10 July Saturday

നിറയട്ടെ മധുര കോപ്പ; മാരക്കാനയിൽ ബ്രസീലും അർജന്റീനയും മുഖാമുഖം

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌Updated: Saturday Jul 10, 2021

റിയോ > സ്വപ്‌നമല്ല, യാഥാർഥ്യം. മാരക്കാനയിൽ ബ്രസീലും അർജന്റീനയും മുഖാമുഖം. ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ കാത്തിരുന്ന ദിവസം. ലാറ്റിനമേരിക്കൻ ഫുട്‌ബോളിലെ രാജാവിനെ കണ്ടെത്താനുള്ള കോപ അമേരിക്ക ഫൈനൽ നാളെ പുലർച്ചെ 5.30നാണ്‌.

2007ലാണ്‌ കോപയിൽ കിരീടത്തിനായി ഇരുടീമുകളും അവസാനമായി പോരടിച്ചത്‌. അന്ന്‌ ബ്രസീൽ മൂന്ന്‌ ഗോളിന്‌ അർജന്റീനയെ തകർത്തു. 28 വർഷങ്ങൾക്കുശേഷം ഒരു കപ്പ്‌ തൊടാനുള്ള മോഹവുമായി എത്തുന്ന അർജന്റീനയ്‌ക്ക്‌ ലയണൽ മെസി എന്ന മാന്ത്രികന്റെ കാലുകളിലാണ്‌ സർവപ്രതീക്ഷയും. മെസിക്ക്‌ മറുപേരായി ബ്രസീലിന്‌ നെയ്‌മറുണ്ട്‌.  ഇരുപത്തിയൊമ്പതുകാരന്റെ ബൂട്ടിൽ വിശ്വാസമർപ്പിച്ചാണ്‌ തുടർച്ചയായ രണ്ടാം കിരീടം സ്വപ്‌നം കാണുന്നത്‌.

നൂറ്റാണ്ടായി തുടരുന്ന ഒട്ടും കലർപ്പില്ലാത്ത വൈര്യമാണ്‌ ബ്രസീലും അർജന്റീനയും തമ്മിൽ. ലോകത്തിന്‌ പ്രതിഭാശാലികളായ ഒട്ടേറെ കളിക്കാരെ സമ്മാനിച്ച രണ്ട്‌ രാജ്യങ്ങൾ. കളത്തിൽ എന്നും ആരാധകരുടെ മനസ്സ്‌ നിറച്ചവർ. നേർക്കുനേർ വന്നപ്പോഴൊക്കെ കലഹങ്ങളില്ലാത്ത, ചോര ചിന്താത്ത ഒറ്റ പോരാട്ടവും കടന്നുപോയിട്ടില്ല. ഏറ്റവും ഒടുവിൽ കഴിഞ്ഞ കോപ സെമിയിലാണ്‌ ഏറ്റുമുട്ടിയത്‌. ബ്രസീൽ ജയിച്ചു.

ഗോൾകീപ്പർ

ഗോൾവല ആരെ ഏൽപ്പിക്കണമെന്നത്‌ ബ്രസീൽ പരിശീലകൻ ടിറ്റെയ്‌ക്ക്‌ തലവേദനയാണ്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ മാറ്റുതെളിയിച്ച രണ്ട്‌ മികച്ച ഗോൾകീപ്പർമാരാണുള്ളത്‌. ലിവർപൂളിന്റെ അലിസൺ ബെക്കറും മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്‌സണും. ഒന്നാം നമ്പർ ഗോളി അലിസണാണ്‌. എന്നാൽ നോക്കൗട്ട്‌ കളികളിൽ എഡേഴ്‌സണാണ്‌ വല കാത്തത്‌. മികച്ച പ്രകടനവുമായിരുന്നു. ഫൈനലിൽ പരിചയസമ്പന്നമാണ്‌ പരിഗണിക്കുന്നതെങ്കിൽ ലയണൽ മെസിയെയും കൂട്ടരേയും തടയാൻ അലിസൺ എത്തും.
2018നുശേഷം എട്ട്‌ ഗോളിമാരെയാണ്‌ അർജന്റീന പരീക്ഷിച്ചത്‌. ഒടുവിൽ എമിലിയാനോ മാർട്ടിനെസ്‌ എന്ന ആസ്റ്റൺ വില്ലക്കാരനിൽ കാവൽക്കാരന്റെ കൈയുറ എൽപ്പിച്ചു. സെമിയിൽ കൊളംബിയക്കെതിരെ ഷൂട്ടൗട്ടിൽ മൂന്ന്‌ കിക്കുകളാണ്‌ എമിലിയാനോ തടഞ്ഞത്‌.

