07 July Wednesday

"പൂഞ്ഞാർ ആശാനെ' ഹാക്ക്‌ ചെയ്‌തു; ഒന്നല്ല രണ്ടുവട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 7, 2021


കോട്ടയം> ഹാക്കർമാരുടെ പിടിയിൽ ഇത്തവണ പെട്ടത്‌ "പൂഞ്ഞാർ ആശാൻ'. കേരള ജനപക്ഷം അധ്യക്ഷൻ പി സി ജോർജിനെ പിന്തുണയ്‌ക്കുന്നവർ നിയന്ത്രിക്കുന്ന "പൂഞ്ഞാർ ആശാൻ പി സി ജോർജ്‌ ' എന്ന ഫേസ്‌ബുക്ക്‌ പേജാണ്‌ ഹാക്ക്‌ ചെയ്യപ്പെട്ടത്‌.

അശ്ലീല ചുവയുള്ള വീഡിയോയാണ്‌ ഹാക്കർമാർ പേജിൽ പോസ്‌റ്റ്‌  ചെയ്‌തത്‌. ഹാക്കർമാരുടെ കൈയിൽനിന്നും പേജ്‌ തിരികെ പിടിച്ചെങ്കിലും മണിക്കൂറുകൾക്കകം വീണ്ടും ഹാക്ക്‌ ചെയ്‌ത്‌ അവർ ജോർജിനെ വട്ടംചുറ്റിച്ചു.

തിങ്കളാഴ്‌ച രാത്രിയാണ്‌ " പൂഞ്ഞാർ ആശാൻ ' ജനപക്ഷക്കാരുടെ കൈയിൽനിന്ന്‌ പോയത്‌. അൽപം അശ്ലീലച്ചുവയുള്ള പോസ്‌റ്റും അതിൽ വന്നു. സംഗതി പി സിയുടെ കൈതട്ടി അബദ്ധത്തിൽ വന്നതാണെന്നും മറ്റുമുള്ള പരിഹാസ കമന്റുകൾ പെരുകിയതോടെ പി സിക്ക്‌ പ്രതികരിക്കേണ്ടി വന്നു. പേജ്‌ ഹാക്ക്‌ ചെയ്യപ്പെട്ടെന്ന്‌ സമ്മതിച്ച പി സി ജോർജ്‌ ഇതിനു പിന്നിലുള്ളവർ ചെവിയിൽ നുള്ളിക്കോളാൻ സ്വന്തം പേജിലൂടെ താക്കീതും നൽകി.

ജോർജിന്റെ പോസ്‌റ്റിലെ അസഭ്യ പ്രയോഗം കണ്ട്‌, അതും ഹാക്കർമാരുടെ പണിയാണോ എന്ന്‌ ചിലർ സംശയിച്ചു. ഒടുവിൽ കോട്ടയത്ത്‌  വാർത്താസമ്മേളനം വിളിച്ച്‌ ജോർജിന്‌ കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നു.

ചൊവ്വാഴ്‌ച പകൽ രണ്ടോടെ പേജ്‌ തിരിച്ചുവന്നതായി പേജിൽ തന്നെ അറിയിപ്പ്‌ വന്നു. മലയാളികളായ ഹാക്കർമാരെ ഉപയോഗിച്ച്‌ " മറുപണി കൊടുത്തെ 'ന്നായിരുന്നു പേജ്‌ അഡ്‌മിൻമാരുടെ വാദം. പേജ്‌ ഹാക്ക്‌ ചെയ്‌തതിനെതിരെ പൊലീസിൽ പരാതി നൽകിയതായി പി സി ജോർജും അറിയിച്ചു. ഇതിനു പിന്നാലെയാണ്‌ വീണ്ടും ഹാക്ക്‌ ചെയ്‌ത്‌ പുതിയ വീഡിയോ പോസ്‌റ്റ്‌ ചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top