07 July Wednesday

ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാര്‍ഷികം 9 മുതൽ; വെബിനാറുകള്‍ക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 7, 2021

തിരുവനന്തപുരം > കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയെട്ടാം സംസ്ഥാന വാര്‍ഷികം ജൂലൈ 9 മുതല്‍ 11 വരെ തീയതികളില്‍ നടക്കും. വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വെബിനാറുകള്‍ ആരംഭിച്ചു. ജ്ഞാനസമൂഹ സൃഷ്ടിയും മാതൃഭാഷയിലുള്ള വിദ്യാഭ്യാസവും എന്ന വിഷയത്തിലുള്ള വെബിനാര്‍ കെ സേതുരാമന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്‌തു. ഡോ. കെ പി അരവിന്ദന്‍, ഡോ. കെ എന്‍ ഗണേഷ് എന്നിവര്‍ വിഷയമവതരിപ്പിച്ചു.

സാക്ഷര കേരളത്തിന്റെ ജന്റര്‍ വര്‍ത്തമാനം എന്ന വെബിനാര്‍ ഡോ. അനുപമ ഐഎഎസ് ഉദ്ഘാടനം ചെയ്‌തു. ഡോ. വീണ വിഷയമവതരിപ്പിക്കും. കെ കെ ഷാഹിന, ആനി ശിവ, ഡോ. ടി ഗീനാകുമാരി, അരുണ്‍ ഗീത വിശ്വനാഥന്‍, കെ രാംനാഥ് എന്നിവര്‍ സംസാരിച്ചു.

8 ന് പരിസ്ഥിതി സംവാദങ്ങള്‍ക്ക് അമ്പതാണ്ട് എന്ന വിഷയത്തില്‍ നടക്കുന്ന വെബിനാറില്‍ ഡോ. ടി എം തോമസ് ഐസക്, ഡോ. സി ടി എസ് നായര്‍, പ്രൊഫ. എം കെ പ്രസാദ്, യു കെ ഗോപാലന്‍, പ്രൊഫ. പി കെ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ പാട്ടും പറച്ചിലും കലാസാംസ്‌കാരിക സംഗമം നടക്കും. പരിഷത്തിന്റെ ആദ്യ കലാജാഥയില്‍ പങ്കെടുത്തവരുള്‍പ്പെടെ കലാസാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. സൂം മീറ്റിലാണ് എല്ലാ വെബിനാറുകളും നടക്കുക. തത്സമയം ഫേസ് ബുക്കിലും ലൈവായി കാണാന്‍ കഴിയും.

അമ്പത്തിയെട്ടാം സംസ്ഥാന വാര്‍ഷികം ജൂലൈ ഒമ്പതിന് പ്രശസ്‌ത വൈറോളജിസ്റ്റും ഹരിയാന അശോക യൂനിവേഴ്‌സിറ്റിയിലെ ത്രിവേദി സ്‌കൂള്‍ ഓഫ് ബയോസയന്‍സ് ഡയറക്‌ടറുമായ ഡോ. ഷാഹിദ് ജമീല്‍ ഉദ്‌ഘാടനംചെയ്യും. ഓണ്‍ലൈനില്‍ നടക്കുന്ന സമ്മേളനത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി നാനൂറ്റമ്പതോളം പ്രതിനിധികള്‍ പങ്കെടുക്കും. അതോടൊപ്പം യുഎഇ ഫ്രണ്ട്‌സ് ഓഫ് കെഎസ്എസ്‌പി, ഓള്‍ ഇന്ത്യ പീപ്പിള്‍സ് സയന്‍സ് നെറ്റ് വര്‍ക്ക്, ഭാരത് ഗ്യാന്‍ വിഗ്യാന്‍ സമിതി എന്നീ സുഹൃത് സംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

 11- ന് നടക്കുന്ന പി ടി ഭാസ്‌കര പണിക്കര്‍ സ്‌മാരക പ്രഭാഷണം ഡോ. തോമസ് ഐസക് നിര്‍വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി വൈറസും മാനവരാശിയുടെ ഭാവിയും എന്ന വിഷയത്തെക്കുറിച്ചു പ്രത്യേക സുവനീര്‍ തയ്യാറാക്കുന്നുണ്ട്. സംസ്ഥാന വാര്‍ഷികത്തിനുമുന്നോടിയായുള്ള 1314 യൂണിറ്റ് വാര്‍ഷികങ്ങള്‍, 140 മേഖല വാര്‍ഷികങ്ങള്‍, 14 ജില്ലാ വാര്‍ഷികങ്ങള്‍ എന്നിവ ഇതിനകം പൂര്‍ത്തിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top