പ്രതിരോധം

അർജന്റീനയേക്കാൾ പ്രതിരോധത്തിൽ ഉറപ്പ്‌ ബ്രസീലിനാണ്‌. ഡാനിലോയും റെനാൻ ലോധിയും തന്നെയാകും ഇരുമൂലകളിലും. നടുവിൽ മാർകീന്വോസും. തിയാഗോ സിൽവയോ ഏദെർ മിലിറ്റാവോയാണോ ശേഷിക്കുന്ന ഒഴിവിൽ എത്തുക എന്നതാണ്‌ അറിയേണ്ടത്‌. പ്രായം മുപ്പത്തേഴാകുന്ന തിയാഗോയ്‌ക്ക്‌ പഴയ വേഗമില്ല. സിൽവയുള്ളതിനേക്കാൾ കളിവേഗം മിലിറ്റാവോ ചേരുമ്പോഴുണ്ട്‌.

യുവതാരം ക്രിസ്റ്റ്യൻ റൊമേറേയുടെ പരിക്കാണ്‌ അർജന്റീനയ്ക്ക്‌ നിരാശ നൽകുന്നത്‌. ഫൈനലിലും ഈ അറ്റ്‌ലാന്റ താരം കളിച്ചേക്കില്ല. നിക്കോളാസ്‌ ഒട്ടമെൻഡിക്ക്‌ കൂട്ട്‌ ജെർമൻെ പെസ്സെല്ലയാകും. പരിചയസമ്പന്നനായ നിക്കോളാസ്‌ താളിയാഫിക്കോയും കാനറികളെ പിടിച്ചുനിർത്താനുണ്ടാകും.

മധ്യനിര

ലിയാൻഡ്രോ പരദെസ്‌, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ ത്രയമാണ്‌ അർജന്റീനയുടെ മധ്യനിര നിയന്ത്രിക്കുന്നത്‌. ബ്രസീലിനാകട്ടെ കരുത്തനായ കാസെമിറോയുണ്ട്‌. മെസിയെ തളയ്‌ക്കുക എന്ന ഉത്തരവാദിത്തവും ഈ റയൽ മാഡ്രിഡുകാരനിൽ വന്നുചേരും. ഫ്രെഡും ലൂക്കാസ്‌ പക്വേറ്റയും കൂട്ടാകും.

മുന്നേറ്റം

മെസിയാണ്‌ അർജന്റീനയുടെ ജീവൻ. ടൂർണമെന്റിൽ അവർ നേടിയ 11 ഗോളിലും മെസിയുടെ കാലുകളുണ്ട്‌. അഞ്ചടിക്കുകയും നാലിന്‌ വഴിയൊരുക്കുകയും ചെയ്‌ത മുപ്പത്തിനാലുകാരൻ ബാക്കി രണ്ടിന്‌ പിന്നിലുമുണ്ടായി. ലൗതാരോ മാർടിനെസാകും കൂട്ടുകാരൻ. ഏയ്ഞ്ചൽ ഡി മരിയ, പാപു ഗൊമെസ്‌, നിക്കോളാസ്‌ ഗൊൺസാലെസ്‌ എന്നിവരാണ്‌ ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി മത്സരിക്കുന്നത്‌. സെർജിയോ അഗ്വേറോ പകരക്കാരുടെ ബെഞ്ചിലിരിക്കും.

നെയ്‌മറാണ്‌ ബ്രസീലിന്റെ അമ്പും വില്ലും. ഒരേസമയം തൊടുക്കാനും വഴിയൊരുക്കാനും നെയ്‌മർ മിടുക്കനാണ്‌. രണ്ട്‌ ഗോളും മൂന്ന്‌ അവസരങ്ങളും ഒരുക്കി. റിച്ചാർലിസണാണ്‌ നെയ്‌മറിന്റെ പങ്കാളി.
ഗബ്രിയേൽ ജെസ്യൂസിന്‌ പകരം വേഗതയുള്ള വിനീഷ്യസ്‌ ജൂനിയർ എത്തിയേക്കും. ഇല്ലെങ്കിൽ റോബർട്ടോ ഫിർമിനോ.

