11 July Sunday

വെംബ്ലിയിൽ തീക്കാറ്റ് ; യൂറോകപ്പ് ഫുട്ബോൾ ഫെെനൽ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Jul 11, 2021

വെംബ്ലി > ലണ്ടൻഅരങ്ങൊരുങ്ങി. ഇന്ന്‌ രാത്രി 12.30ന്‌ യൂറോപ്യൻ ഫുട്‌ബോളിന്റെ പുതിയ അവകാശിയെ വെംബ്ലി തെരഞ്ഞെടുക്കും. സ്വന്തം നാട്ടുകാരുടെ ആരവങ്ങളിൽ ഇംഗ്ലണ്ട്‌. ഈ ടൂർണമെന്റിലെ വമ്പൻമാരെന്ന്‌ പേരുകേട്ട ഇറ്റലി. തന്ത്രങ്ങളും മറുതന്ത്രങ്ങളും തയ്യാറായി. ആക്രമണമോ പ്രതിരോധമോ ഏതിനും ഇരുവശങ്ങളിലും പറ്റിയ യോദ്ധാക്കളുണ്ട്‌. ഇംഗ്ലണ്ട്‌ ഇതുവരെ കിരീടം തൊട്ടിട്ടില്ല. 1966ലെ ലോകകപ്പ്‌ കിരീടത്തിനുശേഷം മറ്റൊരു നേട്ടമില്ല. 55 വർഷമായി അവർ കാത്തിരിക്കുന്നു. അവസാന പ്രധാന അഞ്ച്‌ സെമിഫൈനലുകളിൽ തോൽവിയായിരുന്നു. യൂറോയിൽ 1968, 96 വർഷങ്ങളിൽ സെമിയിൽ തീർന്നു. 1990, 2018 ലോകകപ്പുകളിലും സമാന അവസ്ഥ. 2019ലെ യുവേഫ നേഷൻസ്‌ ലീഗിലും സെമി കടന്നില്ല.

അമ്പത്തഞ്ചുവർഷത്തെ മുറിവ്‌ ഉണക്കണം ഇംഗ്ലണ്ടിന്‌. അതിനുള്ള വിഭവങ്ങളുണ്ട്‌ അവർക്ക്‌. ആവേശത്തേക്കാൾ കളത്തിലെ ജയംമാത്രം ലക്ഷ്യമിടുന്ന പരിശീലകൻ ഗാരെത്‌ സൗത്‌ഗേറ്റ്‌. മികച്ച സ്‌ട്രൈക്കർമാരിലൊരാളായ ഹാരി കെയ്‌ൻ. ഈ യൂറോയിൽ ഇംഗ്ലണ്ടിനെ ഇതുവരെ കളിയഴകുമായി നയിച്ച റഹിം സ്‌റ്റെർലിങ്‌. ഇടതുപാർശ്വത്തിൽ കൊടുങ്കാറ്റാകുന്ന ലൂക്ക്‌ ഷാ.  എതിർമധ്യനിരയെ നിലംപരിശാക്കുന്ന കാൾവിൻ ഫിലിപ്‌സ്‌. ഒറ്റ ഗോൾമാത്രം വഴങ്ങിയ ജോർദാൻ പിക്‌ഫോർഡ്‌. ഒപ്പം വെംബ്ലിയിൽ എത്തുന്ന ആരാധകക്കൂട്ടവും. ഡെൻമാർക്കിനെ സെമിയിൽ കീഴടക്കിയുള്ള ആ കുതിപ്പ്‌ കിരീടത്തിലേക്ക്‌ എത്തുമെന്ന്‌ അവരുടെ പ്രതീക്ഷ.
എതിരാളികളെ പ്രതിരോധത്താൽ അസ്വസ്ഥമാക്കി പിന്നെ ആഞ്ഞടിക്കുന്ന രീതിയാണ്‌ സൗത്‌ഗേറ്റിന്‌.

1968ലാണ്‌ ഇറ്റലി അവസാനമായി യൂറോ ചാമ്പ്യൻമാരായത്‌. 2002ലും 2012ലും ഫൈനലിൽ തോറ്റു. കഴിഞ്ഞ ലോകകപ്പിന്‌ യോഗ്യത നേടാത്തതിന്റെ നിരാശയിലായിരുന്നു ഇറ്റലി. പരിശീലകൻ റോബർട്ടോ മാൻസീനിക്കുകീഴിൽ മുഖംമാറ്റി കുതിച്ചു.  പ്രതിരോധത്തിനൊപ്പം ആക്രമണവും സമന്വയിപ്പിച്ചു. മാർകോ വെറാറ്റി–-ജോർജിന്യോ–-നിക്കോളോ ബറെല്ല ത്രയം മധ്യനിരയിൽ ഇറ്റലിയുടെ നീക്കങ്ങൾ നെയ്യും. മുന്നേറ്റത്തിൽ ലോറെൻസോ ഇൻസിന്യെയും ഫെഡെറികോ കിയേസയുമുണ്ട്‌. ജോർജിയോ കില്ലെനിയും ലിയനാർഡോ ബൊനൂഷിയും നയിക്കുന്ന പ്രതിരോധം ഏത്‌ ആക്രമണനിരയ്‌ക്കും വെല്ലുവിളിയാണ്‌.തോൽവി അറിയാതെ 33 മത്സരം പൂർത്തിയാക്കിയ മാൻസീനിയും സംഘവും വെംബ്ലിയിൽ ചരിത്രമെഴുതാനുള്ള ഒരുക്കത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top