07 July Wednesday

സ്വാമി പ്രകാശാനന്ദ ശിവഗിരി മഠത്തിന്റെ യശസും മതേതര പാരമ്പര്യവും ഉയര്‍ത്തി പിടിച്ച സന്യാസി ശ്രേഷ്‌ഠൻ: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 7, 2021

തിരുവനന്തപുരം > മതാതീത ആത്മീയ കേന്ദ്രമായ ശിവഗിരി മഠത്തിന്റെ യശസും മതേതര പാരമ്പര്യവും ഒരേ പോലെ ഉയര്‍ത്തി പിടിച്ച സന്യാസി ശ്രേഷ്‌ഠനായിരുന്നു സ്വാമി പ്രകാശാനന്ദ എന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. എല്ലാ മതങ്ങളെയും സമഭാവനയോടെ കാണാനും, എല്ലാ മതങ്ങളിലെ നന്‍മകളെ സ്വാശീകരിക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു. ഗുരുദേവന്റെ ദര്‍ശനങ്ങളെ ജീവിതത്തില്‍ പ്രാവര്‍ത്തകമാക്കാനും, അത്‌ പ്രചരിപ്പിക്കാനും സ്വാമി പ്രകാശാനന്ദ ബദ്ധ ശ്രദ്ധനായിരുന്നു.

അധ്യാത്മിക ചൈതന്യം മുറുകെ പിടിക്കുമ്പോഴും എല്ലാ വിഭാഗം ജനങ്ങളോടും സമഭാവനയോടെ പെരുമാറാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. പണ്‌ഢിത സമാനമായ ജീവിതം നയിച്ചിരുന്ന പ്രകാശനന്ദ തന്റെ ലളിതജീവിതം കൊണ്ടും, ജീവിത വിശുദ്ധി കൊണ്ടും സന്യാസ ലോകത്ത്‌ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ ശ്രേഷ്‌ഠനാണ്‌. ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ കൈപ്പിടിയിലൊത്തുക്കാനുളള വര്‍ഗ്ഗീയ ശക്തികളുടെ എല്ലാത്തരം നീക്കത്തെയും എന്നും ചെറുത്ത്‌ തോല്‍പ്പിക്കാന്‍ സ്വാമി പ്രകാശാനന്ദ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഹൈന്ദവ സംസ്‌കാരത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന ഏത്‌ തരം പിന്തിരിപ്പന്‍ നീക്കത്തേയും അദ്ദേഹം നഖശിഖാന്തം എതിര്‍ത്തിരുന്നു. ശ്രീനാരായണീയ ധര്‍മ്മ സംഘം പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹം നല്‍കിയ സംഭാവന നിസ്‌തൂലമാണ്‌.

നിസ്വാര്‍ത്ഥവും സമര്‍പ്പിതമായ ആത്മീയ വ്യക്തിത്വമായിരുന്നു സ്വാമി പ്രകാശനന്ദയുടെത്‌. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമാണികനായ സന്ന്യാസി ശ്രേഷ്‌ഠനായിട്ടാണ്‌ സ്വാമി പ്രകാശനന്ദ വിലയിരുത്തപ്പെടുത്തന്‌. ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന ദര്‍ശനത്തിന്റെ തുടര്‍ച്ച ഏറ്റെടുത്ത്‌ മുന്നേറിയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളോട്‌ സ്വാമി പ്രകാശനന്ദക്ക്‌ പ്രത്യേക മമതയുണ്ടായിരുന്നു. മതേതര ചിന്തകളെ എന്നും മുറുകെ പിടിച്ചിരുന്ന സ്വാമി പ്രകാശാനന്ദയുടെ വിയോഗം ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ക്ക്‌ മാത്രമല്ല പുരോഗമന സമൂഹത്തിനും തീരാ നഷ്ടമാണ്‌. സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top