മനാമ
കപ്പലിലെ സ്‌ഫോടനത്തെതുടർന്ന് ദുബായ് ജബൽ അലി തുറമുഖത്ത് വൻ അഗ്നിബാധ. തുറമുഖത്തിനടുത്ത് ഡോക്‌സൈഡ് 14ലെ കപ്പലിലെ കണ്ടെയ്‌നറുകളിൽ ഒന്ന് പൊട്ടിത്തെറിക്കുകയായിയിരുന്നു. ആളപായമില്ല. യുഎഇ സമയം ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. ആർക്കും പരിക്കില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും അധികൃതർ അറിയിച്ചു. തുറമുഖത്തിന്റെ പ്രധാന ഷിപ്പിങ്‌ലൈനിൽനിന്ന് മാറിപ്പോകാൻ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനം. കിലോമീറ്ററകലെവരെ പ്രകമ്പനമുണ്ടായി. തീ നിയന്ത്രണവിധേയമാക്കാൻ 40 മിനിറ്റ് എടുത്തു.
കപ്പലിൽ 130 കണ്ടെയ്‌നറുകളിൽ മൂന്ന് എണ്ണത്തിൽ തീ പിടിക്കുന്ന വസ്‌തുക്കളായിരുന്നു. ഇവയിൽ സ്‌ഫോടകവസ്തുക്കളോ റേഡീയോ ആക്ടീവ് വസ്തുക്കളോ ഇല്ലെന്ന് ദുബായ് പൊലീസ് കമാൻഡ് ഇൻ ചീഫ് അബ്ദുല്ല ഖലീഫ അൽ മാരി അറിയിച്ചു. സ്‌ഫോടനകാരണം കണ്ടെത്താൻ അടിയന്തര അന്വേഷണം ആരംഭിച്ചു. ഡിപി വേൾഡിനാണ് ജബൽ അലി പോർട്ട് നടത്തിപ്പ് ചുമതല. യുഎഇയിലെയും മേഖലയിലെയും പ്രധാന തുറമുഖമായ ഇവിടെ ഏറ്റവും വലിയ കപ്പലുകൾക്കും നങ്കൂരമിടാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..