07 July Wednesday
ബ്രസീൽ 1 പെറു 0

ഒന്നടിച്ചു, 
ഒന്നാമനാകുമോ? ലക്ഷ്യം തുടർച്ചയായ രണ്ടാം കിരീടം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 7, 2021



റിയോ
കോപയിലെ കപ്പ്‌ നിലനിർത്താൻ ബ്രസീലിന്‌ ഇനി ഒരു ചുവടുകൂടി. സെമിയിൽ പെറുവിനെ ഒരു ഗോളിന്‌ കീഴടക്കിയായിരുന്നു ചാമ്പ്യൻമാരുടെ ഫൈനൽ പ്രവേശം. തോറ്റെങ്കിലും ബ്രസീലിന്റെ ദൗർബല്യങ്ങൾ വെളിപ്പെടുത്തിയാണ്‌ പെറു മടങ്ങിയത്‌. അവർക്കിന്‌ മൂന്നാംസ്ഥാനത്തിനായി മത്സരിക്കാം. ഞായറാഴ്‌ചയാണ്‌ ഫൈനൽ.

ലൂക്കാസ്‌ പക്വേറ്റ തൊടുത്ത ഗോളിലാണ്‌ ബ്രസീലിന്റെ മുന്നേറ്റം. കോപയിൽ 21–-ാം ഫൈനൽ. ക്വാർട്ടറിൽ ചിലിക്കെതിരെ നേരിട്ട അതേ പ്രശ്‌നങ്ങൾ ബ്രസീൽ സെമിയിൽ പെറുവിനെതിരെയും അനുഭവിച്ചു. നെയ്‌മർ–-പക്വേറ്റ സഖ്യമാണ്‌ ബ്രസീലിന്റെ പ്രതീക്ഷ. നെയ്‌മറുടെ ഒന്നാന്തരം പ്രകടനമാണ്‌ രണ്ട്‌ കളിയും ബ്രസീലിന്‌ അനുകൂലമാക്കിയത്‌. രണ്ട്‌ മത്സരത്തിലും ഗോളടിച്ചത്‌ പക്വേറ്റയും.

പെറുവിനെതിരെ നെയ്‌മർ താളത്തിൽ കളിച്ചു. പക്വേറ്റയ്‌ക്ക്‌ നൽകിയ പാസ്‌ മനോഹരമായിരുന്നു. തൊട്ടുമുമ്പ്‌ തകർപ്പൻ ഷോട്ട്‌ പായിച്ചപ്പോൾ പെറു ഗോൾ കീപ്പർ പെഡ്രോ ഗല്ലെസെ നെയ്‌മറെ തടഞ്ഞു. ആദ്യ 20 മിനിറ്റിൽ റിച്ചാർലിസണിന്റെയും കാസെമിറോയുടെയും ഷോട്ടുകളും ഗല്ലെസെ തടയുകയായിരുന്നു.ആദ്യപകുതിയിൽ ബ്രസീൽ സമ്പൂർണ ആധിപത്യം നേടി. ആദ്യ റൗണ്ടിൽ നാല്‌ ഗോളിന്‌ തോറ്റ പെറു ഗല്ലെസെയുടെ മികവിലാണ് സെമിയുടെ ആദ്യഘട്ടം പിടിച്ചുനിന്നത്‌.

ബ്രസീൽ പരിശീലകൻ ടിറ്റെ മധ്യനിരയിൽ ഒരാളെക്കൂടി അധികമുൾപ്പെടുത്തിയാണ്‌ കളത്തിലെത്തിയത്. റിച്ചാർലിസണെ ഏക സ്‌ട്രൈക്കറുമാക്കി. ഇതോടെ നെയ്‌മർ കൂടുതൽ സ്വതന്ത്രനായി. ആദ്യപകുതിയിൽ ആ ഗുണം നന്നായി ലഭിച്ചു. ഫൈനലിലും ടിറ്റെ ഈ രീതി പിന്തുടർന്നേക്കും. പെറുവിന്‌ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. ശക്തരായ എതിരാളിക്കെതിരെ പ്രതിരോധം കനപ്പിച്ച്‌ പരിശീലകൻ റിക്കാർഡോ ഗരേക ടീമിനെ ഇറക്കി. ഇറ്റാലിയൻ വംശജൻ ജിയാൻലൂക ലപാദുലയെ മാത്രം മുന്നിൽ നിർത്തി. മികവുറ്റ കളിക്കാരനായിരുന്ന ആന്ദ്രേ കാറില്ലോ സസ്‌പെൻഷൻ കാരണം പുറത്തിരുന്നതോടെ പെറുവിന്റെ വിഭവങ്ങൾ നിയന്ത്രിക്കപ്പെട്ടു.

പക്ഷേ, രണ്ടാംപകുതിയിൽ ഗരേക കളിമാറ്റി. റസിയേൽ ഗാർഷ്യയെ കളത്തിലിറക്കി ബ്രസീൽ പ്രതിരോധത്തെ വിറപ്പിച്ചു. പെറു ഉണർന്നു കളിച്ചതോടെ ബ്രസീലിന്റെ പ്രതിരോധം മലർക്കെ തുറന്നു. ലപാദുലയുടെ തകർപ്പനടി ഗോൾ കീപ്പർ എഡേഴ്‌സൺ തടയുകയായിരുന്നു.  തുടർന്നും അവർ ആക്രമിച്ചുകളിച്ചു. എഡേഴ്‌സന്റെയും പ്രതിരോധക്കാരൻ തിയാഗോ സിൽവയുടെയും പ്രകടനങ്ങൾ ബ്രസീലിനെ തുണച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top