08 July Thursday

നേട്ടം കൂറുമാറ്റക്കാർക്ക്‌ ; 
സുശീലിനെ തഴഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Jul 8, 2021


ന്യൂഡൽഹി
രണ്ടാം മോഡി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ അഴിച്ചുപണിയിൽ കൂറുമാറ്റക്കാർക്ക്‌ വലിയ പ്രാതിനിധ്യം. കോൺഗ്രസിൽനിന്ന്‌ കൂറുമാറിയെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ എന്നിവർക്ക്‌ ക്യാബിനറ്റ്‌ റാങ്ക്‌. എൻസിപിയിൽനിന്ന്‌ എത്തിയ കപിൽ എം പാട്ടീൽ, ഡോ. ഭാരതി പവാർ, തൃണമൂലിൽനിന്ന്‌ കാലുമാറിയ ശന്തനു ഠാക്കൂർ, നിതീഷ്‌ പ്രമാണിക്‌, ആർജെഡിയിൽനിന്ന്‌ കൂറുമാറിയ അന്നപൂർണ ദേവി എന്നിവർ കേന്ദ്രമന്ത്രിമാരായി. യുപിയിൽനിന്നുള്ള മുൻ കോൺഗ്രസ്‌ നേതാവ്‌ റിത ബഹുഗുണ ജോഷിയെ പരിഗണിക്കുമെന്ന്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം തഴഞ്ഞു. മുൻ പിസിസി പ്രസിഡന്റുകൂടിയായ റിത ബഹുഗുണ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച്‌ നേരത്തേ ഡൽഹിയിലെത്തിയിരുന്നു.

രാഹുൽ ഗാന്ധി രാജിവച്ചതോടെ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്കുവരെ പരിഗണിക്കപ്പെട്ട ജ്യോതിരാദിത്യ കഴിഞ്ഞ വർഷമാണ്‌ ബിജെപിയിൽ ചേർന്നത്‌. മധ്യപ്രദേശിലെ ഗുണയിൽനിന്ന്‌ ദീർഘകാലം എംപിയായ സിന്ധ്യ രണ്ടാം യുപിഎ സർക്കാരിൽ സഹമന്ത്രിയായിരുന്നു. മുതിർന്ന കോൺഗ്രസ്‌ നേതാവായിരുന്ന അന്തരിച്ച മാധവറാവു സിന്ധ്യയുടെ മകനാണ്‌.

മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായൺ റാണെ ശിവസേനയിൽനിന്നാണ്‌ കോൺഗ്രസിലെത്തിയത്‌. 2017ൽ കോൺഗ്രസ്‌ വിട്ടു. 2018ൽ ബിജെപി പിന്തുണയിൽ രാജ്യസഭാംഗമായി. തുടർന്ന്‌ ബിജെപിയിൽ അംഗത്വമെടുത്തു. അഴിമതി ആരോപണങ്ങളടക്കം വിവാദങ്ങളിൽ ഉൾപ്പെട്ട നാരായൺ റാണെ കൊങ്കണിൽനിന്നുള്ള കരുത്തനാണ്‌. കൂറുമാറ്റക്കാരെ കാര്യമായി പരിഗണിച്ച മോഡിയും അമിത്‌ ഷായും ബിഹാറിൽനിന്നുള്ള മുതിർന്ന നേതാവ്‌ സുശീൽ മോഡിയെ തഴഞ്ഞു. ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ മോഡിയെ കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ഒഴിവാക്കിയിരുന്നു. കേന്ദ്ര മന്ത്രിസഭ വികസിപ്പിക്കുമ്പോൾ പരിഗണിക്കാമെന്ന വാഗ്‌ദാനം നൽകിയായിരുന്നു അത്‌. എന്നിട്ടും പഴയ അദ്വാനിപക്ഷക്കാരനായ സുശീൽ മോഡിയെ തഴഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top