അമ്പത് വയസ്സിനുമുകളിലുള്ള ആ സ്‌ത്രീ എന്നെ സമീപിച്ചത് ആകെ തളർന്ന മാനസികാവസ്ഥയിലാണ്. ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളാണ് അവരെ തളർത്തിക്കളഞ്ഞത്. മകൾ വിവാഹിത. മകൻ മറ്റൊരിടത്ത് ജോലി ചെയ്യുന്നു. വിവാഹത്തിനുശേഷം കുടുംബമല്ലാതെ മറ്റൊന്നും തന്റെ മനസ്സിലുണ്ടായിട്ടില്ലെന്നും ഇനിയെന്തു ചെയ്യുമെന്നറിയില്ലെന്നും അവർ വിങ്ങിപ്പൊട്ടി. ഭർത്താവിനൊരു പ്രശ്‌നവും വരാതെ എങ്ങനെ വിഷയം പരിഹരിക്കാനാകുമെന്നാണ് അവർ ചോദിച്ചത്. നല്ല ഭക്ഷണം കഴിക്കാനും വസ്‌ത്രം അലക്കാനും എല്ലാം അയാൾ തന്റെയടുത്തുതന്നെ വരുമെന്ന് അവർ പറഞ്ഞുകൊണ്ടേയിരുന്നു. ജീവിക്കാൻ മറന്നുപോയ ആ സ്‌ത്രീയോട് സംസാരിക്കുമ്പോൾ മാനസികമായ അടിമത്തം എത്ര ഭയാനകമാണെന്ന് തിരിച്ചറിയുകയായിരുന്നു.
കഴിഞ്ഞ ദിവസം വന്ന ഒരു ഫോൺകോളും സമാനമായിരുന്നു. സർവീസിൽനിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥയായിരുന്നു. അഭിഭാഷകനായ ഭർത്താവിന്റെ അതിക്രമങ്ങൾക്ക് വർഷങ്ങളായി ഇരയാകുന്ന സ്‌ത്രീ. ഉപേക്ഷിച്ചുകൂടെ ഈ ബന്ധം, ഇനിയും സഹിക്കണോ ഈ പീഡനം എന്ന ചോദ്യത്തിന് രണ്ട് പെൺമക്കളാണ്, ഞാൻ വിവാഹമോചിതയായാൽ അവരുടെ വിവാഹം എങ്ങനെ നടക്കുമെന്ന മറുചോദ്യം. സമൂഹത്തെ ഭയന്ന്, ദുരഭിമാനബോധംകൊണ്ട് എത്രയെത്ര സ്‌ത്രീജീവിതങ്ങളാണ് നമുക്കു ചുറ്റും ഇങ്ങനെ എരിഞ്ഞുതീരുന്നത്.
പുരുഷാധിപത്യമൂല്യങ്ങൾ ഇപ്പോഴും ശക്തമാണ് നമ്മുടെ സമൂഹത്തിൽ. തീർച്ചയായും കേരളം സ്‌ത്രീ ലിംഗപദവിയുടെ കാര്യത്തിൽ ഇന്ത്യയിലെ ഇതര പ്രദേശങ്ങളേക്കാൾ ഏറെ മുന്നിലാണ്. എന്നാൽ, തൊഴിൽ രംഗത്തോ രാഷ്‌ട്രീയ‐സാമൂഹ്യ രംഗത്തോ ഇതിനനുസൃതമായ പ്രാതിനിധ്യം കേരളത്തിലും സ്‌ത്രീകൾക്കില്ല. ഇത് വ്യക്തമാക്കുന്നത് സ്‌ത്രീയുടെ സ്ഥാനം വീടിനകത്താണെന്ന പൊതുബോധം അത്രമേൽ ശക്തമാണെന്നതാണ്. ആചാര സംരക്ഷണവും യാഥാസ്ഥിതിക ആശയങ്ങളും ശക്തിപ്രാപിക്കുകകൂടി ചെയ്യുമ്പോൾ സ്വതന്ത്രയായ സ്‌ത്രീ, കുടുംബത്തിലെ ജനാധിപത്യം തുടങ്ങിയ കാഴ്‌ചപ്പാടുകൾ പിന്തള്ളപ്പെടുന്നു. ഭരണഘടന ഉറപ്പുനൽകുന്ന തുല്യത നിലവിലുള്ള സദാചാര സങ്കൽപ്പങ്ങൾക്കനുസൃതമായി വ്യാഖ്യാനിക്കപ്പെടുന്നു. നീതിന്യായ വ്യവസ്ഥയിൽപ്പോലും സ്‌ത്രീവിരുദ്ധത പ്രകടമാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് സ്‌ത്രീപക്ഷ കേരളത്തിനായുള്ള വിപുലമായ ക്യാമ്പയിൻ അനിവാര്യമാകുന്നത്. സർക്കാരും സാമൂഹ്യ‐രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുമെല്ലാം ഒരുമിച്ച് ഏറ്റെടുക്കേണ്ട മുദ്രാവാക്യമാണിത്. സ്‌ത്രീയോടുള്ള സാമൂഹ്യമനോഭാവത്തിൽ മാറ്റം വരുത്താനുള്ള ഇടപെടലുകൾ നിരന്തരമായി തുടർന്നേ മതിയാകൂ. അതോടൊപ്പംതന്നെ പ്രധാനമാണ് നിലവിലുള്ള സ്‌ത്രീ സംരക്ഷണ നിയമങ്ങളുടെ ആനുകൂല്യങ്ങൾ സ്‌ത്രീകൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തൽ. എവിടെയാണ് പരാതിപ്പെടേണ്ടത്, എങ്ങനെയാണ് പരാതിപ്പെടേണ്ടത് എന്നൊന്നും അറിയാത്തവരാണ് വലിയൊരു വിഭാഗം സ്‌ത്രീകൾ. അറിയാമെങ്കിലും ഭയംകൊണ്ട് പിൻവലിയുന്നവരും ഏറെ. ഇവിടെയാണ് ജാഗ്രതാസമിതികളുടെ പ്രസക്തി.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ വരുന്ന ജാഗ്രതാ സമിതികൾക്ക് ഏറ്റവും അടിത്തട്ടിൽ ഇടപെടാൻ സാധിക്കും, അതുവഴി തുല്യനീതി ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ അർഥപൂർണമാക്കാനും. അതിക്രമങ്ങൾ ഉണ്ടായതിനുശേഷം മാത്രമല്ല, അവ തടയുന്നതിലും മുഖ്യപങ്കുഹിക്കാൻ കഴിയുമെന്നതാണ് ഇവയെ കൂടുതൽ പ്രസക്തമാക്കുന്നത്. വനിതാ കമീഷൻ സംസ്ഥാന തലത്തിൽ നടത്തുന്ന ഇടപെടലുകൾ ഏറ്റവും താഴെത്തട്ടിൽ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ജാഗ്രതാ സമിതികൾക്ക് രൂപം കൊടുത്തത്. 1996 ലാണ് സംസ്ഥാന വനിതാ കമീഷൻ നിലവിൽ വന്നത്. 1997ൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ തീരുമാനമുണ്ടായി. നിർഭാഗ്യമെന്നു പറയട്ടെ, അപൂർവം ചില സ്ഥലങ്ങളിലൊഴിച്ച് എവിടെയും ഇവയെ ഫലപ്രദമായി ചലിപ്പിക്കാനുള്ള ശ്രമം ഉണ്ടായില്ല. ഏട്ടിലെ പശുമാത്രമായി തുടരുകയാണ് ജാഗ്രതാ സമിതികൾ.
വനിതാ കമീഷന് എന്തൊക്കെയാണോ അധികാരങ്ങൾ ഉള്ളത്. ഏതാണ്ട് അവയൊക്കെ ജാഗ്രതാസമിതികൾക്കുമുണ്ട്. സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ, വിവേചനങ്ങൾ എന്നിവ നേരിടുന്നതിനും അവരുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും അവ പരിഹരിക്കുന്നതിനാവശ്യമായ ഉപദേശങ്ങൾ ജില്ലാ ‐പ്രാദേശിക തലങ്ങളിൽ നൽകുന്നതിനുമുള്ള സംവിധാനമാണ് ജാഗ്രതാ സമിതികൾ. സ്‌ത്രീകൾ, കുട്ടികൾ, ഭിന്നലിംഗക്കാർ തുടങ്ങിയ വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാനും ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും അവയ്‌ക്ക് സാധിക്കും. പഞ്ചായത്ത്‐മുനിസിപ്പൽ‐കോർപറേഷൻ തലത്തിലും അതിനു താഴെ വാർഡ്/ഡിവിഷൻ തലത്തിലുമാണ് ഇവ പ്രവർത്തിക്കുന്നത്. ജില്ലാതലത്തിൽ ഇവയെ ഏകോപിപ്പിക്കാനുള്ള സംവിധാനവും നിർദേശിക്കപ്പെട്ടിട്ടുണ്ട്. 2007ലെ സർക്കാർ ഉത്തരവ് വഴി ജാഗ്രതാസമിതികളുടെ ലക്ഷ്യം കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഉത്തരവിൽ പറയുന്ന പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:
(1) സ്‌ത്രീകളുടെയും കുട്ടികളുടെയും അന്തസ്സും അഭിമാനവും സുരക്ഷിതത്വവും ഉറപ്പാക്കുക.
