തിരുവനന്തപുരം > രാജ്യത്ത് ആദ്യമായി കോവിഡ് ബാധിച്ച് മരിച്ച രോഗികളെ പോസ്റ്റ്‌മോർട്ടം ചെയ്തവരിൽ മലയാളി ഡോക്ടറും. ഭോപ്പാൽ എയിംസ് ഫോറൻസിക് മെഡിസിൻ സീനിയർ റസിഡന്റ് ഡോ. ജെ എസ് ശ്രാവണാണ് നാലംഗ സംഘത്തിലെ മലയാളി സാന്നിധ്യം. തിരുവനന്തപുരം ചൂഴാറ്റുകോട്ട, മലയം സ്വദേശിയാണ് ഡോ. ശ്രാവൺ.
രാജ്യത്ത് കോവിഡ് ഒന്നാം തരംഗം ശക്തി പ്രാപിച്ച 2020 മേയിലാണ് കൊറോണ വൈറസിനെപ്പറ്റി കൂടുതൽ പഠിക്കാനായി പോസ്റ്റ്‌മോർട്ടങ്ങൾ നടത്താനുള്ള നടപടികൾക്ക് ഇവർ തുടക്കം കുറിച്ചത്. രാജ്യത്താദ്യമായി ആഗസ്ത് 16ന് കോവിഡ് രോഗിയുടെ പോസ്റ്റ്‌മോർട്ടം നടന്നു. ഒക്‌ടോബർ 23 വരെയുള്ള മൂന്ന് മാസക്കാലയളവിൽ 21 പോസ്റ്റ്‌മോർട്ടങ്ങൾ ചെയ്തു. പൂർണമായും വീട്ടുകാരുടെ അനുമതി തേടിയായിരുന്നു ഇത്. അതിനുമുമ്പ് ഇറ്റലിയിലും അമേരിക്കയിലും മാത്രമായിരുന്നു ഇത്തരത്തിൽ പഠനം നടത്തിയിരുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരിൽ വൈറസ് ജീവനോടെയുണ്ടാകുമോയെന്നും ഉണ്ടെങ്കിൽ അവയുടെ വ്യാപനം എങ്ങനെയാണ് എന്നിവ സംബന്ധിച്ച് പഠനം നടത്തുകയായിരുന്നു ലക്ഷ്യം.
മരിച്ച് ആറ് മണിക്കൂർ മുതൽ 19 മണിക്കൂർ വരെയായ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടത്തി. മരിച്ച് 19 മണിക്കൂർ വരെയും ശരീരത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്താനായി. കോശങ്ങളിൽ നടത്തിയ പരിശോധനയിൽ കോവിഡ് സാധാരണ ബാധിക്കുന്ന ശ്വാസകോശം, കരൾ, വൃക്ക (90 ശതമാനത്തിലധികം) എന്നിവ കൂടാതെ പാൻക്രിയാസിലും (ആഗ്നേയഗ്രന്ഥി) കുടലുകളിലും വൈറസ് സാനിധ്യം കണ്ടെത്തിയതായി ഡോക്ടർ പറഞ്ഞു.
വൈറസുകൾ സാധാരണ കടക്കാത്ത തലച്ചോറിൽവരെ (47–-53 ശതമാനം) വൈറസ് സാന്നിധ്യം കാണാനായതായി അദ്ദേഹം പറഞ്ഞു. കൊറോണയ്ക്ക് ശരീരത്തിന്റെ ഏത് ഭാഗത്തേക്കും വ്യാപിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്നതാണിത്. ഭോപ്പാലിന് ശേഷം ഗുജറാത്തിൽ ഇത്തരത്തിൽ പഠനം നടന്നിട്ടുണ്ട്.
കൊല്ലം മെഡിക്കൽ കോളേജിലെ ഫിസിയോളജി വിഭാഗത്തിലെ ഡോ. ബി എച്ച് ഗായത്രിയാണ് ഡോ. ശ്രാവണിന്റെ ഭാര്യ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..