13 July Tuesday

വിജയം വീട്ടിലേക്കില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Jul 13, 2021


ലണ്ടൻ
അമ്പത്തഞ്ച്‌ വർഷത്തെ കാത്തിരിപ്പ്‌ അവസാനിക്കുമെന്ന്‌ ഇംഗ്ലണ്ട്‌ കരുതിയതാണ്‌. എന്നാൽ, പ്രതീക്ഷ നൽകിയശേഷം തകർന്നടിഞ്ഞു. യൂറോ ഫൈനലിൽ ഇറ്റലിയോട്‌ ഷൂട്ടൗട്ടിൽ 2–-3നാണ്‌ തോറ്റത്‌. കളിയിൽ പരിശീലകൻ ഗാരി സൗത്‌ഗേറ്റിന്റെ പല തീരുമാനങ്ങളും പിഴച്ചു. സ്വന്തം തട്ടകമായ വെംബ്ലിയിൽ കണ്ണഞ്ചിപ്പിക്കുന്ന തുടക്കമായിരുന്നു ഇംഗ്ലണ്ടിന്‌. രണ്ടാം മിനിറ്റിൽ ലൂക്ക്‌ ഷായുടെ ഗോളിൽ ലീഡ്‌. കീറൺ ട്രിപ്പിയറുടെ മനോഹര ക്രോസായിരുന്നു ഗോളിന്‌ പിന്നിൽ. പ്രതിരോധത്തെ സഹായിക്കുന്ന രണ്ട്‌ മധ്യനിരക്കാരുമായാണ്‌ സൗത്‌ഗേറ്റ്‌ ഇറ്റലിക്കെതിരെയും ഇറങ്ങിയത്‌. ഒരു ഗോൾ ലീഡ്‌ കിട്ടിയിട്ടും ഇറ്റലിയെ തടയാൻ കഴിഞ്ഞില്ല. ഹാരി കെയ്‌നിലേക്ക്‌ പന്തെത്തിയില്ല. പിൻവലിഞ്ഞ്‌ കളിക്കുകയായിരുന്നു സൗത്‌ഗേറ്റിന്റെ സംഘം.

രണ്ടാംപകുതിയിൽ ഇറ്റലി താളം കണ്ടെത്തിയതോടെ ഇംഗ്ലണ്ട്‌ മധ്യനിര ഉലയാൻ തുടങ്ങി. ഒരു ഗോൾ ലീഡിൽ നിൽക്കാനാകില്ലെന്ന്‌ അവർ തിരിച്ചറിഞ്ഞു. ഫെഡെറികോ കിയേസയും മാർകോ വെറാറ്റിയും ഭയപ്പെടുത്തി. ഒടുവിൽ 67–-ാം മിനിറ്റിൽ വഴങ്ങി. ലിയനാർഡോ ബൊനൂഷി സമനില പിടിച്ചതോടെ ഇംഗ്ലണ്ടിന്റെ പിടി അയഞ്ഞു. അധികസമയത്ത്‌ അവർ തളർന്നു.

പ്രധാന കളിയാസൂത്രകനായ ജാക്‌ ഗ്രീലിഷിനെ 99–-ാം മിനിറ്റിലാണ്‌ കൊണ്ടുവന്നത്‌. കളി ഷൂട്ടൗട്ടിലേക്ക്‌ നീളുമ്പോഴായിരുന്നു 119–-ാം മിനിറ്റിൽ പരിചയസമ്പന്നരായ കൈൽ വാൾക്കറെയും ജോർദാൻ ഹെൻഡേഴ്‌സണെയും പിൻവലിച്ച്‌ യുവതാരങ്ങളായ ജെയ്‌ഡൻ സാഞ്ചോയെയും മാർകസ്‌ റാഷ്‌ഫഡിനെയും കൊണ്ടുവന്നത്‌. ഷൂട്ടൗട്ടിൽ ഇറ്റാലിയൻ താരം ജോർജിന്യോയുടെ കിക്ക്‌ ജോർദാൻ പിക്‌ഫോർഡ്‌ തടഞ്ഞപ്പോൾ ഇംഗ്ലണ്ട്‌ പ്രതീക്ഷയിലായിരുന്നു. പക്ഷേ, ഇംഗ്ലണ്ട്‌ കിക്ക്‌ എടുക്കാനെത്തിയ പത്തൊമ്പതുകാരൻ ബുകായോ സാക്കയ്‌ക്ക്‌ സമ്മർദം അതിജീവിക്കാനായില്ല. സാക്കയെ ദൊന്നരുമ്മ തടഞ്ഞപ്പോൾ ഇംഗ്ലണ്ട്‌ തീർന്നു. ഷൂട്ടൗട്ടിന്‌ വേണ്ടിമാത്രം സൗത്‌ഗേറ്റ്‌ അവതരിപ്പിച്ച റാഷ്‌ഫഡും സാഞ്ചോയും കിക്ക്‌ പാഴാക്കിയത്‌ ഇംഗ്ലണ്ടിനെ ഏറെക്കാലം വേദനിപ്പിക്കും.

പെനൽറ്റി വീഴ്‌ചയ്‌ക്ക്‌ 
അധിക്ഷേപം
യൂറോ കപ്പ്‌ ഫുട്‌ബോൾ ഫൈനലിലെ തോൽവിക്കുപിന്നാലെ ഇംഗ്ലണ്ട്‌ താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം. ഷൂട്ടൗട്ടിൽ കിക്കുകൾ പാഴാക്കിയ മാർകസ്‌ റഷ്‌ഫഡ്‌, ജെയ്‌ഡൻ സാഞ്ചോ, ബുകായോ സാക്ക എന്നിവർക്കെതിരെയാണ്‌ സാമൂഹ്യമാധ്യമങ്ങളിൽ അധിക്ഷേപം. പ്രകോപനപരമായ ആയിരത്തോളം ട്വീറ്റുകൾ ഒഴിവാക്കി. മാഞ്ചസ്റ്റർ തെരുവിലുള്ള റഷ്‌ഫഡിന്റെ ചുമർചിത്രത്തിലെ ഇംഗ്ലീഷ്‌ കുപ്പായം മായ്‌ക്കുകയും ചെയ്‌തു. ഫൈനലിനുശേഷം ഇറ്റാലിയൻ ആരാധകരെ ആക്രമിച്ച അമ്പതോളം ഇംഗ്ലീഷുകാരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇരുപതോളം പൊലീസുകാർക്കും പരിക്കുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top