ന്യൂഡൽഹി
ജനസംഖ്യ വർധിക്കുന്നതാണ് സമൂഹത്തിലെ അസമത്വമുൾപ്പെടെ എല്ലാ കുഴപ്പങ്ങളുടെയും അടിസ്ഥാന കാരണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനവഴിയിലെ മുഖ്യതടസ്സവും ജനസംഖ്യാവർധനയാണ്. ആധുനിക സമൂഹങ്ങൾ ജനസംഖ്യാ നിയന്ത്രണത്തിന് പ്രഥമപരിഗണന നൽകണം. എല്ലാ സമുദായങ്ങളും ജനസംഖ്യ നിയന്ത്രിക്കാൻ ജാഗ്രത പുലർത്തണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു. ലോകജനസംഖ്യാദിനത്തിൽ യുപി സർക്കാരിന്റെ 2021–-2030 വർഷങ്ങളിലേക്കുള്ള ജനസംഖ്യാനയം പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാ വളർച്ചാനിരക്ക് നിയന്ത്രിക്കുകയാണ് നയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി ജയ്‌പ്രതാപ്‌സിങ് അവകാശപ്പെട്ടു. ‘യുപിയിലെ ജനസംഖ്യ 23.40 കോടിയാണ്. ജനസംഖ്യാ വളർച്ചാനിരക്ക് 2.1 ശതമാനമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 2026ൽ ജനസംഖ്യാ വളർച്ചാനിരക്ക് 2.6 ആയും 2030ൽ 1.9 ശതമാനമായും നിയന്ത്രിക്കുമെന്നാണ് ജനസംഖ്യാനയത്തിൽ പറയുന്നത്.
സംസ്ഥാനത്ത് ‘രണ്ടുകുട്ടി’ നിബന്ധന കർശനമായി നടപ്പാക്കാനുള്ള വ്യവസ്ഥകളടങ്ങിയ കരട് ബിൽ യുപി നിയമകമീഷൻ പുറത്തിറക്കിയിരുന്നു. യുപി തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനസംഖ്യാ നിയന്ത്രണം കർശനമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുതിച്ചുയരുമ്പോൾ കൈയുംകെട്ടിയിരുന്ന മുഖ്യമന്ത്രി ജനസംഖ്യാനിയന്ത്രണത്തിന് വേണ്ടി രംഗത്തിറങ്ങിയത് അപഹാസ്യമാണെന്ന് കോൺഗ്രസ് വക്താവ് അൻഷു ആവസ്‌തി പ്രതികരിച്ചു.വർഗീയരാഷ്ട്രീയത്തിന് മൂർച്ചകൂട്ടാനുള്ള വിഷയങ്ങൾ ഉയർത്തുകയാണ് മുഖ്യമന്ത്രിയെന്നും ആവസ്‌തി പറഞ്ഞു. നാലരക്കൊല്ലം ഒന്നുംചെയ്യാതിരുന്ന സർക്കാർ വ്യാജവാഗ്‌ദാനങ്ങളുമായി സജീവമാകാൻ ശ്രമിക്കുകയാണെന്ന് സമാജ്‌വാദി പാർടി കുറ്റപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..