
ശ്രീനഗര്‍ : വടക്കൻ കാശ്‌മീരിൽ സുരക്ഷാ സേനയുമായി ഇന്ന് പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൾ കമാൻഡർ മെഹ്‌റാജിൻ ഹൽവായ് ഹിസ്ബുള്‍ മുജാഹിദീന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായിരുന്നുവെന്ന് റിപ്പോർട്ട്. ഹിസ്ബുൾ മേധാവി സയ്യിദ് സലാഹുദ്ദീന്റെ വലംകൈ ആയിരുന്നു ഇയാൾ. സലാഹുദ്ദീന്റെ നിർദേശപ്രകാരം കശ്മീരിൽ ആക്രമണങ്ങൾ അഴിച്ചുവിടുകയും കശ്മീരികളെ കൊന്നൊടുക്കുകയും ചെയ്‌തിരുന്ന തീവ്രവാദി ആണ് ഇയാളെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബുധനാഴ്ച പുലര്‍ച്ചെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഹിസ്ബുള്‍ മുജാഹിദീന്റെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ ഹല്‍വായ് എന്ന ഉബൈദ് ആണ് കൊല്ലപ്പെട്ടത്. നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഭീകരനെ വധിക്കാൻ കഴിഞ്ഞത് വലിയൊരു വിജയമാണെന്ന് കാഷ്മീര്‍ ഐജിപി ട്വീറ്റ് ചെയ്തു. സംഭവത്തെകുറിച്ച് പോലീസ് പറയുന്നതിങ്ങനെ;
ചൊവ്വാഴ്ച, കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള പതിവ് വാഹന പരിശോധനയ്ക്കിടെ ഒരു കാൽനടയാത്രികൻ വളരെ സംശയാസ്പദമായ രീതിയിൽ പെരുമാറി. തുടർന്ന് ഇയാളെ പിടികൂടി വിശദമായി പരിശോധിച്ചപ്പോൾ ഇയാളിൽ നിന്നും ഒരു ഗ്രനേഡ് കണ്ടെടുത്തു. ഇതോടെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇയാളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ, തീവ്രവാദ സംഘടനയായ എച്ച്‌എമ്മിന്റെ തീവ്രവാദ കമാൻഡറായ മെഹ്‌റാജിൻ ഹൽവായ് ആണ് താനെന്നു ഇയാൾ കുറ്റസമ്മതം നടത്തി.
തന്റെ ആയുധങ്ങളും വെടിക്കോപ്പുകളും ഒളിപ്പിച്ച് വെച്ചിരുന്ന സ്ഥലവും ഇയാൾ വെളിപ്പെടുത്തി. ഇയാളെയും കൊണ്ട് സുരക്ഷാ സേന ഒളിത്താവളത്തിലെത്തി. അപ്രതീക്ഷിതമായി ഇയാൾ ഒളിപ്പിച്ച് വെച്ചിരുന്ന എ.കെ 47 റൈഫിൾ എടുത്ത് സേനയ്ക്ക് നേരെ വെടിയുതിർത്തു. സേനയും തിരിച്ച് വെടിവെച്ചു. ഇതോടെ, ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ നീണ്ടു. വെടിവയ്പിൽ തീവ്രവാദി കൊല്ലപ്പെട്ടു. ഒരു എ.കെ 47, നാല് മാഗസിനുകൾ, പവർ ബാങ്ക്, പുതപ്പ്, മരുന്നുകൾ എന്നിവ കൂടാതെ ആയുധങ്ങൾ, വെടിമരുന്ന് എന്നിവയും ഇവരുടെ ഒളിത്താവളത്തിൽ നിന്നും കണ്ടെടുത്തു.
Also Read:രാഹുല്‍ ഗാന്ധി തൈര് ഉണ്ടാക്കിയ യൂട്യൂബ് ചാനലിന് ഒരു കോടി വരിക്കാര്‍, യൂട്യൂബിന്റെ ബഹുമതിയെത്തി
2012 മുതൽ തീവ്രവാദി ഗ്രൂപ്പുകളിൽ സജീവമായിരുന്ന ഇയാൾ ഉത്തര കശ്മീരിലെ നിരവധി കൊലപാതകങ്ങളിൽ പങ്കാളിയായിരുന്നു. പോലീസിനും സൈനികർക്കുമെതിരെ ഒരു നീണ്ട ഭീകര കുറ്റകൃത്യ ചരിത്രം തന്നെയായിരുന്നു ഇയാൾക്കുണ്ടായിരുന്നത്. ഹോട്ടൽ ഹീമൽ ശ്രീനഗർ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
മറ്റ് തീവ്രവാദികളുമായി ആശയവിനിമയം നടത്താനും വിവിധ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമുള്ള ആധുനിക ആശയവിനിമയ മാർഗങ്ങളെക്കുറിച്ച് ഇയാൾക്ക് നല്ല പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു. തീവ്രവാദ റാങ്കുകളിലേക്ക് യുവാക്കളെ പ്രേരിപ്പിക്കുന്നതിലും റിക്രൂട്ട് ചെയ്യുന്നതിലും ഇദ്ദേഹം പ്രധാന പങ്കുവഹിച്ചുവെന്നും തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇയാൾ ഫണ്ട് സ്വരൂപിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
Post Your Comments