
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ രാജിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലൂടെയാണ് പ്രശാന്ത് ഭൂഷണ്‍ മോദിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്നത്.
‘ആദ്യം ഡോക്ടര്‍ നരേന്ദ്ര മോദി ലോക്ക്ഡൗണും വാക്‌സിനകളെ സംബന്ധിച്ചുമുള്ള സകല കാര്യങ്ങളിലും എല്ലാ തീരുമാനങ്ങളുമെടുക്കും. അത് മാത്രമല്ല, റെക്കോര്‍ഡ് സമയത്തിനകം കോവിഡിനെ നിയന്ത്രണ വിധേയമാക്കിയതിലുളള ക്രെഡിറ്റുമെടുക്കും. റെക്കോര്‍ഡ് സമയത്തിനുളളില്‍ സൗജന്യമായി ജനത്തിന് വാക്‌സിന്‍ നല്‍കിയതിന് എല്ലാവരെക്കൊണ്ടും നന്ദി പറയിപ്പിക്കും. അതിന് ശേഷം ഡോ. ഹര്‍ഷവര്‍ധനെ പുറത്താക്കും. കടുത്ത അന്യായം മോദി ജീ കടുത്ത അന്യായം’ -പ്രശാന്ത് ഭൂഷണ്‍ ട്വിറ്റ് ചെയ്തു.
Read Also : ആഷസ് ടെസ്റ്റ്: ആദ്യ മത്സരം ഗാബയിൽ കൊടിയേറും
രണ്ടാം മോദി സര്‍ക്കാരിന്റെ പുനസംഘടനയുടെ ഭാഗമായി 11 കേന്ദ്രമന്ത്രിമാരാണ് രാജിവെച്ചത്. ആരോഗ്യമന്ത്രി ഹർഷവർധനും തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാറും ബാബുല്‍ സുപ്രിയോയും രാജിവച്ചു. ഇവര്‍ക്കു പുറമേ വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍, സദാനന്ദ ഗൗഡ, ദേബശ്രീ ചൗധരി, സഞ്ജയ് ധോത്രേ, രത്തന്‍ ലാല്‍ കഠാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ആരോഗ്യസഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ, റാവു സാഹിബ് ധന്‍വെ പാട്ടീല്‍ എന്നിവരും രാജിവെച്ചു.
അതേസമയം ഇന്ന് വൈകീട്ടോടെ 43 പേര്‍ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് വിവരം. ആറ് മണിക്കാണ് സത്യപ്രതിജ്ഞ. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പുനസംഘടനയില്‍ 28 പുതുമുഖങ്ങള്‍ ഇടം പിടിച്ചേക്കുമെന്നും 13 വനിതകളെങ്കിലും മന്ത്രിമാരായി അധികാരമേല്‍ക്കുമെന്നുമുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.
Post Your Comments