ആലപ്പുഴ > കലിതുള്ളി മഴ പെയ്യേണ്ട മിഥുനപ്പാതിയിൽ മേടത്തിലെന്നപോലെ തീവെയിൽ. തലതിരിഞ്ഞ ഈ കാലാവസ്ഥ കാർഷികമേഖലയ്‌ക്ക് വൻ ഭീഷണിയും. വേനൽക്കാലം പോലെ ചുട്ടുപൊള്ളുകയാണ് ജില്ല. ശക്തമായ മഴയ്‌ക്ക് മഞ്ഞ മുന്നറിയിപ്പുണ്ടായിരുന്ന കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ചത് വെറും ഒരു മില്ലീ മീറ്റർ മാത്രം. വ്യാഴാഴ്‌ചയും മഞ്ഞ മുന്നറിയിപ്പാണ്.
സംസ്ഥാനത്തും കുറഞ്ഞു
കഴിഞ്ഞ രണ്ടുവർഷവും സാധാരണയിലധികം മഴ ലഭിച്ചിരുന്നു. മഹാപ്രളയത്തിനും വെള്ളപ്പൊക്കത്തിനും കാരണവുമായി. എന്നാൽ ഇക്കുറി കഥമാറി. ജൂൺ ഒന്നുമുതൽ ജൂലൈ ആറുവരെ പെയ്‌തത് 390.3 മില്ലീമീറ്റർ മഴ മാത്രം. ലഭിക്കേണ്ടത് 678.7ഉം. കുറവ് 42 ശതമാനം. കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ സെപ്തംബർ 30 വരെ 1854.8 മില്ലീമീറ്റർ കിട്ടി. ലഭിക്കേണ്ടത് 1722.3. എട്ട് ശതമാനം കൂടുതൽ.
സംസ്ഥാനത്തെ കണക്കുകളിലും ഈ അന്തരമുണ്ട്. കഴിഞ്ഞ വർഷം 2227.9 എംഎം മൺസൂൺ മഴ ലഭിച്ചു. ഒമ്പത് ശതമാനം കൂടുതൽ. ഈ വർഷം ഇതുവരെ ലഭിച്ചത് 443.4 മില്ലീമീറ്റർ. 44 ശതമാനത്തിന്റെ കുറവ്.
കുളിരായി വേനൽ മഴ
മാർച്ച് ഒന്നു മുതൽ മെയ് 31വരെ 906.2 മില്ലീമീറ്റർ മഴ പെയ്‌തു. ലഭിക്കേണ്ടത് 451.7. അധികം പെയ്‌തത് 101 ശതമാനവും. മഞ്ഞുകാലമായ ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെ പെയ്യേണ്ടത് 44.7. എന്നാൽ 123 ശതമാനത്തിന്റെ വർധനയോടെ 99.9 മില്ലീമീറ്റർ പെയ്‌തു.
ചുട്ടു പൊള്ളുന്നു
കാലാവസ്ഥാ വിഭാഗം പരമാവധി ചൂടിൽപ്പെടുത്തിയ 32 ഡിഗ്രിക്കു മുകളിലാണിപ്പോൾ ജില്ല. മഴ മാറി നിൽക്കുന്നതും വെയിൽ കത്തി ഇറങ്ങുന്നതും കൃഷിയെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് ഓണവിപണി ലക്ഷ്യമിട്ട കൃഷികളെ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..