
തിരുവനന്തപുരം : വർക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച ആചാര്യനായിരുന്നു അദ്ദേഹമെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. ശിവഗിരിയെ ഗുരുധർമ്മത്തിൽ നിന്നും വ്യതിചലിക്കാതെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടു പോയ മഹാവ്യക്തിത്വമായിരുന്നു സ്വാമി പ്രകാശാനന്ദ എന്ന് സുരേന്ദ്രൻ പറഞ്ഞു.
‘ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച ആചാര്യനായിരുന്നു അദ്ദേഹം. സനാതന ധർമ്മത്തെ കുറിച്ച് ആഴത്തിലും പരപ്പിലും അറിവുണ്ടായിരുന്ന ജ്ഞാനിയുടെ വിടവാങ്ങൽ ഭാരതത്തിന് തീരാനഷ്ടമാണ്. ശിവഗിരിയെ ഗുരുധർമ്മത്തിൽ നിന്നും വ്യതിചലിക്കാതെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടു പോയ മഹാവ്യക്തിത്വമായിരുന്നു സ്വാമി പ്രകാശാനന്ദ. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്ന അദ്ദേഹം എന്നും സാമൂഹിക പ്രതിബദ്ധത മുറുകെ പിടിച്ച ആത്മീയാചാര്യൻ കൂടിയായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മാവ് ശ്രീനാരായണ പാദങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു. സ്വാമിയുടെ ദേഹവിയോഗത്തിൽ ശിവഗിരി ആശ്രമത്തിൻ്റെയും മുഴുവൻ ശ്രീനാരായണീയരുടേയും ദുഖത്തിൽ പങ്കുചേരുന്നു’- സുരേന്ദ്രൻ പറഞ്ഞു.
Also Read:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6,100 അപ്രന്‍റീസുകൾ : ഇപ്പോൾ അപേക്ഷിക്കാം
ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്നു അദ്ദേഹം. വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം പുറവന്തൂര്‍ സ്വദേശിയാണ് സ്വാമി പ്രകാശാനന്ദ. കുമാരന്‍ എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. സ്വാമി പ്രകാശാനന്ദ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുൻ നിരയിലുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് രാവിലെ മരണം സംഭവിച്ചത്. വൈകിട്ട് അഞ്ചിന് ശിവഗിരിയില്‍ അദ്ദേഹത്തെ സമാധിയിരുത്തും.
Post Your Comments