11 July Sunday

എ സി റോഡ്‌ നവീകരണത്തിന്‌ എന്തൊരു വേഗം; കൂടുതൽ തൊഴിലാളികളെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 11, 2021
ആലപ്പുഴ > എസി റോഡ്‌ നവീകരണത്തിന്‌ വേഗം കൂട്ടാൻ കൂടുതൽ തൊഴിലാളികളെയും എൻജിനീയർമാരെയും എത്തിച്ചു. കാന നിർമാണത്തിനും ചെറുപാലങ്ങളുടെ പൈലിങ്ങിനുമായി 100 ഓളം തൊഴിലാളികളെയാണ്‌ എത്തിച്ചത്‌. മേൽനോട്ടത്തിന്‌ അഞ്ച്‌ എൻജിനീയർമാരെകൂടി നിയോഗിച്ചിട്ടുണ്ട്. പാറയ്‌ക്കൽ കലുങ്കിന്‌ സമീപവും വേഴപ്രയിലുമാണ്‌ കാന നിർമാണം. പാറയ്‌ക്കൽ കലുങ്കിന്‌ സമീപം വലതുവശത്തെ കാന നിർമാണത്തിനൊപ്പം കേബിൾ കുഴലും സ്ഥാപിക്കുന്നുണ്ട്‌. ചെറുപാലങ്ങൾക്കുള്ള പൈലിങ്‌ പുരോഗമിക്കുന്നു.

പൊങ്ങയിലും പെരുന്ന ഒന്നാം പാലത്തിനുമുള്ള പൈലിങ്ങാണ്‌ നടക്കുന്നത്‌. പാറയ്‌ക്കൽ കലുങ്കിലെ പൈലിങ്‌ കഴിഞ്ഞ ദിവസം പൂർത്തിയായി. ചെറിയ പാലങ്ങളോട്‌ ചേർന്ന വാട്ടർ പൈപ്പ്‌ ലൈൻ, വൈദ്യുതി ലൈൻ മാറ്റലും പുരോഗമിക്കുന്നു. പെരുന്ന യാഡിൽ നിർമിച്ച വിവിധ പ്രീകാസ്‌റ്റ്‌ ഘടകങ്ങളും പാലങ്ങളുടെ ഗർഡറുകളും റോഡിന്റെ വശങ്ങളിലേക്ക്‌ എത്തിക്കുന്ന പ്രവൃത്തി തുടരുന്നു. കളർകോട്ടെ ചെറുപാലത്തിനുള്ള 14 ഗർഡർ എത്തിച്ചു തുടങ്ങി. പുന്നപ്ര യാഡിലെ കോൺക്രീറ്റ്‌ മിക്‌സിങ്‌ പ്ലാന്റിനുള്ള (ആർഎംസി പ്ലാന്റ്‌) പ്ലാറ്റ്‌ഫോം കോൺക്രീറ്റിങ്‌ പൂർത്തിയായി.

ആലപ്പുഴ ഭാഗത്തെ നിർമാണത്തിനായി ഈ മാസം അവസാനത്തോടെ  പ്രീകാസ്‌റ്റ്‌ ഘടകങ്ങളുടെ നിർമാണം തുടങ്ങും. ഊരാളുങ്കൽ സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top