
തിരുവനന്തപുരം : കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച കോവിഡ് ധനസഹായത്തിന്റെ പരിധിയില്‍ പ്രവാസികളുടെ മക്കളെയും ഉള്‍പ്പെടുത്തണമെന്ന് പ്രവാസി വെല്‍ഫെയര്‍ ഫോറം. കോവിഡ് മൂലം രക്ഷിതാക്കളില്‍ ഒരാള്‍ മരണപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ധനസഹായം ലഭ്യമാക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാകണമെന്നും ഫോറം ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ചു കൊണ്ട് പ്രവാസി വെല്‍ഫെയര്‍ ഫോറം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
‘വിദേശത്ത് ജോലി ചെയ്യുന്ന രക്ഷിതാക്കള്‍ മരണപ്പെട്ടതോടെ പല കുടുബങ്ങളും തീര്‍ത്തും പ്രയാസത്തിലാണ്. ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി ഭീഷണി നേരിടുന്നവരും മക്കളുടെ വിദ്യഭ്യാസം പ്രയാസത്തിലായവരും നിരവധിയാണ്. മാതാപിതാക്കളില്‍ രണ്ട് പേരും മരണപ്പെട്ടാല്‍ മാത്രമെ സഹായ ധനം നല്‍കുകയുള്ളൂ എന്ന നിബന്ധന കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പിന്‍വലിക്കണം’, പ്രവാസി വെല്‍ഫെയര്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു
കോവിഡ് മൂലം മരണപ്പെട്ടവരുടെ ലിസ്റ്റ് സര്‍ക്കാര്‍ തയ്യാറാക്കുമ്പോൾ മരണപ്പെട്ട പ്രവാസികളുടെയും പേര് ഉള്‍പ്പെടുത്തണമെന്നും പ്രവാസി വെല്‍ഫെയര്‍ ഫോറം ആവശ്യപ്പെട്ടു.
Post Your Comments