14 July Wednesday

രാജ്യത്ത്‌ വാക്‌സിൻ ക്ഷാമം രൂക്ഷം; 
കുത്തിവയ്‌പ്‌ പകുതിയായി ; പല കേന്ദ്രങ്ങളും അടച്ചിടേണ്ട സാഹചര്യമാണെന്ന്‌ ഡൽഹി ആരോഗ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 13, 2021


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ വാക്‌സിന്‌ കടുത്തക്ഷാമം നേരിടുന്നു. ഒഡിഷയിലും രാജസ്ഥാനിലും വാക്‌സിനേഷൻ നിർത്തിവക്കേണ്ടി വന്നു.  ആവശ്യത്തിന്‌ വാക്‌സിൻ ലഭ്യമല്ലെന്ന പരാതിയുമായി മറ്റ്‌ സംസ്ഥാനങ്ങളും രംഗത്തെത്തി. ഡൽഹിയിൽ വാക്‌സിന്‌ കടുത്തക്ഷാമം നേരിടുന്നതായി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ അറിയിച്ചു. വാക്‌സിനില്ലാത്തതിനാൽ പല കേന്ദ്രവും അടച്ചിടേണ്ട സാഹചര്യമാണ്‌ നിലവിലുള്ളതെന്നും മനീഷ്‌ സിസോദിയ ട്വീറ്റ്‌ ചെയ്‌തു.

മഹാരാഷ്ട്രയിലും വാക്‌സിൻക്ഷാമം രൂക്ഷമാണെന്ന്‌ ആരോഗ്യമന്ത്രി രാജേഷ്‌ തോപ്പെ പ്രതികരിച്ചു. സംസ്ഥാനത്ത്‌ ദിവസം 15 ലക്ഷം പേർക്ക്‌ വാക്‌സിൻ നൽകാൻ അടിസ്ഥാനസൗകര്യമുണ്ട്‌. എന്നാൽ, വാക്‌സിനില്ലാത്തതിനാൽ രണ്ട്‌ ലക്ഷംമുതൽ മൂന്ന്‌ ലക്ഷംവരെ മാത്രമാണ്‌ നൽകുന്നത്‌. ഒഡിഷയിൽ 24 ജില്ലയിലാണ്‌ പ്രതിരോധയജ്ഞം നിർത്തിവക്കേണ്ടി വന്നതെന്ന്‌ സംസ്ഥാന ആരോഗ്യ സെക്രട്ടറി പി കെ മഹാപത്ര ചൂണ്ടിക്കാണിച്ചു. രാജസ്ഥാനിലും കഴിഞ്ഞദിവസം 25 ജില്ലയിലെ കുത്തിവയ്‌പ്‌ നിർത്തിവച്ചിരുന്നു. ‘തിങ്കളാഴ്‌ച 10,000 ഡോസുമാത്രമാണ്‌ കൈയിലുള്ളത്‌. അതുകൊണ്ട്‌ 25 ജില്ലയിൽ കുത്തിവയ്‌പ്‌ നിർത്തിവക്കേണ്ടി വന്നു’–- ആരോഗ്യ സെക്രട്ടറി സിദ്ധാർഥ്‌ മഹാജൻ വിശദീകരിച്ചു. ഈ മാസത്തേക്ക്‌ 1.5 കോടി ഡോസ്‌ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടും 65 ലക്ഷംമാത്രമാണ്‌ അനുവദിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത്‌ പ്രതിദിന വാക്‌സിനേഷൻ ശരാശരിയിൽ ഗണ്യമായി ഇടിഞ്ഞെന്ന്‌ ഔദ്യോഗിക കണക്ക്‌ വ്യക്തമാക്കുന്നു. ജൂൺ 21 മുതൽ 27 വരെ പ്രതിദിനം ശരാശരി 61.14 ലക്ഷം ഡോസ്‌ കുത്തിവച്ചെന്നാണ്‌ കോവിൻ പോർട്ടലിലെ കണക്ക്‌. എന്നാൽ, ജൂൺ 28 മുതൽ ജൂലൈ നാലുവരെ ഇത്‌ 41.92 ലക്ഷമായി ഇടിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top