10 July Saturday

VIDEO - കോവിഡ് രോഗികളുടെ എണ്ണം കുറയാത്തതില്‍ അമിതമായി ഭയപ്പെടേണ്ട; വിശദീകരിച്ച് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jul 10, 2021

തിരുവനന്തപുരം > രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ മാത്രം കോവിഡ് രോഗികളുടെ എണ്ണം കുറയാത്തതില്‍ അമിതമായി ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  പൊതുജനാരോഗ്യ തത്വങ്ങളനുസരിച്ച് പരിശോധിച്ചാല്‍ ഇതില്‍  അത്ഭുതപ്പെടേണ്ടതില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ച് മധ്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കേരളത്തില്‍ അല്പം വൈകി മെയ് മാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനം വരെ ഉയര്‍ന്നു. പ്രതിദിന രോഗികളുടെ എണ്ണം നാല്‍പതിനായിരത്തിന് മുകളിലായിരുന്നു. പിന്നീട് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറഞ്ഞ് ഇപ്പോള്‍ 10 നടുത്ത് ഏതാനും  ദിവസങ്ങളിലായി വലിയ മാറ്റമില്ലാതെ നില്‍ക്കുന്നു.

പുതുതായി രോഗബാധിതരാകുന്നവരുടെ എണ്ണം ഇപ്പോള്‍ 10-14 ആയിരമായികുറഞ്ഞിട്ടുണ്ടെങ്കിലും ടിപിആര്‍ താഴാതെ  നില്‍ക്കുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്കനുപാതമായി   മരണമടയുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

രോഗികളുടെ എണ്ണം ഏറ്റവും കൂടിയിരുന്ന അവസരത്തില്‍ പോലും  കോവിഡ് ആശുപത്രികളിലും ഐസിയുകളിലും രോഗികള്‍ക്ക് ഉചിതമായ ചികിത്സ നല്‍കാനായിട്ടുണ്ട്. കോവിഡ്  ആശുപത്രികിടക്കളുടെ 60 -70 ശതമാനത്തില്‍ കൂടുതല്‍ ഒരിക്കലും ഉപയോഗിക്കേണ്ടി വന്നിട്ടില്ല. മൊത്തം രോഗികളില്‍ 90 ശതമാനത്തോളം പേര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍  സൗജന്യ ചികിത്സ നല്‍കിവരുന്നു. മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

കാസ്പില്‍ (കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതി) ചേര്‍ന്നിട്ടുള്ള 252 ഓളം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നല്‍കുന്നുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ നിയന്ത്രിച്ചിട്ടുമുണ്ട്.  സര്‍ക്കാര്‍ സ്വകാര്യ മേഖലകള്‍ തികഞ്ഞ സഹകരണത്തോടെയാണ് കോവിഡിനെ നേരിടാന്‍ ശ്രമിച്ച് വരുന്നത്.  

ഗുരുതരമായ രോഗലക്ഷണമില്ലാതെ  സമ്പര്‍ക്കവിലക്കില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് അതിനുള്ള സൗകര്യം വീടുകളിലില്ലെങ്കില്‍ അവര്‍ക്ക് മാറി താമസിക്കാനാണ്  ഗാര്‍ഹിക പരിചരണ കേന്ദ്രങ്ങള്‍  (ഡൊമിസിലിയറി കെയര്‍  സെന്റര്‍ ) സംഘടിപ്പിച്ചത്.  ഒന്നാം തരംഗത്തിന്റെ അവസാനത്തോടെ ഐ സി എം ആര്‍ നടത്തിയ സീറോ പ്രിവലന്‍സ് പഠനമനുസരിച്ച് രോഗവ്യാപനനിരക്ക് മറ്റ് സംസ്ഥാനങ്ങളുടേതിന്റെ (21.6) ഏതാണ്ട്  പകുതിമാത്രം (11.4) മാത്രമായിരുന്നു കേരളത്തില്‍ രേഖപ്പെടുത്തിയത്. അത് കൊണ്ട് തന്നെ രണ്ടാം തരംഗത്തില്‍ രോഗസാധ്യതയുള്ളവര്‍   സംസ്ഥാനത്ത്  കൂടുതലായിരുന്നു. അതുകൊണ്ടാണ് രണ്ടാം തരംഗത്തില്‍   രോഗികളുടെ എണ്ണം വര്‍ധിച്ചത്. ആ  സാഹചര്യത്തില്‍ ടെസ്റ്റിംഗിന്റെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുമുണ്ട്.

