07 July Wednesday

ഗ്രൂപ്പ്‌പോര്, ‌അഴിമതി; ആലപ്പുഴ ബിജെപിയിൽ കൂട്ടക്കൊഴിച്ചിൽ

സ്വന്തം ലേഖകർUpdated: Wednesday Jul 7, 2021

ആലപ്പുഴ > സംഘപരിവാർ രാഷ്‌ട്രീയം മടുത്ത ബിജെപി പ്രവർത്തകർ കൂട്ടമായി പാർട്ടിവിട്ട്‌ ഇടതുപക്ഷത്തേക്ക്‌‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനു പിന്നാലെ ജില്ലയിലെ ബിജെപിയിലുണ്ടായ പൊട്ടിത്തെറി ഇപ്പോൾ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്നതിലെത്തി.

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയോടെ പോര്‌ രൂക്ഷമായി. കൊടകര കുഴൽപ്പണക്കേസിൽ ജില്ല ട്രഷറർ കെ ജി കർത്ത ഉൾപ്പെട്ടതും പ്രവർത്തകരെ നിരാശരാക്കി. ഒരുകൂട്ടം നേതാക്കളുടെ താൽപര്യം മാത്രമാണ്‌ പാർടി പരിഗണിക്കുന്നതെന്ന്‌ പ്രവർത്തകർ ആരോപിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപി വിടുമെന്ന സൂചനയുണ്ട്‌‌.

സംഘപരിവാർ വിട്ടവരിൽ പ്രാദേശിക നേതൃനിരയും

ബിഎംഎസിൽ പന്ത്രണ്ടു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ആലപ്പുഴ തിരുമല വാർഡിലെ മനോഹരനും കുടുംബവും ബിജെപി വിട്ടു സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. ചേർത്തല നഗരസഭ എട്ടാം വാർഡിൽ സ്ഥാനാർഥിയായിരുന്ന ലതയും പാർടി വിട്ടു. മാന്നാറിൽ  കർഷകമോർച്ച  പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  കുരട്ടിക്കാട് കാർത്തികയിൽ മോഹനൻനായർ, അഞ്ചാം വാർഡ് ബിജെപി ബൂത്ത് പ്രസിഡന്റ്‌ നമ്പരവടക്കേതിൽ പ്രസന്നൻ നായർ, ആറാം വാർഡിൽ പ്രവർത്തകരായ പാലയ്‌ക്കൽ വീട്ടിൽ സതീഷ്, ഭാര്യ ശ്രീക്കുട്ടി, പുലിയൂർ പഞ്ചായത്തിൽ ഒന്നാംവാർഡിൽ ബിജെപി വാർഡ് പ്രസിഡന്റ്‌ മധുഭവനിൽ മധു, എട്ടാം വാർഡിൽ കരിപ്പാലത്തറയിൽ ഓമനക്കുട്ടൻ, ഭാര്യ സുമ, ചെന്നിത്തല പഞ്ചായത്ത് ഒരിപ്രം നാലാം വാർഡിൽ യുവമോർച്ച വൈസ് പ്രസിഡന്റ്‌ മുകേഷ്, മനോഷ് കുമാർ, കളരിക്കൽ ആർഎസ്എസിന്റെ മുഖ്യശിക്ഷക്‌ ആദർശ്, ബുധനൂരിൽ ഒബിസി മോർച്ച വൈസ് പ്രസിഡന്റ്‌  സുജിത്ത്, എണ്ണയ്‌ക്കാട് ഷിജിൻ എന്നിവരാണ് സിപിഐ എമ്മിനൊപ്പമെത്തിയത്‌.

ചാരുംമൂട്‌‌ 164 പേർ സിപിഐ എമ്മിനൊപ്പം

ചാരുംമൂട് 164 പേർ വിവിധ പാർട്ടികളിൽ നിന്ന് സിപിഐ എമ്മിനൊപ്പമെത്തി. നൂറനാട് വടക്ക്, പാലമേൽ, ചുനക്കര, വള്ളികുന്നം കിഴക്ക് എന്നിവിടങ്ങളിലാണ് മാറ്റം. നൂറനാട് വടക്ക് മേഖലയിൽ ആർഎസ്എസ് മുൻ മണ്ഡല കാര്യവാഹക് ബിനു പാറ്റൂർ, ഹിന്ദു ഐക്യവേദി പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ കണ്ണൻ ആറ്റുവ, ബിഎംഎസ് നൂറനാട് പഞ്ചായത്ത് കമ്മിറ്റിയംഗം അലക്‌സ്‌ആറ്റുവ, ബിജെപി മുൻ പഞ്ചായത്ത് കമ്മിറ്റിയംഗം ദിനേശൻ ചെറുമുഖ എന്നിവരും ഇക്കൂട്ടത്തിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top