാട് ആരോഗ്യ–-വനംവകുപ്പുകളുടെ തീരുമാനം.
മേഖലയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കേരള അതിർത്തിയിലും രോഗബാധ ഭീഷണി നിലനിൽക്കുന്നതിനാൽ ഇവിടങ്ങളിൽ ഉടൻ വാക്‌സിനേഷൻ ആരംഭിക്കാൻ സംസ്ഥാന മൃഗസംരക്ഷണ വകുപ്പും തീരുമാനിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ ഡിവിഷനില്‍ ഇതിനുമുമ്പും തമിഴ്നാട് വനത്തിൽ ചെരിഞ്ഞ കാട്ടാനകളിൽ ആന്ത്രാക്‌സ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2011, 2014, വർഷങ്ങളിൽ ഓരോ ആനകൾക്കും 2016-ല്‍ രണ്ടാനകള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..