08 July Thursday
പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി

ഉത്ര കേസ്‌; പ്രതി വിഷപ്പാമ്പുകളെക്കുറിച്ച്‌ 
നെറ്റിൽ തെരഞ്ഞത്‌ 15 തവണ

സ്വന്തം ലേഖകന്‍Updated: Thursday Jul 8, 2021
കൊല്ലം > ഉത്രയെ ഭർത്താവ്‌ സൂരജ്‌ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചു കൊന്ന കേസിൽ പ്രോസിക്യൂഷൻ ഭാഗം വാദം പൂർത്തിയായി. സമാനതകളില്ലാത്ത കുറ്റകൃത്യമാണ് ഉത്ര വധക്കേസെന്നും സാഹചര്യത്തെളിവുകൾ ചങ്ങലപോലെ പ്രതിയുടെ കുറ്റകൃത്യം വെളിവാക്കുന്നതായും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് ആറാം അഡീഷണൽ സെഷൻസ് ജഡ്‌ജി എം മനോജ് മുമ്പാകെ ബോധിപ്പിച്ചു.
 
ഉത്രയെ അണലി കടിക്കുന്നതിനു മുമ്പ് സൂരജ്‌ പത്തു തവണ അണലിയെക്കുറിച്ച്‌ ഇന്റർനെറ്റിൽ തെരഞ്ഞു.  മൂർഖൻ കടിക്കുന്നതിന് മുമ്പ് മൂർഖന്റെ സവിശേഷതകൾ പ്രതി അഞ്ചു തവണയാണ്‌ ഇന്റർനെറ്റിൽ പരതിയത്‌. ഉത്രയെ അണലി കടിച്ച ദിവസവും രാത്രി 10.30ന് അണലിയെക്കുറിച്ച് ഇന്റർനെറ്റിൽ തെരഞ്ഞിരുന്നു. അണലിയുടെ കടിയേറ്റ് ആശുപത്രിയിൽ കിടന്നതിന്റെ പിറ്റേദിവസം 2020 മാർച്ച് നാലു മുതൽ മൂർഖനെക്കുറിച്ചും തെരഞ്ഞു. മൂർഖന്റെ വിഷം എടുക്കുന്ന രീതി മാർച്ച് 10ന് സൂരജ് ഇന്റർനെറ്റിൽ നാലു തവണ കണ്ടു. കൈകൊണ്ട് പാമ്പിന്റെ തലയിൽ ബലമായി അമർത്തി വിഷം ചീറ്റിക്കുന്ന രീതിയാണ് സൂരജ് അവലംബിച്ചതെന്ന് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയന്റെ മൊഴി ഉദ്ധരിച്ച് പ്രോസിക്യൂഷൻ സമർഥിച്ചു. പാമ്പിനെക്കൊണ്ട് ഉത്രയുടെ കൈ യിൽ ബലമായി  കടിപ്പിക്കുകയായിരുന്നു.
 
സൂരജിനെ 2020 മെയ് ഒമ്പതിന് അഞ്ചൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ചോദ്യംചെയ്തിരുന്നു. അതിനുശേഷം സൂരജ് തന്റെ ഫോൺ ഉപയോഗിക്കാതെ സുഹൃത്ത്‌ എൽദോസിന്റെ ഫോണിൽനിന്ന്‌ പാമ്പു പിടിത്തക്കാരൻ ചാവർകാവ് സുരേഷിനെ വിളിച്ച് ആരുചോദിച്ചാലും പാമ്പിനെ നൽകിയതും പണംനൽകിയതും പറയരുതെന്ന് പറഞ്ഞിരുന്നു. ഇതൊരു ‘സർപ്പകോപ’മായി തീരുമെന്നും അല്ലെങ്കിൽ കൊലക്കേസിൽ സുരേഷും ജയിലിലാകുമെന്നും  സൂരജ് പറഞ്ഞു. ഇതു തെളിവായി കുറ്റസമ്മത മൊഴിയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
 
ഉത്രയെ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചു കൊന്നത്‌  തികച്ചും അസ്വാഭാവികമായ കുറ്റകൃത്യമാണെന്നും കേസിലെ പ്രതി  സൂരജിന്‌ ഉത്രയുടെ മുതലുകൾ നിലനിർത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഭിന്നശേഷിക്കാരി ആയതിനാലാണ്‌ കൊലപാതകം. 28 സാഹചര്യത്തെളിവുകൾ ഇതാണ്‌ തെളിയിക്കുന്നത്‌. നിരാലംബയായ  പെൺകുട്ടിയെ  ദയയോ ദാക്ഷണ്യമോ കൂടാതെ രണ്ടുതവണ പാമ്പിനെക്കൊണ്ട് കടിപ്പിച്ചതും അത് സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ നടത്തിയ ശ്രമങ്ങളും സമാനതകളില്ലാത്തതും  പൊറുക്കാനാകാത്തതുമായ കുറ്റകൃത്യമാണ്‌–- പ്രോസിക്യൂട്ടർ കോടതി മുമ്പാകെ പറഞ്ഞു. പ്രതിഭാഗം വാദം 12ന് ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top