KeralaLatest NewsNews

‘ലെറ്റസ് ഗോ ഡിജിറ്റല്‍’: പുതിയ പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകള്‍, സര്‍വ്വകലാശാലകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഓണ്‍ലൈന്‍ ക്ലാസ്, പരീക്ഷ എന്നിവയുള്‍പ്പെടെയുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ഒരുക്കാന്‍ ‘ലെറ്റസ് ഗോ ഡിജിറ്റല്‍’ പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതിനായി 100 ദിവസത്തിനുള്ളില്‍ വിപുലമായ ലേണിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Also Read: ഇന്ത്യയിലെ ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായി കേരളത്തിലെ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് അംഗീകാരം

ഡിജിറ്റല്‍ സര്‍വ്വകലാശാല, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, വിവിധ സര്‍വ്വകലാശാലകള്‍, ഐ.എച്ച്.ആര്‍.ഡി, എല്‍.ബി.എസ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാല എന്നീ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുക. കേരളത്തിലെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യയനം പൊതുവായ ലേണിംഗ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെയാക്കുക, പരീക്ഷയുള്‍പ്പെടെ പാഠ്യപദ്ധതി ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഷ്‌ക്കരിക്കുക, ഉപകരണ ലഭ്യത, ഡേറ്റ ലഭ്യത തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും ഡിജിറ്റല്‍ സര്‍വകലാശാലയും യോജിച്ചു തയ്യാറാക്കിയ എല്‍.എം.എസ് മറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും. അടുത്ത 100 ദിവസത്തിനുള്ളില്‍ മൂഡില്‍ എലിമന്റ് ഉപയോഗിച്ച് വിപുലമായ ലേണിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കും. ഇതിന്റെ കേന്ദ്രീകൃത ക്ലൗഡ് സ്‌പേസ് ഡിജിറ്റല്‍ സര്‍വ്വകലാശാലയുടെ സഹായത്തോടെ ലഭ്യമാക്കും. സ്‌റ്റേറ്റ് ഡേറ്റാ സെന്റര്‍, മറ്റ് ക്ലൗഡ് പ്രൊവൈഡര്‍ കമ്പനികള്‍ എന്നിവയുടെ സഹായം സ്വീകരിക്കും.
കാള്‍ നെറ്റ് എന്ന ശൃംഖല വഴി സര്‍വ്വകലാശാല ലൈബ്രറികളെ പൂര്‍ണ്ണമായി ഏകോപിപ്പിച്ചിട്ടുണ്ട്. മറ്റ് ലൈബ്രറികളെയും ഈ സംവിധാനത്തില്‍ കൊണ്ടുവരും.

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമടക്കം എല്ലാവര്‍ക്കും ഇതിന്റെ ഉപയോഗത്തിനുള്ള പരിശീലനം ശില്‍പശാലകളിലൂടെ ലഭ്യമാക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തുടക്കമിട്ടിട്ടുണ്ട്. പരിശീലനം ലഭിച്ച അധ്യാപകരെ കോളേജുകളില്‍ പദ്ധതി നിര്‍വഹണത്തിനുള്ള സാങ്കേതിക വിദഗ്ദ്ധരായി ഉപയോഗിക്കുന്നതിനാവശ്യമായ നടപടിയുമുണ്ടാകും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍, പരീക്ഷാ വിഭാഗം എന്നിവരുടെയും കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും യോഗം വിളിച്ച് അഭിപ്രായ രൂപീകരണം നടത്തിയിട്ടുണ്ട്. അധ്യാപക വിദ്യാര്‍ത്ഥി പ്രതിനിധികളുടെയും അനധ്യാപക പ്രതിനിധികളുടേയും പ്രത്യേക യോഗങ്ങള്‍ ചേരുമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button