ഐസിഎംആറിന്റെ സെറോ പ്രിവലന്‍സ് പഠനം  ഇന്ത്യയിലെ പല നഗരങ്ങളിലും 70 മുതല്‍ 80 ശതമാനം പേര്‍ക്ക് രോഗം വന്നു പോയി എന്ന് കണ്ടെത്തിയിട്ടുണ്ട്.  കോവിഡ് പോലൊരു മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ മരണങ്ങളുടെ റിപ്പോര്‍ട്ടിംഗ് അത്ര അനായാസമായി ചെയ്യാവുന്ന ഒന്നല്ല. എങ്കിലും മിക്ക സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ റിപ്പോര്‍ടിംഗ് ചെയ്ത സംസ്ഥാനമാണ് കേരളം എന്ന് ഐസിഎംആറിന്റെ പഠനങ്ങള്‍ തെളിയിക്കുന്നു. ഒരുദാഹരണം മധ്യപ്രദേശാണ്. അധിക മരണങ്ങള്‍ കണ്ടെത്താന്‍ ഈ  മെയ് മാസത്തില്‍ നടത്തിയ എക്‌സസ് ഡെത്ത് അനാലിസിസ് പ്രകാരം 2019  മെയ് മാസത്തേക്കാള്‍ 1,33,000 അധിക മരണങ്ങളാണ് മധ്യപ്രദേശില്‍ ഉണ്ടായതായി കണക്കാക്കപ്പെട്ടത്. എന്നാല്‍ 2461 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റിപ്പോര്‍ട്ട് ചെയ്തതിന്റെ  54 ഇരട്ടിയാണ് അവിടെ സംഭവിച്ച മരണങ്ങളുടെ കണക്ക് എന്ന് കാണാം. അത്തരം പ്രശ്‌നങ്ങള്‍ നമ്മുടെ  സംസ്ഥാനത്തില്ല.

കോവിഡിന്റെ ആദ്യ തരംഗ സമയത്തു ഇന്ത്യയില്‍ ഒന്നാകെ 21 പേരില്‍ രോഗബാധ  ഉണ്ടാകുമ്പോള്‍ ആയിരുന്നു ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ ഏകദേശം 30 കേസുകള്‍ ഉണ്ടാകുമ്പോള്‍ ആയിരുന്നു ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കേരളത്തില്‍ 3 കേസുകള്‍ ഉണ്ടാകുമ്പോള്‍ തന്നെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ നമുക്കു സാധിച്ചു. ആ ജാഗ്രതയാണ് കേരളം ഇപ്പോഴും തുടരുന്നത്.

രണ്ടാംതരംഗത്തില്‍ രോഗവ്യാപന സാധ്യത വളരെയെറെയുള്ള ഡെല്‍റ്റ വൈറസ് വകഭേദമാണ് കേരളത്തില്‍ എത്തിയത്.  ജനസാന്ദ്രത കൂടുതലായതുകൊണ്ട്   ഡെല്‍റ്റ വൈറസ് വ്യാപനം കേരളത്തില്‍ കൂടുതലായി സംഭവിച്ചു. മാത്രമല്ല    ഗ്രാമനഗരങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് തുടര്‍ച്ചയായി നിലനില്‍ക്കുന്നത് കൊണ്ട് രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടര്‍ന്ന്പിടിക്കുന്ന  സാഹചര്യമുണ്ടായി.

ഡെല്‍റ്റ വൈറസ്, രോഗം വന്ന് ഭേദമായവരിലും വാക്‌സിനേഷന്‍ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ പരിമിതമായി മറികടക്കുന്നതിനാല്‍ രോഗം ഭേദമായവര്‍ക്ക്  റീ ഇന്‍ഫക്ഷനും വാക്‌സിന്‍ എടുത്തവര്‍ക്ക് ബ്രേക്ക് ത്രൂ ഇന്‍ഫക്ഷനും വരാനിടയായി. ഇപ്പോള്‍ പോസിറ്റീവാകുന്നവരില്‍ പലരും ഈ  വിഭാഗത്തില്‍ പെട്ടവരാണ്.  ഇവര്‍ക്ക് ഗുരുതരമായ രോഗലക്ഷണമുണ്ടാവില്ലെന്നതും  മരണ സാധ്യത ഇല്ലെന്നതും ആശ്വാസകരമാണ്.