(2) സ്‌ത്രീകളും കുട്ടികളും കക്ഷികളായിട്ടുള്ള ഏതു പരാതിയും സ്വീകരിക്കുക, പരിഹാരമുണ്ടാക്കുക.
(3) അതിക്രമങ്ങളും പീഡനങ്ങളും തടയാനാവശ്യമായ ഇടപെടൽ നടത്തുക.
(4) അത്തരം സംഭവങ്ങൾ ഉണ്ടായാൽ ഇരകളാക്കപ്പെടുന്നവർക്ക് എല്ലാ സംരക്ഷണവും സഹായവും പിന്തുണയും നൽകുക.
(5) ലക്ഷ്യപ്രാപ്‌തിക്കായി ജനകീയ സംവിധാനങ്ങൾ ഉപയോഗിക്കുക.
കൃത്യമായ ഘടനയും ജാഗ്രതാസമിതിക്ക് നിർദേശിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന വനിതാ കമീഷന്റെ കീഴിലാണ് ജാഗ്രതാ സമിതി. അതിനു താഴെ ജില്ലാ ജാഗ്രതാ സമിതികളും അതിനുംതാഴെ പഞ്ചായത്ത്‐മുനിസിപ്പൽ കോർപറേഷൻതല ജാഗ്രതാ സമിതികളും. ഇവയുടെയും കീഴിലാണ് ഏറ്റവും അടിത്തട്ടിലുള്ള വാർഡ് ജാഗ്രതാ സമിതി. പഞ്ചായത്ത് പ്രസിഡന്റ്/ മുനിസിപ്പൽ ചെയർപേഴ്‌സൻ അധ്യക്ഷയായിട്ടുള്ള ജാഗ്രതാ സമിതിയുടെ കൺവീനർ ഐസിഡിഎസ് സൂപ്പർവൈസർ ആയിരിക്കും. ഒമ്പതംഗ ജാഗ്രതാ സമിതിയാണ് പഞ്ചായത്തുതലത്തിലും വാർഡുകളിലും ഉണ്ടാകേണ്ടത്. മുനിസിപ്പൽ തലത്തിൽ 11 പേരാണ് അംഗങ്ങൾ. ഇവയിൽ പകുതിയിലേറെ സ്‌ത്രീകളായിരിക്കണം. കൃത്യമായ മാനദണ്ഡവും അംഗങ്ങളെ നിശ്‌ചയിക്കുന്നതിന് നിർദേശിച്ചിട്ടുണ്ട്. വക്കീൽ/ ഡോക്ടർ/ ആരോഗ്യപ്രവർത്തക, എസ്‌സി/എസ്‌ടി വിഭാഗത്തിൽ നിന്നുള്ളവർ, സാമൂഹ്യപ്രവർത്തക–- ഇവരെല്ലാം അതിലുൾപ്പെടുന്നു. സഹായ സമിതികളും ഉണ്ടാക്കാം.
ഇത്രയും ശക്തവും ഫലപ്രദവുമായൊരു സംവിധാനത്തെ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ലെന്നത് കുറ്റകരമായ വീഴ്‌ച തന്നെയാണ്. സ്‌ത്രീ സുരക്ഷയ്‌ക്ക്, സ്‌ത്രീപക്ഷ കേരളത്തിന് ഊന്നൽ നൽകുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാർ ഇവയെ ചലിപ്പിക്കാനും ആ പ്രവർത്തനം മോണിറ്റർ ചെയ്യാനുമുള്ള ഫലപ്രദമായ ഇടപെടൽ തീർച്ചയായും നടത്തുമെന്ന് പ്രതീക്ഷിക്കാം. ഒപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളും അതിന് തയ്യാറാകണം. അതിനാവശ്യമായ സാമൂഹ്യസമ്മർദം ഉയർത്തിക്കൊണ്ടുവരാൻ മഹിളാ–-യുവജന പ്രസ്ഥാനങ്ങൾക്കും സാധ്യമാകണം.
(കണ്ണൂർ കോർപറേഷൻ കൗൺസിലറും
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അസിസ്‌റ്റന്റ് സെക്രട്ടറിയുമാണ് ലേഖിക)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..