
തിരുവനന്തപുരം: മരംമുറി കേസിൽ വിവരാവകാശ നിയമപ്രകാരം ഫയൽ കൊടുത്തതിന് ഉദ്യോഗസ്ഥർക്കെതിരെ പ്രതികാര നടപടിയുമായി സർക്കാർ. സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥാനമാറ്റം നൽകിയാണ് സർക്കാരിന്റെ പ്രതികാരം. റവന്യൂ അഡീഷണൽ സെക്രട്ടറി ഗിരിജ കുമാരി, സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനറും സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റുമായ ജെ. ബിൻസി എന്നിവർ അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
Read Also: മോദി 2.0 പുതിയമുഖം: 6 ഡോക്ടർമാരും 13 അഭിഭാഷകരും: മോദി മന്ത്രിസഭയുടെ സവിശേഷതകൾ
റവന്യൂ അഡീഷണൽ സെക്രട്ടറി ഗിരിജ കുമാരിയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് സ്ഥാനമാറ്റം നൽകിയത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡിഷണൽ സെക്രട്ടറിയായിരുന്ന ആർ. താരാദേവിയെ റവന്യൂ അഡീഷണൽ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി. മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്ന് ഫയലിൽ രേഖപ്പെടുത്തിയത് ഗിരിജാ കുമാരിയായിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ എടുക്കുന്ന നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് ഗിരിജാ കുമാരി നോട്ടെഴുതിയിരുന്നു.
വിവാദ മരംമുറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ നോട്ടീസ് ഇറക്കുകയും ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിക്കുകയും ചെയ്ത ഉദ്യോഗസ്ഥയാണ് ബിൻസി. സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ കൺവീനറും സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റുമായ ബിൻസിയെ കാർഷിക കടാശ്വാസ കമ്മീഷനിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശ വകുപ്പിലേക്ക് മാറ്റി. അതേസമയം അണ്ടർ സെക്രട്ടറി ശാലിനിയോട് കഴിഞ്ഞ ദിവസം സർക്കാർ അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു.
Post Your Comments