സാധ്യതാ ഇലവൻ

ബ്രസീൽ

എഡേഴ്‌സൺ/അലിസൺ, ഡാനിലോ, മാർകിന്വോസ്‌, തിയാഗോ സിൽവ/ഏദെർ മിലിറ്റാവോ, റെനാൻ ലോധി, കാസെമിറോ, ഫ്രെഡ്‌, ലൂക്കാസ്‌ പക്വേറ്റ, വിനീഷ്യസ്‌ ജൂനിയർ/ റോബർട്ടോ ഫിർമിനോ, നെയ്‌മർ, റിച്ചാർലിസൺ.

അർജന്റീന

എമിലിയാനോ മാർട്ടിനെസ്‌, നാഹ്വേൽ മൊളീന, ജെർമൻ പെസ്സെല്ല, നിക്കോളസ്‌ ഒട്ടമെൻഡി, നിക്കോളാസ്‌ താളിയാഫിക്കോ, റോഡ്രിഗോ ഡി പോൾ, ലിയൻഡ്രോ പരദെസ്‌, ജിയോവാനി ലൊ സെൽസോ, ലയണൽ മെസി, ലൗതാരോ മാർടിനെസ്‌, പാപു ഗോമെസ്/എയ്‌ഞ്ചൽ ഡി മരിയ/നിക്കോളാസ്‌ ഗൊൺസാലെസ്‌.

മുഖാമുഖം

111 കളി
ബ്രസീൽ ജയം 46
അർജന്റീന ജയം 40
സമനില 25

♦ കോപ്പയിൽ (1975 വരെ സൗത്ത്‌ അമേരിക്കൻ ചാമ്പ്യൻഷിപ്)
♦ നേർക്കുനേർ ഫൈനൽ 9
♦ അർജന്റീന ജയം 7 (1921, 1925, 1937, 1945, 1957, 1959, 1991)
♦ ബ്രസീൽ 2 (2004, 2007), 2019 സെമിയിൽ ബ്രസീൽ ജയം 2–-0

ഇതുവരെ

ബ്രസീൽ

വെനസ്വേലയെ 3–-0ന്‌ തോൽപ്പിച്ചു, പെറുവിനെ 4–-0ന്‌ വീഴ്‌ത്തി, കൊളംബിയയെ 2–-1ന്‌ തോൽപ്പിച്ചു, ഇക്വഡോറിനോട്‌ 1–-1ന്‌ സമനില, ക്വാർട്ടർ: ചിലിയെ 1–-0ന്‌ തോൽപ്പിച്ചു, സെമി: പെറുവിനെ 1–-0ന്‌ തോൽപ്പിച്ചു.

അർജന്റീന

ചിലിയോട്‌ 1–-1ന്‌ സമനില, ഉറുഗ്വേയേ 1–-0ന്‌ തോൽപ്പിച്ചു, പരാഗ്വേയെ 1–-0ന്‌ തോൽപ്പിച്ചു, ബൊളീവിയയെ 4–-1ന്‌ വീഴ്‌ത്തി, ക്വാർട്ടർ: ഇക്വഡോറിനെ 3–-0ന്‌ തോൽപ്പിച്ചു, സെമി: കൊളംബിയയെ ഷൂട്ടൗട്ടിൽ 3–-2ന്‌ കീഴടക്കി.

കോപ്പയിൽ

ബ്രസീൽ 21 ഫൈനൽ, 

9 കിരീടം 
(1919, 1922, 1949, 1989, 1997, 1999, 2004, 2007, 2019)

അർജന്റീന 29 ഫൈനൽ,

14 കിരീടം 
(1921, 1925, 1927, 1929, 1937, 1941, 1945, 1946, 1947, 1955, 1957, 1959, 1991, 1993)

പ്രവേശനം 
6500 പേർക്ക്‌

റിയോ > ഫൈനൽ കാണാൻ ക്ഷണിക്കപ്പെട്ട 6500 പേർക്കുമാത്രമാണ്‌ അവസരം. അല്ലെങ്കിൽ സ്‌റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നവരുടെ 10 ശതമാനം. നിലവിൽ സ്‌റ്റേഡിയത്തിന്‌ 78, 838 പേരെ ഉൾക്കൊള്ളാനാവും.
കളി കാണാനെത്തുന്നവർക്ക്‌ കോവിഡ്‌ പരിശോധന നടത്തണമെന്നും നിബന്ധനയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top