രോഗം പിടിപെടാതെ പരാമവധി ആളുകളെ സംരക്ഷിക്കുക എന്ന നയമാണ് നമ്മുടെ സംസ്ഥാനം ആദ്യം മുതല്‍ സ്വീകരിച്ചത്. എല്ലാവര്‍ക്കും രോഗം വന്ന് സാമൂഹിക പ്രതിരോധ ശേഷി ആര്‍ജിക്കുക എന്നതല്ല, മറിച്ചു വാക്‌സിന്‍ ലഭ്യമാകുന്നത് വരെ  രോഗം പരമാവധി ആളുകള്‍ക്ക് വരാതെ നോക്കി മരണങ്ങള്‍ കഴിയുന്നത്ര തടയുക എന്ന നയമാണ് കേരളം പിന്തുടര്‍ന്നത്. രോഗത്തെ നിയന്ത്രണാതീതമായി പടര്‍ന്ന് പിടിക്കാന്‍ വിട്ടാല്‍ അതു പെട്ടെന്ന് ഉച്ചസ്ഥായിയില്‍ എത്തി പെട്ടെന്ന് തന്നെ വ്യാപനം കുറയും. അത്തരത്തില്‍ കുറെയേറെ  മരണങ്ങള്‍ ഉണ്ടാകുന്നത് നോക്കാതെ രോഗവ്യാപനം പെട്ടെന്ന് കുറയ്ക്കാന്‍ അല്ല സംസ്ഥാനം ശ്രമിച്ചത്. മറിച്ച് പരമാവധി ജീവനുകള്‍ സംരക്ഷിക്കാന്‍ ആണ്. ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി സാമൂഹിക പ്രതിരോധം നേടാനാണ് ശ്രമിക്കുന്നത്.

18 വയസ്സിനു മുകളില്‍ ഉള്ള 43 ശതമാനം ആളുകള്‍ക്ക് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 12 ശതമാനം ആളുകള്‍ക്കു രണ്ടാമത്തെ ഡോസ് വാക്‌സിനും നല്‍കി. ഏറ്റവും വേഗത്തില്‍ വാക്‌സിനേഷന്‍ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന മുറക്ക് ഒട്ടും പാഴാക്കാതെ വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ നാം  മുന്‍പന്തിയിലാണ്.  ഇക്കാര്യത്തില്‍ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടുമുണ്ട്.  ഇപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ വഴിയും വാക്‌സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.  കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകള്‍ക്ക് പുറമേ റഷ്യയുടെ സ്പുട്ട്‌നിക്ക് വാക്‌സിനും ചില ആശുപത്രികള്‍ നല്‍കിവരുന്നു. അധികം വൈകാതെ ഇന്ത്യന്‍ അമേരിക്കന്‍ കമ്പനികളുടെ  മറ്റ് വാക്‌സിനുകളും ലഭ്യമായി തുടങ്ങുമെന്ന്  പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

18 വയസ്സിന് മുകളില്‍ 43 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അത് 70 ശതമാനമെങ്കിലും ആയാല്‍ മാത്രമേ ഹേര്‍ഡ് ഇമ്യൂണിറ്റി  കരസ്ഥമാക്കാനാകൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. വാക്‌സിനേഷന്‍  എടുക്കാതെ രോഗം വന്ന് മാറിയവരുടെ കണക്ക് കുടി എടുത്താല്‍ 60 ശതമാനം പേരെങ്കിലും ഇപ്പോള്‍  ഹേഡ്  ഇമ്യൂണിറ്റി കൈവരിച്ച് കാണും. 15ശതമാനം പേര്‍ക്ക് കൂടി വാക്‌സിനേഷന്‍  എത്രയും പെട്ടെന്ന് തന്നെ നല്‍കാനാനുള്ള നടപടികള്‍ എടുക്കും.

നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ ശുപാര്‍ശ പ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ എടുക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഗര്‍ഭ കാലത്ത് കോവിഡ് രോഗബാധയുണ്ടായാല്‍ കുഞ്ഞിനു പൂര്‍ണവളര്‍ച്ചയെത്തുന്നതിനു മുന്‍പ് തന്നെ പ്രസവം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതല്‍ ആണെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ നല്‍കുന്ന സൂചന. അതിനു പുറമേ ഗര്‍ഭിണികള്‍ കോവിഡ് ബാധിതരായാല്‍ ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നല്‍കേണ്ടതിനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട്, വാക്‌സിന്‍ സ്വീകരിക്കാനുള്ള അനുമതി ലഭിച്ച പുതിയ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍  വാക്‌സിന്‍ എടുക്കുന്നതിന്  തയ്യാറാകണം. വാക്‌സിന്‍ നല്‍കുന്നതിനുള്ള മാര്‍ഗരേഖ ഉടനെ പ്രസിദ്ധപ്പെടുത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top